തിരുവനന്തപുരം: കേരളത്തിൽ വിനോദ സഞ്ചാരികൾ സുരക്ഷിതരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. ഇത് സർവ്വകാല റെക്കോർഡ് ആണ്. കേരളത്തിന് ആരെയും സ്വീകരിക്കാനുള്ള മതനിരപേക്ഷ മനസുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ ടൂറിസം മേഖല ഉണർന്നു. സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകൾ സർവ്വകാല റെക്കോർഡ് കൈവരിച്ചു. ഈ വർഷം കൂടുതൽ ആഭ്യന്തരസഞ്ചരികളെ പ്രതീക്ഷിക്കുന്നു. കേരളത്തിൽ വിനോദ സഞ്ചാരികൾ സുരക്ഷിതരല്ലെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ക്രമസമാധാന പാലനത്തിലെ ഭദ്രത ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

ടൂറിസം മേഖലയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ടൂറിസം ഇടനാഴി പദ്ധതിയിലൂടെ വിനോദ സഞ്ചാര മേഖലയിൽ വികസനങ്ങൾ കൊണ്ട് വരാനാണ് ലക്ഷ്യം. ടൂറിസം മേഖലയിൽ ഡിസൈൻ നയം നടപ്പിലാക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളക്കരം വർധിപ്പിച്ച് ഉത്തരവ് ഇറക്കിയത് സഭയോടുള്ള അനാദരവ് ആണെന്നും സഭയോട് ആലോചിക്കാതെയാണ് സർക്കാർ തീരുമാനം എടുത്തതെന്നും വി ഡി സതീശൻ വിമർശിച്ചു. നികുതി ഭാരത്തിൽ ജനം വേദനിച്ചിരിക്കുമ്പോഴാണ് വെള്ളക്കരം കൂട്ടി ഉത്തരവിറക്കിയത്. വല്ലാത്ത ധൈര്യമാണിതെന്നും വാക്ക്ഔട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കുടിശ്ശിക പിരിവിൽ അഥോറിറ്റി പരാജയപ്പെട്ടതിന്റെ ഭാരം ജനങ്ങളുടെ തലയിൽ ഇടുകയാണ്. വാട്ടർ അഥോറിറ്റി യാതൊരു പ്രൊഫഷണലിസവും ഇല്ലാത്ത സ്ഥാപനമാണെന്നും വി ഡി സതീശൻ പറഞ്ഞു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. തങ്ങൾക്ക് പരിചയമുള്ള റോഷി അഗസ്റ്റിൻ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. അപ്പുറത്ത് എത്തിയപ്പോൾ അല്ലെങ്കിൽ മന്ത്രി ആയപ്പോൾ ഉള്ള മാറ്റമാകാം ഇപ്പോൾ കാണുന്നത് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.