തിരുവനന്തപുരം: മാത്യു കുഴൽനാടൻ എന്ന് കേട്ടാലേ മുഖ്യമന്ത്രി പിണറായി വിജയന് പ്രശ്നമാണ്. കുറച്ചു ദിവസം മുമ്പ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയപ്പോഴും പഴയ വിഷയങ്ങളാണ് ചർച്ചയാകുന്നത്. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാൻ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ലൈഫ് മിഷനിലെ അടിയന്തര പ്രമേയ അനുമതിയിലും മാത്യു കുഴൽനാടൻ കത്തി കയറി. മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷോഭത്തിലാക്കുകയും ചെയ്തു. വ്യക്തമായ മറുപടി പറയാതെ ചട്ടങ്ങളിലൂടെ മുഖ്യമന്ത്രി അതിനെ നേരിട്ടു.

ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലിയുണ്ടായ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തി വയ്‌ക്കേണ്ടിയും വന്നു. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടിസ് നൽകിയ മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് ബഹളത്തിന് കാരണമായത്. ലൈഫ് മിഷനിൽ നടന്നത് ഏറ്റവും ശാസ്ത്രീയമായ അഴിമതിയെന്ന് കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികൾ. ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. എന്നാൽ കുഴൽനാടന്റെ ആരോപണങ്ങൾ പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ക്ലിഫ് ഹൗസിൽ സ്വപ്‌നയും ശിവശങ്കറും യുഎഇ കോൺസലേറ്റ് ജനറലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും കുഴൽനാടൻ ആരോപിച്ചു. ഇതും മുഖ്യമന്ത്രി നിഷേധിച്ചു.

സ്വപ്ന തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇഡി കൊടുത്ത റിപ്പോർട്ട് തെറ്റെന്ന് പറയാമോയെന്നും തെറ്റെങ്കിൽ കോടതിയെ സമീപിക്കണമെന്നും കുഴൽനാടൻ തിരിച്ചടിച്ചു. കുഴൽനാടന്റെ ഉപദേശം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശാന്തരാകാൻ സ്പീക്കർ നൽകിയ നിർദ്ദേശത്തെ ഭരണ പ്രതിപക്ഷാംഗങ്ങൾ തള്ളിയതോടെയാണ് സഭ നിർത്തി വച്ചത്. അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയപ്പോഴേ വിഷയം മുൻപ് ചർച്ച ചെയ്തതാണെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് ചൂണ്ടിക്കാട്ടിയിരുന്നു. പഴയ വീഞ്ഞ്, പുതിയ കുപ്പി, പഴയലേബൽ എന്ന് പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ സഭ നിർത്തിവച്ചു. പിന്നീട് വീണ്ടും തുടർന്നു. അപ്പോൾ റിമാൻഡ് റിപ്പോർട്ടിലെ ചട്ടം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടന്റെ പ്രസംഗത്തിൽ അവസാനമുണ്ടാക്കി.

ലൈഫ് സമാനതകളില്ലാത്ത സ്വപ്നസമാനമായ പദ്ധതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കെതിരായ സംഘടിത ആക്രമണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ കളിയാക്കാൻ എം.ബി.രാജേഷ് കുഞ്ചൻ നമ്പ്യാരുടെ, 'അതുകൊണ്ട് അരിശം തീരാതെ അവർ ആ പുരയ്ക്ക് ചുറ്റും മണ്ടി നടക്കുന്നു' എന്ന വരികളും ഉദ്ധരിച്ചു. സർക്കാരിന്റെ ഭൂമിയിൽ ഒരു സംഘടന കെട്ടിടം പണിയുന്നു. ലൈഫ് മിഷനോ സർക്കാരിനോ ഒരു സാമ്പത്തിക ഉത്തരവാദിത്തവുമില്ല. ലൈഫ് മിഷനിലെ ഒരു ഉദ്യോഗസ്ഥനും കോഴ വാങ്ങിയതായി ആരോപണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കർ ഷംസീറിന്റെ ഇടപെടലാണ് മാത്യു കുഴൽനാടന്റെ പ്രസംഗം അവസാനിപ്പിച്ചത്.

മുമ്പൊരിക്കൽ കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴൽനാടൻ, ലഹരിക്കടത്തിനു സിപിഎം പിന്തുണ നൽകുന്നതായി ആരോപിച്ചതാണ് ബഹളത്തിനു വഴിയൊരുക്കിയത്. അന്ന് മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷ് ആരോപണം നിഷേധിച്ചെങ്കിലും മിതത്വം പാലിച്ചു. എന്നാൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎമ്മിനെ കുറിച്ച് എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി. എന്താണ് മാത്യു കുഴൽനാടൻ അവതരിപ്പിച്ചത്? എന്തും വിളിച്ചു പറയുന്ന ആളായതു കൊണ്ട് കോൺഗ്രസ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്? എന്തിനും അതിരു വേണം. അതു ലംഘിക്കാൻ പാടില്ല- മുഖ്യമന്ത്രി പറഞ്ഞു. കുഴൽനാടന്റെ ആരോപണത്തിന് സമാനമായ പലതും മുമ്പും സഭയിൽ പലരും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ ഓരോ വിഷയത്തിലും വിമർശിക്കുകയാണ് പ്രതിപക്ഷ കടമ. അതു ചെയ്ത കുഴൽനാടനെ മുഖ്യമന്ത്രി വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചു. ഇതിന് കാരണം ആ പഴയ എക്സോലോജിക് ആരോപണമാണത്രേ എന്നും വിലയിരുത്തലെത്തി.

അതിനിടെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് മോശമായി സംസാരിക്കുന്നുവെന്നു മാത്യു കുഴൽനാടൻ രംഗത്തു വന്നിട്ടുണ്ട്. താൻ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനെതിരെ 'എന്തും പറയാമെന്നാണോ' എന്നു ചോദിച്ചുകൊണ്ടു മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. അതിന്റെ ആവശ്യമൊന്നുമില്ല. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് അംഗത്തിന്റെ ബാധ്യതയാണ്. മുൻപ് സ്പ്രിൻക്ലർ ആരോപണത്തിൽ ഉൾപ്പെട്ട ജെയ്ക് ബാലകുമാർ പിണറായിയുടെ മകൾ വീണയുടെ മെന്ററാണെന്നു താൻ നിയമസഭയിൽ പറഞ്ഞപ്പോൾ പച്ചക്കള്ളം, അസംബന്ധം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. പിന്നീട് അതിന്റെ തെളിവു വന്നപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നെന്നും മാത്യു അന്ന് പറഞ്ഞു. അതിന് സമാനമായ വാദ പ്രതിവാദമാണ് ലൈഫ് മിഷനിലും കണ്ടത്. മുഖ്യമന്ത്രി തന്നെ ലൈഫ് മിഷനിലെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ചാടി ഏണീറ്റു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയെ മെന്റർ ചെയ്യാൻ ജെയ്ക്ക് ബാലകുമാർ ഉണ്ടായിരുന്നുവെന്ന കാര്യം മുഖ്യമന്ത്രിക്ക് അംഗീകരിക്കെണ്ടി വന്നതിന് പിന്നിൽ കുഴൽനാടനായിരുന്നു. താൻ പൊതുസമൂഹത്തിൽ പറഞ്ഞ കാര്യം തെളിയിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഈ അവകാശ ലംഘന നോട്ടീസിന് മുഖ്യമന്ത്രി നൽകിയ വിശദീകരണവും അതിന്മേൽ സ്പീക്കർ നടത്തിയ റൂളിങ്ങിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി കുഴൽനാടൻ പറഞ്ഞിരുന്നത് നേരത്തെ വൈറലായിരുന്നു. വീണ വിജയന്റെ എക്‌സാലോജിക്ക് എന്ന കമ്പനിയുടെ മെന്ററായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്ന ജെയ്ക്ക് ബാലകുമാർ പ്രവർത്തിച്ചിരുന്നു എന്ന ഫാക്ടിനെ ഇതുവരെ അംഗീകരിച്ചിരുന്നില്ല. ജൂറിസ്റ്റിക് പേഴ്‌സണാലിറ്റി ഉള്ള ഒരു കമ്പനിയുടെ മെന്ററായാണ് ജേയ്ക്ക് പ്രവർത്തിച്ചിരുന്നതെന്നും അതുകൊണ്ട് മകളെ മെന്റർ ചെയ്തു എന്ന് പറയാനാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ എക്‌സാലോജിക്ക് എന്ന കമ്പനിക്ക് മറ്റ് ഡയറക്ടേഴ്‌സ് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു

മെന്റർ ആയി പ്രവർത്തിച്ചയാളുടെ പേര് കമ്പനി വെബ് സൈറ്റിൽ നിന്ന് നീക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ആരെയും വ്യക്തിപരമായി ആക്രമിക്കുക എന്ന ഉദ്ദേശം തനിക്കില്ലെന്നും താൻ പൊതു സമൂഹത്തിന് മുന്നിൽ വിഷയം വ്യക്തമാക്കിക്കഴിഞ്ഞതായും മാത്യു കുഴൽനാടൻ പ്രതികരിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിനിടെ താൻ, മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി എതിർത്തിരുന്നുവെന്നും എംഎൽഎ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സഭയിൽ പറഞ്ഞതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണോയെന്ന് ജനം വിലയിരുത്തട്ടെയെന്നും താൻ ഈ വിഷയുമായി മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. തന്റെ വാദം മുഖ്യമന്ത്രി തള്ളിയതോടെ ഇത് അവകാശ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് വാദം ശരിയാണെന്ന് തെളിയിക്കുന്ന രേഖകളുൾപ്പെടെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് മാത്യു കുഴൽനാടൻ നൽകിയിരുന്നു. ഇതെല്ലാം പിണറായിയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് കരുനാഗപ്പള്ളിയിലെ അടിയന്തര പ്രമേയ ചർച്ചയിൽ കുഴൽനാടനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്. ഇതിന്റെ തുടർച്ചയായിരുന്നു ലൈഫ് മിഷനിലും കണ്ടത്.