ബജറ്റ് അഞ്ചിന് തന്നെ അവതരിപ്പിക്കും; എന്നാൽ പാസാക്കുക നാലു മാസത്തെ വോട്ട് ഓൺ അക്കൗണ്ടും; പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ ഉള്ളതിനാൽ; നയപ്രഖ്യാപനത്തിന് ആരും നന്ദി പറയാനിടയില്ല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്ന് റിപ്പോർട്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ശക്തമാണ്. അതുകൊണ്ട് തന്നെ ബജറ്റിന് പകരം വോട്ട് ഓൺ അക്കൗണ്ടും പിരിഗണനയിലുണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി ഫെബ്രുവരി ഒമ്പതുമുതൽ 29 വരെ നടക്കുകയാണ്. ഈ സമയത്ത് സമ്മേളനം ഒഴിവാക്കണമെന്ന് പ്രതിപക്ഷം നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം സഹകരിച്ചാൽ ബജറ്റ് പാസാക്കുന്നതിന് പകരം നാലുമാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സമ്മേളനം പിരിയും. തിങ്കളാഴ്ച ചേരുന്ന കാര്യോപദേശകസമിതിയോഗം സമ്മേളനത്തീയതികളിലെ മാറ്റം ശുപാർശചെയ്യും.
നിലവിലെ തീരുമാനം അനുസരിച്ച് ഫെബ്രുവരി അഞ്ചിന് ബജറ്റ് അവതരിപ്പിക്കും. ആറുമുതൽ 11 വരെ സമ്മേളനമില്ല. ഇതിനിടെ എട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രത്തിനെതിരേ ഡൽഹിയിൽപ്പോയി സമരം ചെയ്യും. 12 മുതൽ 14 വരെ ബജറ്റിനെക്കുറിച്ചുള്ള പൊതുചർച്ച നടക്കുന്നതോടെ ആദ്യഘട്ടസമ്മേളനം കഴിയും. രണ്ടാംഘട്ടം ഫെബ്രുവരി 26-ന് തുടങ്ങി മാർച്ച് 27 വരെ. ധനാഭ്യർഥനകൾ പാസാക്കി ഏപ്രിലിനുമുമ്പ് ബജറ്റ് അംഗീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ, അഞ്ചിന് ബജറ്റ് അവതരിപ്പിച്ച് രണ്ടോ മൂന്നോ ദിവസത്തെ പൊതുചർച്ചയ്ക്കുശേഷം വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയാനാണ് സർക്കാർ നീക്കം.
സർക്കാർ നിലപാട് പ്രതിപക്ഷത്തെ അറിയിക്കും. അവരും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. രണ്ടു കൂട്ടർക്കും ലോക്സഭയിലേക്ക് തയ്യാറെടുക്കേണ്ടതുണ്ട്. അതിനിടെ നിയമസഭ നടക്കുന്നത് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിൽ പ്രതിപക്ഷ സഹകരണത്തോടെ വോട്ട് ഓൺ അക്കൗണ്ട് എത്തിക്കാനാണ് നീക്കം. ഗവർണർ-സർക്കാർ പോര് തെരുവിൽ എത്തിയിരിക്കേ, നയപ്രഖ്യാപനത്തിന് ഗവർണർക്ക് നന്ദിപറയുന്ന പ്രമേയത്തിൽ തിങ്കളാഴ്ച സഭയിൽ ചർച്ചതുടങ്ങും. സഭാചട്ടം അനുസരിച്ച് നന്ദിപ്രമേയ ചർച്ച അനിവാര്യം.
വായിക്കാത്ത നയപ്രഖ്യാപനത്തിന് സർക്കാർ നന്ദി പറയുക കുറ്റപ്പെടുത്തലുകളിലൂടെയാകും. മുന്മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഗവർണർക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഭരണപക്ഷത്തിന് എതിർപ്പുണ്ട്. പ്രതിപക്ഷവും ഗവർണറെ അനുകൂലിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇതും അതിവേഗം അവസാനിപ്പിക്കാൻ സാധ്യത ഏറെയാണ്. കാര്യോപദേശക സമിതി യോഗത്തിലും ഇതിലും സർക്കാർ നിലപാട് വ്യക്തമാക്കും.
മറുനാടന് മലയാളി ബ്യൂറോ