'നൂറു വയസ്സുള്ള വി എസ്. ക്ലിഫ് ഹൗസിൽ നടന്നുകയറി; പിണറായി ലിഫ്റ്റ് വെച്ചു; തൊഴുത്തുണ്ടാക്കി; മുന്തിയ ഇനം പശുക്കളെയും കൊണ്ടുവന്നു; ചുരത്താൻ വേണ്ടി എ.ആർ. റഹ്മാന്റെ പാട്ടുവരെ വച്ചു; വെറുതെ പറയിപ്പിക്കരുത്'; നിയമസഭയിൽ ആഞ്ഞടിച്ച് ചെന്നിത്തല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സർക്കാർ ഇത് പോലെ വേറെ ഇല്ലെന്ന് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം വച്ച് കെട്ടുന്നെന്നും പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭയിൽ പ്രതിപക്ഷം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കൊണ്ടുവന്ന അവിശ്വാസപ്രമേയചർച്ചയിലാണ് ചെന്നിത്തലയുടെ പരാമർശം.
സംസ്ഥാനം ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന കാലഘട്ടമാണിതെന്നും പാഴ്ചെലവുകളാണ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റോജി ജോൺ എംഎൽഎ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സർക്കാർ വസ്തുതകൾ മനസിലാക്കാൻ ശ്രമിക്കുന്നില്ല. പാഴ്ചെലവുകളാണ് നടത്തുന്നത്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അസുഖം ബാധിച്ചപ്പോൾ ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നിർമ്മിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായനാർ ഉൾപ്പെടെ അതിനെ വിമർശിച്ചു. ഇവിടെ പട്ടിയെ കുളിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ക്ലിഫ് ഹൗസിൽ പട്ടിയാണോ കുളിക്കുന്നത്, കുട്ടിയാണോ കുളിക്കുന്നത്? ചെന്നിത്തല ചോദിച്ചു.
'നൂറു വയസ്സുള്ള വി എസ്. അച്യുതാനന്ദൻ നടന്നുകയറിയ ക്ലിഫ് ഹൗസിൽ പിണറായി വിജയൻ 25 ലക്ഷം രൂപയുടെ ലിഫ്റ്റ് വെച്ചു. 43 ലക്ഷം രൂപയ്ക്ക് തൊഴുത്തുണ്ടാക്കി. മുന്തിയ ഇനം പശുക്കളെയും കൊണ്ടുവന്നു. അവയെ ചുരത്താൻ വേണ്ടി എ.ആർ. റഹ്മാന്റെ പാട്ടുവരെ അവിടെ വെച്ചു. വെറുതെ പറയിപ്പിക്കരുത്'- ചെന്നിത്തല പരിഹസിച്ചു.
പിണറായി എന്തുകൊണ്ട് നായനാരുടെയും അച്യുതാനന്ദന്റെയും മാതൃകയിൽ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നില്ലെന്നും അതിന്റെ കാരണം ഞങ്ങൾക്ക് ഇന്നു മനസ്സിലായെന്നും ലാവ്ലിൻ കേസ് മാറ്റിവച്ചത് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പറഞ്ഞു. നിങ്ങൾ തമ്മിലുള്ള അന്തർധാര വ്യക്തമായെന്നും കേരളം നിങ്ങൾ കുളം തോണ്ടിയെന്നും ഭാവി തലമുറ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
അതേസമയം കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്ന ധനമന്ത്രിയുടെ ആരോപണത്തിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. വിളിക്കേണ്ട രീതിയിൽ വിളിച്ചാൽ എംപിമാർ സഹകരിക്കുമെന്നും എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിക്കുന്നത് ഓൺലൈൻ വഴിയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ 19 എംപിമാർ ജയിച്ചത് ഉൾക്കൊള്ളാൻ കടകംപള്ളി സുരേന്ദ്രനു കഴിഞ്ഞിട്ടില്ല. അതിൽ അദ്ദേഹത്തിനുള്ള കടുത്ത നിരാശ ഇപ്പോഴും മാറിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി ബാലഗോപാൽ വിളിച്ചിട്ടു കോൺഗ്രസിന്റെ എംപിമാർ പോയില്ല എന്ന കടകംപള്ളിയുടെ പ്രസ്താവനയ്ക്കായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സ്തുത്യർഹമായ നിലയിൽ പ്രവർത്തിക്കുന്ന എംപിമാരെ അപമാനിക്കാനാണ് കടകംപള്ളി ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപിക്കെതിരായ ശക്തമായ പോരാട്ടമാണ് കോൺഗ്രസ് എംപിമാർ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച കോൺഗ്രസ് എംഎൽഎ. റോജി എം. ജോൺ രുക്ഷവിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി നിലനിൽക്കുന്നതിനെപ്പറ്റി ചോദിച്ചാൽ ധനമന്ത്രി എപ്പോഴും പറയുക ഒരേ ഉത്തരമാണ്. റവന്യൂ വരുമാനം കുറഞ്ഞു, ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തി, കടമെടുപ്പുപരിധി കേന്ദ്രം വെട്ടിക്കുറച്ചു എന്നുമാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളതെന്ന് റോജി ജോൺ പറഞ്ഞു. കേരളത്തിൽ പറയാനുള്ളത് ഇവിടെയും കേന്ദ്രത്തിൽ പറയാനുള്ളത് അവിടെയും പറയാനുള്ള ആർജവം യു.ഡി.എഫിനുണ്ട്. ഞങ്ങളാരും കേന്ദ്രത്തിന്റെ വക്കീലന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ