- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശപാത നോക്കുകുത്തിയായെന്ന് നിയമസഭയിൽ തിരുവഞ്ചൂർ; ഗണേശിന്റെ മറുപടി
കോട്ടയം: കോട്ടയം നഗര ഹൃദയത്തിൽ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയിൽ ആവശ്യം ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കൽ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണെന്നും ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം തിരുവഞ്ചൂരിനെതിരെ വലിയ തരത്തിൽ പ്രചരണം ഉയർന്നതോടെയാണ് സഭയിൽ വീണ്ടും ഉന്നയിച്ചത്.
എന്നാൽ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്‌തെന്ന് മന്ത്രി ഗണേശ് കുമാർ മറുപടി നൽകി. ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ ,മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും ഗണേശ് കുമാർ പറഞ്ഞു
ചെയ്യാൻ പാടില്ലാത്ത വർക്ക് ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. കോട്ടയം നഗരത്തിൽ വികസനത്തിനുവേണ്ടി വേണമെങ്കിൽ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രി ഗണേശ് കുമാറിന്റെ മറുപടി.
ആകാശ പാതയുടെ നിർമ്മാണം സംബന്ധിച്ച വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടികൾ കലക്ടർ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതാണ്. പദ്ധതി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു അധികൃതർ അന്ന് മറുപടി നൽകിയത്. എന്നാൽ നിർമ്മാണം അനന്തമായി നീളുകയാണ് ഉണ്ടായത്.
ആകാശ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന തൂണുകൾ പൊളിച്ചു കളയണമെന്നും ആവശ്യപ്പെട്ട് എ.കെ. ശ്രീകുമാർ നൽകിയ ഹർജിയാണു ഹൈക്കോടതി അന്ന് പരിഗണിച്ചത്.
നാറ്റ്പാക്കിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കേരള റോഡ് സുരക്ഷ അഥോറിറ്റി കിറ്റ്‌കോയ്ക്ക് നിർദ്ദേശം നൽകിയിരുന്നതായി കലക്ടർ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഗതാഗതത്തെയും കാൽനട യാത്രക്കാരെയും ബാധിക്കാതെ 6 ലിഫ്റ്റുകൾ, 3 സ്റ്റെയർകെയ്‌സുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം നാറ്റ്പാക് എൻജിനീയർമാർ കലക്ടർക്കു റിപ്പോർട്ട്വഴി നൽകിയിരുന്നു.
റോഡ് സുരക്ഷ കമ്മിഷണർ, പിഡബ്ല്യുഡി അധികൃതർ, കിറ്റ്‌കോ, കോട്ടയം റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർ പങ്കെടുത്ത യോഗത്തിൽ റോഡ് സുരക്ഷ കമ്മിഷണറുടെ അനുമതിക്കായി 3 നിർദേശങ്ങൾ കിറ്റ്‌കോ നൽകി. പദ്ധതിക്കായി സ്ഥലലഭ്യത സംബന്ധിച്ച് പരിശോധന നടത്താൻ റോഡ് സുരക്ഷ കമ്മിഷണർ കലക്ടർക്ക് നിർദേശവും നൽകിയിരുന്നു. തുടർന്ന് പരിശോധന നടത്തി.
ലിഫ്റ്റുകളും പടിയും സ്ഥാപിക്കാനാകുമോ എന്നു പരിശോധിക്കുന്നുണ്ടെന്നും ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും കലക്ടർ വിശദീകരിച്ചിരുന്നു. റോഡ് സേഫ്റ്റി കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അനുമതി കാത്തിരിക്കുകയാണെന്നും കോടതിയെ അറിയിച്ചിരുന്നു.