- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്; പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല; ഇഡി റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത് വസ്തുത ചൂണ്ടിക്കാട്ടാൻ; പ്രസംഗത്തിന്റെ കോപ്പി ലഭിച്ച ശേഷം തുടർ നടപടി; തന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കിയതിനെതിരെ മാത്യു കുഴൽനാടൻ
കോട്ടയം: ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കിയ നടപടിക്കെതിരെ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. സഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും കുഴൽനാടൻ പ്രതികരിച്ചു. തന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
''വസ്തുതാപരമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ സഭയിൽ പരാമർശിക്കാനിടവന്നത്. റിമാൻഡ് റിപ്പോർട്ടിലുള്ള ഭാഗം സഭാ രേഖയിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതു മധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനെ തെറ്റെന്ന് സ്ഥാപിക്കാൻ ഭരണ കക്ഷി ശ്രമിച്ചപ്പോഴാണ് ഇഡി റിമാൻഡ് റിപ്പോർട്ട് താൻ റഫർ ചെയ്തതത്. ഇപ്പോൾ ആ പ്രസംഗത്തിലെ ഭാഗം നീക്കം ചെയ്തുവെന്നാണ് പറയുന്നത്. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്''. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ ആവർത്തിച്ചു.
ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചർച്ചയിൽ എംഎൽഎ മാത്യു കുഴൽ നാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് സഭാ രേഖകളിൽ നിന്ന് നീക്കിയത്. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗവും, സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമർശവുമാണ് സഭാ രേഖകളിൽ നിന്നും നീക്കിയത്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടിയെന്നാണ് വിശദീകരണം.
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോട്ടിലെ അനക്ഷ്വറിലെ 16ം ഐറ്റം പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയെയും മാത്യു കുഴൽനാടൻ വെട്ടിലാക്കിയിരുന്നത്. ഈ ഭാഗം അടക്കമാണ് ഇപ്പോൾ സഭാ രേഖകളിൽ നിന്നും നീക്കിയത്. യുഎഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നും അന്ന് അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ ചോദിച്ചത്. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. 'പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പടത്തിൽനിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി. തുടർന്ന് സഭയിൽ ബഹളം ഉയരുകയും ചെയ്തു.
ലൈഫ് മിഷന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റിന്റെ മറവിൽ കോടികളുടെ ക്രമക്കേട് നടന്നതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതും സംബന്ധിച്ചായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയം. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോൺസുലേറ്റിന് റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെടാൻ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റിൽ പറയുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
'പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കർ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കിൽ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. സർക്കാർ പല ആവർത്തി നിഷേധിച്ച കാര്യങ്ങൾ പുറത്തുവരികയാണ്. 2019 ജൂലൈയിലെ ഇഡി റിമാൻഡ് റിപ്പോർട്ടിൽ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്ന് പറയുന്നുണ്ട്' മാത്യു കുഴൽനാടൻ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറയുന്നതെന്നും താൻ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നൽകി.
റിമാൻഡ് റിപ്പോർട്ടിനെതിരെ കോടതിയിൽ പോകാൻ തയാറുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ' ആരോപണം നിഷേധിക്കുന്നുണ്ടോ എന്നു ചോദിച്ചു. അതിനാണ് മറുപടി പറഞ്ഞത്. ഏജൻസിയുടെ വക്കാലത്തുമായാണ് വന്നതെങ്കിൽ അങ്ങനെ കാണണം. സഭയിൽ പറയാൻ ആർജവമുണ്ട്. അതിനു കോടതിയിൽ പോകേണ്ടതില്ല.' മുഖ്യമന്ത്രി തിരിച്ചടിച്ചു. താൻ എഴുതിയ തിരക്കഥയല്ലെന്നും അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിൽ കോടതിയിലെ സമീപിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 'ഇപ്പോൾ സർക്കാർ സംവിധാനം ഉണ്ട്. മാത്യു കുഴൽനാടന്റെ ഉപദേശം ഇപ്പോൾ വേണ്ട.' മുഖ്യമന്ത്രി മറുപടി നൽകി.
സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കർ ചാറ്റിൽ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുമോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. സർക്കാരിന് സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങളറിയാതെയാണ് മാത്യു കുഴൽനാടൻ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. രേഖകളുണ്ടെങ്കിൽ മാത്യു കുഴൽനാടൻ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമന്ത്രി പി.രാജീവ് പറഞ്ഞു. രേഖകളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇഡിയുടെ വക്കീലാണെങ്കിൽ കോടതിയിൽ വാദിക്കണമെന്നും പി.രാജീവ് പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാമെന്ന് മാത്യു കുഴൽനാടനും വെല്ലുവിളിച്ചിരുന്നു.
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിനൊപ്പമുള്ള അനക്ഷ്വർ എയിലാണ് സ്വപ്ന- മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ചയെ കുറിച്ച് പറയുന്നത്. 2019 ജൂലൈയിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് അനക്ഷ്വറിൽ പറയുന്നത്. അഴിമതിയുടെ തുടക്കവും ഒടുക്കവും വരെ അക്കമിട്ട് വിശദീകരിക്കുന്ന തരത്തിലാണ് ഈ അനക്ഷ്വർ. 22 സംഭവങ്ങളാണ് വിശദീകരിക്കുന്നത്. ഇതിൽ പതിനാറാം ഇനമായാണ് മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിക്കുന്ന വിവരമുള്ളത്. ഈ സാഹചര്യത്തിൽ അഴിമതി കേസിൽ മുഖ്യമന്ത്രിയെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് നിയമസഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ