ഭരണപക്ഷത്തെ സഭയിൽ വെള്ളം കുടിപ്പിച്ച് മാത്യു കുഴൽനാടൻ; കരുവന്നൂർ തട്ടിപ്പിലെ ഇഡി റിമാന്റ് റിപ്പോർട്ട് സഭയിൽ വായിച്ചതോടെ കലിയിളകി ഭരണപക്ഷ എംഎൽഎമാർ; മൈക്ക് ഓഫ് ചെയ്തു സ്പീക്കർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ സിപിഎം അംഗങ്ങളുടെ ഒന്നാം നമ്പർ ശത്രുവായി മാറിയിരിക്കയാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം സഭയിൽ ഉയർത്തിയപ്പോൾ മുതൽ തന്നെ മാത്യു നോട്ടപ്പുള്ളി ആയിരുന്നു. സഭയിൽ മാത്യു എഴുനേൽക്കുമ്പോൾ തന്നെ ഭരണപക്ഷം ഭയക്കുന്ന അവസ്ഥയാണ് കുറച്ചു ദിവസമായി സംഭവിക്കുന്നത്. ഇന്ന് സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയും മാത്യുവിനെ നേരെ ഭരണപക്ഷത്തിന്റെ രോഷപ്രകടനം ഉണ്ടായി.
സിപിഎം എംഎൽഎ എ സി മൊയ്തീൻ അടക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിനെ കുറിച്ചു പരാമർശിച്ചു സംസാരിച്ചതാണ് ഭരണപക്ഷത്തിന്റെ എതിർപ്പിന് ഇടയാക്കിയത്. സിപിഎം പ്രതിരോധത്തിലാകുന്ന ഘട്ടം വന്നതോടെ മാത്യുവിനെതിരെ ഭരണപക്ഷ എംഎൽഎമാർ രംഗത്തുവരികയായിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതോടെ ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ, മാത്യു വഴങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്യുകയാണ് ഉണ്ടായത്. മാത്യു കുഴൽനാടൻ സഭയിൽ പ്രകോപിതനായാണ് സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചർച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാത്യു റിമാന്റ് റിപ്പോർട്ട് തുടർന്നും വായിച്ചു. റിമാന്റ് റിപ്പോർട്ട് രേഖകളിൽ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, റിമാന്റ് റിപ്പോർട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു.
ഒരാളെ റിമാൻഡ് ചെയ്തതുകൊണ്ട് അയാൾ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കിൽ ഞാനൊക്കെ എത്ര കേസിൽ പ്രതിയാണെന്നും സ്പീക്കർ ചോദിച്ചു. നിങ്ങൾ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം റിമാന്റ് റിപ്പോർട്ട് വായിക്കുന്നത് തുടർന്നാൽ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്പോൾ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
തന്നെക്കുറിച്ച് പറയുമ്പോൾ ചെയർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴനാടൻ സ്പീക്കറോടും കുപിതനായി. മൈക്ക് ഓഫ് ചെയ്യപ്പെട്ടതോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുയായിരുന്നു. ഈ സംഭവം പിന്നീട് സംസാരിച്ച കെ കെ രമ എംഎൽഎയും ഏറ്റുപിടിച്ചു. മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ നടപടിയെയാണ് വടകര എംഎൽഎ വിമർശിച്ചത്.
ഇത് നരേന്ദ്ര മോദിയുടെ സഭയാണോയെന്നും അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദിയുടെ സഭയിലാണോ ഇരിക്കുന്നതെന്ന് തോന്നിപ്പോയി. ഒരു അംഗത്തിന് പറയാനുള്ളത് പറയാൻ കഴിയാത്ത സാഹചര്യം ഖേദകരമാണ്. സ്പീക്കർ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോ? വിഷയത്തോടും അംഗങ്ങളോടും ഇതാണോ സമീപനം? അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ എതിർവാദങ്ങൾ ഉന്നയിക്കാം. അംഗത്തെ പറയാൻ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവമല്ലെന്നും അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോൾ നേരത്തെയും ഇങ്ങനെയായിരുന്നുവെന്നും പറഞ്ഞ കെകെ രമ, ഇത് നല്ല പ്രവണതയല്ലെന്നും വിമർശിച്ചു.
നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ചാണ് മാത്യു ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നൽകാൻ തയാറാകുന്നില്ലെന്ന് കുഴൽനാടൻ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്നും കുഴൽനാടൻ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ടവർ മൗനം തുടരുകയാണ്. എന്താണ് ഈ മൗനത്തിന്റെ അർഥം. കഴിഞ്ഞ വർഷം ജൂൺ 28ന് അടിയന്തരപ്രമേയത്തിൽ ഞാൻ പ്രസംഗിച്ചു. അതിനുശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ, അവസാനം അദ്ദേഹം പറയുകയാണ്, മകളെക്കുറിച്ച് പറഞ്ഞാൻ ഞാൻ അങ്ങ് കിടുങ്ങി പോകുമെന്ന് കരുതിയോ എന്ന്. എന്റെ പ്രസംഗത്തിൽ എവിടെയും ഞാൻ അദ്ദേഹത്തിന്റെ മകളെ പറഞ്ഞതായി ഈ 139 പേർക്കും തോന്നിയില്ല. പക്ഷേ അദ്ദേഹത്തിനു തോന്നി. ഇപ്പോഴാണ് കാര്യം മനസ്സിലായത്. യഥാർഥത്തിൽ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ഞാൻ അന്നു പറഞ്ഞ കാര്യം അക്ഷരാർഥത്തിൽ പൊതുസമൂഹത്തിനു മുന്നിൽ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനു മറുപടി ഉണ്ടായില്ല.
അദ്ദേഹത്തിന്റെ മകളും മകളുടെ പേരിലുള്ള കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുകയാണ്. ഈ കാര്യം പുറത്തുവന്നപ്പോൾ സ്വാഭാവികമായും മറുപടി ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. ഇതിനു മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്. രണ്ടു കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറാണെന്നും മക്കൾക്ക് നിയമാനുസൃതമായി ഏതു തൊഴിലും ചെയ്യുന്നതിനു മറ്റെല്ലാ പൗരന്മാരെ പോലെ അവകാശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കൺസൽറ്റിങ് കമ്പനി ആരംഭിച്ചതുമായിരുന്നു പ്രസ്താവന.
സിപിഎം എന്ന പാർട്ടിക്ക് ഒരു ചരിത്രവും പാരമ്പര്യവുമില്ലേ? കേവലം ഒരു സ്വകാര്യ കമ്പനിക്ക്, ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് നിങ്ങൾ കാവൽ നിൽക്കുകയാണ്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്കു കാവൽ നിൽക്കുന്ന പാർട്ടിയായി സിപിഎം എന്ന പാർട്ടി അധഃപതിച്ചു. ടി.വീണ എന്നത് കേരളത്തിൽ അധികാരത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന ആളിന്റെ മകളാണെന്നും അതുകൊണ്ടാണ് ഈ ഇടപാട് നടത്തിയതെന്നും കണ്ടെത്തലുണ്ട്. നിങ്ങൾ പറയുന്നതുകൊടുത്ത സേവനത്തിനു നൽകിയ പണമാണെന്ന്. ഒരു സേവനവും വാങ്ങിയിട്ടില്ലെന്ന് കർത്ത തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.
ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാൽ, അതിന്റെ അർഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ്? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകിൽ അദ്ദേഹത്തിന്റെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കിടക്കുകയാണ്. സിപിഎം എന്ന പാർട്ടി അതിനു പരിച തീർക്കുകയാണ്. ശരാശരി കമ്യൂണിസ്റ്റുകാരൻ ഇന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.
ഇതുപോലൊരു സംഭവമുണ്ടായിട്ട്, ഇതിനെക്കുറിച്ച് ഒരു വാചകം പറയാൻ ഒരു നേതാവ് പോലും ഇല്ലല്ലോ എന്ന് ഓർത്തു സങ്കടപ്പെടുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരുണ്ട്. യഥാർഥത്തിൽ സിപിഎം എന്ന പാർട്ടി കേവലം ഒരു സ്വകാര്യ കമ്പനിക്ക്, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ നടത്തുന്ന ഈ വലിയ അഴിമതിക്കും തീവെട്ടി കൊള്ളയ്ക്കും കാവൽ നിൽക്കുന്ന ഒരു പാർട്ടിയായി അധഃപതിച്ചിരിക്കുകയാണ്. ഞങ്ങൾക്ക് ഇതു പറയാൻ മടിയില്ല, ഭയമില്ല. ഭയം നിങ്ങൾക്കാണ്. നിങ്ങളുടെ മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറയാൻ സിപിഎം എന്ന പാർട്ടി ഭയമാണെങ്കിൽ സാധാരണ കമ്യൂണിസ്റ്റുകാരനു വേണ്ടി ഈ ദൗത്യം ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്.'' കുഴൽനാടൻ പറഞ്ഞു. മാത്യു സഭയിൽ ആഞ്ഞടിച്ചതോടയാണ് പിന്നീട് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായതും.
മറുനാടന് മലയാളി ബ്യൂറോ