- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ച്'; വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; ആർ.ഒ.സി അന്വേഷണത്തിൽ മൗനം; സാമ്പത്തിക ഉപരോധം കേരളത്തെ ഞെരുക്കുന്നു; നിയമസഭയിൽ കേന്ദ്ര സർക്കാറിനും പ്രതിപക്ഷത്തിനും വിമർശനം
തിരുവനന്തപുരം: മകൾ വീണക്കും കമ്പനിക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ ആദ്യമായി നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടർ ആരോപണങ്ങളുടെ ഭാഗമാണിതെന്നും വിമർശിച്ചു. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണ്. നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. എന്നാൽ മകൾക്കെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഒരാരോപണവും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്കെതിരെ ആയി. ബിരിയാണി ചെമ്പിനൊക്കെ മുൻപ് പറഞ്ഞതടക്കം ഒന്നും നമ്മളെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിനെ വിമർശിച്ചാണ് സഭയിൽ നന്ദിപ്രമേയ ചർച്ചയുടെ അവസാന ഭാഗത്ത് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്.
ധനകാര്യ കമ്മീഷൻ ശുപാർശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഒന്നിച്ചു പ്രതിഷേധിക്കണം എന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടി . ഫെഡറലിസം സംരക്ഷിക്കാൻ ഉള്ള പോരാട്ടത്തിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടി. ഭരണാധികാരികൾ മത ചടങ്ങിൽ പങ്കെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അടിയന്തിരാവസ്ഥക്ക് പിന്നാലെ അന്നത്തെ ഭരണകൂടത്തെ ജനം പരാജയപ്പെടുത്തി. എന്നാലിന്ന് നടക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്.
നിലവിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിന്റെ താത്പര്യങ്ങളെ കേന്ദ്രവും സംസ്ഥാനത്തെ പ്രതിപക്ഷവും ഒരുപോലെ കൈയൊഴിയുകയാണ്. ഇപ്പോൾ സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അത് കേരളത്തെ ഞെരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭ പാസാക്കിയ ബില്ലുകൾ നിയമമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ് നിർത്തണം. സംഘപരിവാർ വക്താക്കളെ സർവ്വകലാശാലകളിലേക്ക് കൊണ്ടുവരാൻ ചാൻസലർ സ്ഥാനത്തിരിക്കുന്ന ബഹുമാന്യൻ ശ്രമിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം കുഴപ്പത്തിലാണെന്ന് ചാൻസലറും കോൺഗ്രസും ബിജെപിയും പറയുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള തിടുക്കത്തിലുള്ള നീക്കങ്ങൾ നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം മുന്നിലുണ്ടാകും.
സംഘപരിവാറിന്റെ ഭരണ മോഹങ്ങളെ പാർലമെന്റിൽ എത്തുന്ന ഓരോ ഇടതുപക്ഷക്കാരനും ഇല്ലാതാക്കും. ഇടതുപക്ഷം ദുർബലമായ സ്ഥലങ്ങളിൽ സംഘപരിവാറിനെ എതിർക്കാൻ കോൺഗ്രസിനെ സഹായിക്കില്ലെന്ന പിടിവാശി ഞങ്ങൾക്കില്ല. കോൺഗ്രസ് ചാഞ്ചാട്ട സമീപനം ഉപേക്ഷിച്ച് ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങളെ പിന്തുടരണം. പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സർക്കാരുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നു.
അത്തരമൊരു ചീട്ടുകൊട്ടാരമല്ല കേരളത്തിലെ സർക്കാർ. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വാലും തലയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർക്കുവേണ്ടിയാണ്? സർക്കാരിനെ എങ്ങനെയെല്ലാം ദുർബലപ്പെടുത്താം എന്നാണല്ലോ പ്രതിപക്ഷം ആലോചിക്കുന്നത്. പ്രതിപക്ഷം എല്ലാ കാര്യത്തിനും സർക്കാരിനെ പിന്തുണയ്ക്കേണ്ട. വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനുമുള്ള അവകാശത്തെ മാനിക്കുന്നു. എന്നാൽ വാലും തലയുമില്ലാത്ത ആരോപണങ്ങളുമായി അസത്യങ്ങളുടെ ഘോഷയാത്രയുമായി നിങ്ങൾ നടത്തുന്ന പടപ്പുറപ്പാട് ആരെ തൃപ്തിപ്പെടുത്താൻ ഉള്ളതാണെന്ന് നിങ്ങൾ തന്നെ ആലോചിക്കണം.
കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. കേരളം വിഷമ സന്ധിയിൽ നിൽകുമ്പോൾ ധൂർത്തെന്ന് ആരോപിക്കുകയാണ് പ്രതിപക്ഷം. എന്നാൽ സംസ്ഥാനത്ത് തനത് നികുതി വരുമാനത്തിൽ വളർച്ച ഉണ്ടായി. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ എന്ന് ദോഷൈക ദൃക്കുകൾ പറയുന്നു. സംസ്ഥാന സർക്കാർ ചെലവിൽ മിത വ്യയം കാണിക്കുന്നു.ഡൽഹി സമരത്തിൽ നിന്നുള്ള പിന്മാറ്റത്തിൽ യുഡിഎഫ് പുനരാലോചന നടത്തണം. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോൾ ഞങ്ങൾക്ക് മുട്ടു വിറക്കില്ല. ഡൽഹിയിലേത് സമ്മേളനം അല്ല സമരം തന്നെയാണ്. അഭിസംബോധന ചെയ്യാൻ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഒറ്റക്ക് പോകാൻ അല്ല ആഗ്രഹിച്ചത്. ആദ്യമായി ക്ഷണിച്ചത് യുഡിഎഫിനെയാണ്. ഒന്നിച്ചു സമരം നടത്തിയാൽ എന്താണ് വിഷമം?
എന്നാൽ കേന്ദ്രം പറയുന്ന വാദം പ്രതിപക്ഷം ആവർത്തിക്കുകയാണ്. അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ദിനത്തിൽ എന്താണ് കോൺഗ്രസ് ചെയ്തത്? രാഹുൽ ഗാന്ധി തന്നെ ശ്രമിച്ചത് ക്ഷേത്ര ദർശനത്തിനായിരുന്നു. തീവ്ര വർഗീയതയെ മൃദു വർഗീയത കൊണ്ട് നേരിടാനാകില്ല. പ്രധാന മന്ത്രിയെ താൻ വണങ്ങിയതിനെ തെറ്റായി വ്യാഖ്യാനിച്ചു. രാഹുൽ ഗാന്ധി എന്താണ് പാർലമെന്റിൽ ചെയ്തത്? പ്രധാനമന്ത്രിയെ വിമാനത്തിൽ കണ്ടപ്പോൾ സംസാരിച്ചതിനെ കെ സുധാകരൻ തെറ്റായി പറഞ്ഞു. പുറത്തിറങ്ങിയ സുധാകരൻ ഈ മനുഷ്യന് ചിരിക്കാൻ നാണം ഇല്ലേ എന്ന് ചോദിച്ചു. കാണുമ്പോൾ ഞാൻ മിണ്ടാതിരിക്കണോ?
കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ ചട്ട വിരുദ്ധമായി ഒന്നുമില്ല. സ്റ്റാഫിൽ ഇന്നയാളെ വേണമെന്ന് രാജ്ഭവൻ പറഞ്ഞപ്പോഴാണ് ബിജെപി ക്കാരനെ നിയമിച്ചത്. നിയമിക്കുവാൻ പറ്റില്ലെന്ന് സർക്കാരിന് പറയാൻ കഴിയുമോ? പ്രതിപക്ഷ നേതാവ് ഒരാളെ നിയമിക്കാൻ പറഞ്ഞാൽ പറ്റില്ല എന്ന് പറയാൻ കഴിയുമോ? നിങ്ങളുടെ ഭാഗമായി നിൽക്കുന്ന ചില കടലാസ് സംഘടനകൾ ചാൻസിലറെ ഉപദേശിക്കുന്നുവെന്നത് നാട്ടിൽ പാട്ടാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
മതേതരത്വവും മതനിരപേക്ഷതയും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചില വിഭാഗങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ അവർ ജനിച്ചുവളർന്ന ദേശത്തുതന്നെ അന്യരാണെന്ന് പ്രഖ്യാപിക്കുന്നു. അന്ധവിശ്വാസങ്ങൾക്ക് പ്രചാരം നൽകുന്ന അവസ്ഥയിലേക്ക് രാജ്യത്തെ ചിലർ തള്ളിവിടുകയാണ്. നാനജാതി മതസ്ഥരെ പ്രതിനിധാനം ചെയ്യുന്ന ഭരണാധികാരികൾ മതചടങ്ങുകളിൽ പുരോഹിതരാകുന്നത് മതനിരപേക്ഷ സ്ഥാപനത്തിന്റെ അടിസ്ഥാന ശിലകൾക്ക് ഇളക്കമുണ്ടാക്കുന്ന പ്രവൃത്തിയാണ്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ പോരാടും.
കേന്ദ്രസർക്കാറിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുചോദിക്കാൻ പറ്റാത്ത സാഹചര്യമായപ്പോൾ രാജ്യത്ത് ജനകോടികൾ ആരാധിക്കുന്ന ദൈവങ്ങളുടെ പേരിൽ വോട്ടുചോദിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുമ്പിൽവെച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോ വർഷം കഴിയുംതോറും എത്രത്തോളം നടപ്പാക്കിയെന്ന നൂതന ജനാധിപത്യരീതി 2017 മുതൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ അവലംബിച്ചുവരുന്നുണ്ട്. വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നതിന്റെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങൾ സമ്മതിദായകരുടെ വോട്ട് നേടുന്നത്.
വരുമാനത്തിന്റെ നിശ്ചിതവിഹിതം മൂലധനചെലവിനായി കിഫ്ബി മുഖാന്തരം നീക്കിവെക്കാനും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കുടിശ്ശികയില്ലാതെ നൽകുന്നതിനുവേണ്ടി ധനസമാഹാരം നടത്താനും സർക്കാർ നടത്തിയ ശ്രമങ്ങൾ നല്ല ഉദ്ദേശത്തോടെയായിരുന്നു. എന്നാൽ ഇതിനെ ചോദ്യംചെയ്ത് കേരളത്തിന്റെ വായ്പാനികുതി 2021-22 സാമ്പത്തിക വർഷം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ വെട്ടിക്കുറയ്ക്കുന്നത്. 15-ാം ധനകാര്യ കമ്മിഷന്റെ രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുള്ള ശുപാർശയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ