തിരുവനന്തപുരം: റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു മീറ്റിങ് വിത്ത് സിഎം കോൺസുൽ ജനറൽ, ശിവശങ്കർ ആൻഡ് സ്വപ്‌ന അറ്റ് ക്ലിഫ് ഹൗസ്. വെദർ യു ഹൈവ് കറേജ് ടു ഡിനേ ഇറ്റ്? നിങ്ങൾക്ക് കഴിയില്ല.. ഇതേ കേട്ട് ചാടിയെണീറ്റു മുഖ്യമന്ത്രി പിണറായി വിജയൻ. പച്ചക്കള്ളമാണ് പറയുന്നത്. എന്ന് കണ്ടിട്ടുമില്ല...ഞാനുമായി ഡിസ്‌കസ് ചെയ്തിട്ടുമില്ല-ഇതാണ് മുഖ്യമന്ത്രിയുടെ 2023 ഫെബ്രുവരി 28ലെ മറുപടി. ഇതോടെ സ്പീക്കറും മുഖ്യമന്ത്രി നിഷേധിച്ചുവെന്ന് വിശദീകരിച്ചു. അങ്ങനെ അടിയന്തര പ്രമേയ അവതരണാനുമതി ചർച്ച ബഹളത്തിലായി. എന്നാൽ ലൈഫ് മിഷനിലെ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിഷേധിക്കുന്നത് മുമ്പ് സഭയിൽ രേഖാ മൂലം മുഖ്യമന്ത്രി തന്നെ സമ്മതിച്ച കാര്യമാണ്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയും മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്ന മാത്യു കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്കിടെ പറഞ്ഞതായി ദേശാഭിമാനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. മാത്യു കുഴൽനാടൻ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാരിന്റേതായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിക്കുമെന്നും അതിന് മാത്യു കുഴൽനാടന്റെ ഉപദേശം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ അഭിപ്രായത്തിന് വിരുദ്ധമാണ് 2022 ഓഗസ്റ്റ് 23ന് മുഖ്യമന്ത്രി സഭയിൽ നൽകി മറുപടി. സനീഷ് കുമാർ ജോസഫിന്റെ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച സമ്മതിക്കുന്നത്.

2016-2020 കാലയളവിൽ യുഎഇ കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര തവണ കൂടിക്കാഴ്ച നടത്തിയിട്ടണ്ട്? ഏതൊക്കെ ദിവസങ്ങളിൽ ഏതൊക്കെ സമയത്താണ് കൂടിക്കാഴ്ച നടത്തിയത് എന്ന് വ്യക്തമാക്കാമോ? ഇതായിരുന്നു സനീഷ് കുമാർ ജോസഫിന്റെ ചോദ്യം. ഓദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇതിൽ നിന്ന് കോൺസുലേറ്റ് പ്രതിനിധിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടന്നുവെന്നത് വ്യക്തമാണ്. ഈ കൂടിക്കാഴ്ചയിൽ സ്വാഭാവികമായി കോൺസുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥയായ സ്വപ്‌നാ സുരേഷും ഉണ്ടാകും. ശിവശങ്കറിന്റെ സാന്നിധ്യവും വ്യക്തമാണ്. അങ്ങനെ നിയമസഭയിൽ പിണറായി പറഞ്ഞ മറുപടിയിൽ തന്നെ കൂടിക്കാഴ്ചയുണ്ട്.

യൂണിടാകും യുഎഇ കോൺസുലേറ്റും തമ്മിലുള്ള ധാരണകളും ചർച്ചകളും ഉയർത്തിക്കാണിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും നിഴലിൽ നിർത്തുന്ന ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ചത്. ഇതിനോട് വസ്തുതാപരമല്ലാത്ത , അപകീർത്തി പ്രസ്താവനകളാണ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സഭയുടെ ചട്ടം അത് വിലക്കുന്നുവെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി സ്പീക്കർ അത് കേൾക്കുന്നുണ്ടോയെന്നും ചോദിച്ചു. 'ആവശ്യമെങ്കിൽ താങ്കളുടെ ഉപദേശം മേടിച്ചുകൊള്ളാം, ഇപ്പോൾ എനിക്ക് അങ്ങയുടെ ഉപദേശം ആവശ്യമില്ല' എന്നും കുഴൽനാടനെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റേതായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇതിന് ശേഷമാണ് മാത്യു കുഴൽനാടന്റെ പ്രസംഗത്തിൽ സ്പീക്കർ തടസം ഉന്നയിച്ചത്. അതിവേഗം മൈക്ക് ഓഫ് ചെയ്തു. മന്ത്രി എംബി രാജേഷ് മറുപടിയും നൽകി. ഇതോടെ എല്ലാം സഭയിൽ പറയാൻ മാത്യു കുഴൽനാടന് കഴിയാതെയും പോയി.

ലൈഫ് മിഷൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചർച്ചയ്ക്ക് പുതുമാനം നൽകി. ലൈഫ് മിഷൻ കോഴ എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റംഗങ്ങൾക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാർഥ്യമല്ലേയെന്നും സതീശൻ ചോദിച്ചു. ഇരുപതു കോടി രൂപ റെഡ് ക്രസന്റ് ദുബായിൽനിന്ന് ഇങ്ങോട്ടുതന്നപ്പോൾ അതിൽ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുന്മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുണ്ടെന്നും സതീശൻ പിന്നീട് വാർത്താ സമ്മേളനത്തിലും പറഞ്ഞു.

മാത്യു കുഴൽനാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആക്രമിക്കുന്നതാണ് സഭയിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരിക്കലും ഒരു അടിയന്തര പ്രമേയ നോട്ടീസിൽ പതിവില്ലാത്ത തരത്തിൽ ഇന്ന് മുഖ്യമന്ത്രി സഭയിൽ എഴുന്നേറ്റ് മൂന്നുതവണ വെല്ലുവിളിച്ചു. മുഖ്യമന്ത്രി വെല്ലുവിളിച്ചാൽ മറ്റ് മന്ത്രിമാർക്ക് വെല്ലുവിളിക്കാതിരിക്കാൻ സാധിക്കില്ല. അവരും നിർബന്ധിതരായി എഴുന്നേറ്റു. ഇതുകണ്ട് പിന്നിലിരുന്നവരും എണീറ്റതോടെ സ്പീക്കർക്ക് സഭ നിർത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷം സീറ്റിൽനിന്ന് മാറിയില്ല. ഭരണകക്ഷി തന്നെ ഇന്ന് സഭാസമ്മേളനം സ്തംഭിക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിയിലേക്ക് പോയി, സതീശൻ പറഞ്ഞു.

സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നാ സുരേഷിന്റെയും ജോയിന്റ് അക്കൗണ്ടിൽനിന്ന് ഈ പണം പിടിച്ചെടുത്തതെന്ന് സതീശൻ പറഞ്ഞു. ഈ 63 ലക്ഷത്തിൽ ആക്സിസ് ബാങ്കിന്റെ സീലുണ്ടായിരുന്നു. അത് സന്തോഷ് ഈപ്പൻ എന്ന കോൺട്രാക്ടർ കൊടുത്ത പണമാണ്. അയാൾ അത് സമ്മതിച്ചു. അപ്പോൾ കോഴ നടന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിലിലാണ്. ആദ്യം സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ജയിലിലായി. ഇപ്പോൾ വീണ്ടും ജയിലിലാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നു. ഇത് അസാധാരണമായ സംഭവമാണ്. ഇത് നിയമസഭ ചർച്ച ചെയ്യേണ്ടേ? മുഖ്യമന്ത്രി എന്താണ് സംസാരിക്കാത്തത്? ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായി വന്ന പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഒരുമിച്ച് കോഴ വാങ്ങിയിരിക്കുകയാണ്. ഇത് എല്ലാവർക്കും അറിയാമെന്നും സതീശൻ പറഞ്ഞു.