'ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ല; ജനം ആഗ്രഹിക്കുന്നത് പറയാൻ വേണ്ടിയാണ്; പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂ'; മുഖ്യമന്ത്രിയുടെ വിരട്ടിന് അതേനാണയത്തിൽ കുഴൽനാടന്റെ മറുപടി; പിണറായിക്കുള്ള ചുട്ട മറുപടിയിൽ സൈബറിടത്തിലും താരമായി മൂവാറ്റുപുഴ എംഎൽഎ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തിയപ്പോൾ മുതൽ സഭയിൽ വിഷയം ചൂടാകുമെന്ന് ഉറപ്പായിരുന്നു. ഒടുവിൽ വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. സഭയിൽ മാത്യുവിന്റെ വാക്കുകൾ കൊണ്ടുള്ള പ്രഹരം ഭരണപക്ഷത്തെ ശരിക്കും ചൊടിപ്പിച്ചു. മുഖ്യമന്ത്രിയെ തന്നെയായിരുന്നു മാത്യുവിന്റെ വാക്കുകൾ ശരിക്കും ദേഷ്യം പെടുപ്പിച്ചത്. ഇത് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തമായിരുന്നു.
മുഖ്യമന്ത്രിയുടെ വിരട്ടൽ ലൈനിനെ തള്ളിക്കളഞ്ഞായിരുന്നു മാത്യുവിന്റെ പ്രതിരോധം. ഒരു തവണ തന്നിലേക്ക് ആരോപണം നീണ്ടപ്പോൾ സഭാ ചട്ടത്തെ കൂട്ടുപിടിച്ചായിരുന്നു മുഖ്യമന്ത്രി പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. മാത്യു പറയുന്നത് കള്ളമാണെന്ന പ്രതിരോധം ഉയർത്തിയെങ്കിലും അതും ഏൽക്കാതെ വന്നതോടെയാണ് ചട്ടങ്ങളെ കുറിച്ച് സഭയിൽ ഓർമ്മപ്പെടുത്തിയത്. മാത്യു കുഴൽനാടൻ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും ദുരാരോപണങ്ങളും കേൾക്കുന്നില്ലേയെന്ന് സ്പീക്കറോട് മുഖ്യമന്ത്രി പിണറായി വിജയൻ പരാതിയായി ഉന്നയിച്ചു.
''പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ല. ഇപ്പോൾ അദ്ദേഹം പറഞ്ഞ വ്യാജോക്തികൾ, ആരോപണങ്ങൾ, അപകീർത്തികരമായ പ്രസ്താവനകൾ എല്ലാം അങ്ങും കേൾക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ല. ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേൾക്കുന്നണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.' മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് അതേ നാണയത്തിലാണ് കുഴൽനാടനും തിരിച്ചടിച്ചത്. ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ലെന്ന് കുഴൽനാടൻ പറഞ്ഞു. ''ജനം ആഗ്രഹിക്കുന്നത് പറയാൻ വേണ്ടിയാണ് അവർ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങൾക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്. അല്ലാതെ ഞാൻ എന്ത് വ്യാജോക്തിയാണ് പറഞ്ഞത്, എന്തു ദുരാരോപണമാണ് പറഞ്ഞത്? ഞാൻ പറഞ്ഞതിനെ നിഷേധിക്കണമെങ്കിൽ അങ്ങ് കോടതിയെ സമീപിക്കണം. അതിന് എന്റെ അഭിപ്രായം മേടിക്കേണ്ടതില്ല' കുഴൽനാടൻ പറഞ്ഞു.
ഒരു അംഗം ഇവിടെ പറയുന്ന കാര്യത്തിന് താൻ എന്തിനു കോടതിയിൽ പോകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. അദ്ദേഹത്തിന്റെ നേരെ നോക്കിത്തന്നെയാണ് ഞാൻ ഇതു പറയുന്നത്. ആ കാര്യങ്ങൾ ഇവിടെ പറയാൻ എനിക്ക് ആർജവമുണ്ട്. അത് പറയുക തന്നെ ചെയ്യും. അദ്ദേഹം എന്താണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. 'ഞാൻ പറഞ്ഞ കാര്യങ്ങൾ പറയാനുള്ള ആർജവം എനിക്കുമുണ്ട്' എന്ന് കുഴൽനാടൻ മറുപടി നൽകി. ഞാനത് ഇവിടെത്തന്നെ പറയും. അങ്ങേയ്ക്കു മാത്രമാണ് ആർജവമുള്ളതെന്ന് ധരിക്കരുത്. പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂവെന്നും കുഴൽനാടൻ വ്യക്തമാക്കി.
മാത്യു കുഴൽനാടന്റെ പ്രസംഗം സൈബറിടത്തിലും വൈറലാണ്. കോൺഗ്രസുകാർ വിഷയം ഏറ്റെടുത്തു. മാത്യു മാസായി എന്നാണ് സൈബർ കോൺഗ്രസുകാർ അഭിപ്രായപ്പെട്ടത്. അതേസമയം മാത്യു കുഴൽനാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആക്രമിക്കുന്നതാണ് സഭയിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരിക്കലും ഒരു അടിയന്തര പ്രമേയ നോട്ടീസിൽ പതിവില്ലാത്ത തരത്തിൽ ഇന്ന് മുഖ്യമന്ത്രി സഭയിൽ എഴുന്നേറ്റ് മൂന്നുതവണ വെല്ലുവിളിച്ചു. മുഖ്യമന്ത്രി വെല്ലുവിളിച്ചാൽ മറ്റ് മന്ത്രിമാർക്ക് വെല്ലുവിളിക്കാതിരിക്കാൻ സാധിക്കില്ല. അവരും നിർബന്ധിതരായി എഴുന്നേറ്റു. ഇതുകണ്ട് പിന്നിലിരുന്നവരും എണീറ്റതോടെ സ്പീക്കർക്ക് സഭ നിർത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷം സീറ്റിൽനിന്ന് മാറിയില്ല. ഭരണകക്ഷി തന്നെ ഇന്ന് സഭാസമ്മേളനം സ്തംഭിക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിയിലേക്ക് പോയി, സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ