തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ നിയമ സഭയിൽ വീണ്ടും ആരോപണം ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎ‍ൽഎ. അനാഥാലയങ്ങളിൽനിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്നാണ് മാത്യുവിന്റെ പുതിയ ആരോപണം. രേഖകൾ ഉയർത്തിക്കാട്ടിയായിരുന്നു നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. വ്യവസായ വകുപ്പ് ചർച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. അതേസമയം, പ്രസംഗത്തിനിടെ മാത്യുവിന്റെ മൈക്ക് സ്പീക്കർ എ.എൻ. ഷംസീർ ഓഫ് ചെയ്തു.

രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടാണ് മാത്യു കുഴൽ നാടന്റെ മൈക്ക് സ്പീക്കർ എഎൻ ഷംസീർ ഓഫ് ചെയ്തത്.

'സി.എം.ആർ.എല്ലിൽനിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആർ.ഒ.സി. അയച്ചൊരു നോട്ടീസിൽ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളിൽനിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകൾ അനാഥാലയങ്ങളിൽനിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളിൽനിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക', മാത്യു ചോദിച്ചു.

മാസപ്പടിയിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ എഴുന്നേറ്റത്. നിങ്ങൾ ഈ വിഷയം സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. എന്നാൽ മാത്യു കുഴൽനാടൻ പിന്മാറാൻ തയ്യാറായില്ല. പിവി എന്നത് താനല്ല എന്നാണ് പിണറായി പറയുന്നതെന്നും ഹൈക്കോടതി പിണറായിക്ക് നോട്ടീസ് അയച്ചുവെന്നും പിവി താനല്ലെന്ന് ഹൈക്കോടതിയിൽ പിണറായി വിജയൻ പറയട്ടെയെന്നും പറഞ്ഞ മാത്യു പി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കാമെന്നും പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും രേഖകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. എന്നിട്ടും മാത്യു പിന്മാറാൻ തയ്യാറാകാതെ വന്നതോടെ സ്പീക്കർ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കർ ഇടപെട്ടുപറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് ഷംസീർ അറിയിച്ചു. അതേസമയം, തന്റെ ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും തെറ്റാണെങ്കിൽ നിഷേധിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.