ബ്രഹ്മപുരത്തെ ഒടുങ്ങാത്ത പകയും പിന്നെ സ്വപ്നാ സുരേഷിന്റെ തീരാത്ത വെളിപ്പെടുത്തലുകൾ; നിയമസഭ വീണ്ടും ചേരുമ്പോൾ സർക്കാരിനെ വിയർപ്പിക്കാൻ ആയുധങ്ങളുമായി പ്രതിപക്ഷം; കൊച്ചിയിലെ പുക സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തും; പ്രതിപക്ഷ ബഹളം തുടർന്നാൽ സമ്മേളനം വെട്ടിചുരുക്കാനും സാധ്യത; എല്ലാ കണ്ണും സ്പീക്കർ ഷംസീറിലേക്ക്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭ വീണ്ടും ചേരുമ്പോൾ പ്രതിപക്ഷത്തിന് മുന്നിലുള്ളത് ഒരു പിടി ആയുധങ്ങൾ. കൊച്ചി ബ്രഹ്മപുരത്തെ അടങ്ങാത്ത പുകയും 30 കോടി രൂപ വാഗ്ദാനം ചെയ്ത്, സ്വർണക്കടത്തു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ പേരിൽ അനുരഞ്ജനത്തിനു നീക്കം നടന്നുവെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും നിയമസഭയെ പ്രക്ഷുബ്ധമാക്കും. മുഖ്യമന്ത്രിയുടെ മറുപടിയും നിർണ്ണായകമാകും. കുറച്ചു ദിവസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മാലിന്യ പ്രശ്നത്തിൽ അടക്കം മുഖ്യമന്ത്രിയുടെ നിലപാടിന് വേണ്ടി കാതോർക്കുകയാണ് കേരളം.
ഈ മാസം 30 വരെയാണ് സമ്മേളനം. പ്രതിപക്ഷപ്രതിഷേധം ശക്തമായാൽ സമ്മേളനം വെട്ടിച്ചുരുക്കിയേക്കാം. എന്നാൽ, ബജറ്റിലെ ധനാഭ്യർഥനകളും ധനബില്ലും ഒക്കെ പാസാക്കേണ്ടതിനാൽ നിശ്ചിതദിവസം ഇനിയും സമ്മേളിക്കേണ്ടിവരും. അതിനാൽ സഭ പെട്ടെന്ന് പിരിയാവുന്ന സാഹചര്യമല്ല. എങ്കിലും നടപടി ക്രമം വേഗത്തിലാക്കി പിരിയാനും ശ്രമിക്കും. സ്വർണ്ണ കടത്തിൽ നിയമസഭയിൽ നടക്കുന്ന ചർച്ചകൾ വലിയ ചർച്ചയാകും. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തതും സർക്കാരിന് മറുപടി പറയേണ്ട വിഷയമാകും. ഈ സമ്മേളന കാലത്ത് വീണ്ടും രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിക്കുമോ എന്നതും നിർണ്ണയാകമാണ്.
സഭയിൽ നിഷ്പക്ഷ നിലപാടുകളാണ് സ്പീക്കർ എ എൻ ഷംസീർ പലപ്പോഴും സ്വീകരിക്കുന്നത്. ഭരണ പക്ഷത്തെ പോലും വിമർശിക്കുന്നു. ഈ നിലപാട് സിപിഎമ്മിനെ പോലും ഞെട്ടിച്ചിട്ടുണ്ട്. സ്വർണ്ണ കടത്തിലെ ആരോപണം സഭയിലെത്തിയാൽ സ്പീക്കർ എഠുക്കുന്ന നിലപാടും നിർണ്ണായകമാണ്. സ്വപ്നയുടെ ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഉണ്ടാകുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നു. സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ല എന്ന എം വിഗോവിന്ദന്റെ പ്രസ്താവനയും സഭയിൽ ചർച്ചയാകും. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ ജനപങ്കാളിത്തം കുറയുന്നതും അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങളും പ്രതിപക്ഷം ആയുധമാക്കും.
ബ്രഹ്മപുരത്തു തീ അണയ്ക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടില്ല എന്നാണു സർക്കാരും മന്ത്രിമാരും ആവർത്തിക്കുന്നത്. മാലിന്യസംസ്കരണത്തിനു സർക്കാരിനു മുന്നിൽ വഴികളില്ലെന്നും തീർത്തും പരാജയമാണെന്നുമാണു പ്രതിപക്ഷം പറയുന്നത്. ഇത് തന്നെയാകും പ്രധാന ആയുധമായി പ്രതിപക്ഷം ഉയർത്തുക. ആറ്റുകാൽ പൊങ്കാല, ചെന്നൈയിൽ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം എന്നിവ പ്രമാണിച്ചാണു സഭാ സമ്മേളനം കഴിഞ്ഞ ചൊവ്വ മുതൽ നിർത്തിവച്ചത്. ഈ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ധനാഭ്യർഥനകളിലെ ചർച്ചകൾ 21,21 തീയതികളിലേക്കു മാറ്റിയിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിലും സ്വപ്നാ സുരേഷിന്റെ പുതിയ ആരോപണങ്ങളിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തയ്യാറെടുപ്പ്. സ്വപ്നാ സുരേഷ് വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുവദിക്കുമോ എന്നതും നിർണ്ണായകമാണ്. എന്നാൽ അദ്യ ദിനം ഇതുയർത്തില്ല. പകരം ബ്രഹ്മപുരം ചർച്ചയാക്കും.
കൊച്ചിയിലെ ജനജീവിതം ദുസ്സഹമാക്കിയ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം തിങ്കളാഴ്ച പ്രതിപക്ഷം അടിയന്തരപ്രമേയമായി ഉന്നയിച്ചേക്കും. മുഖ്യമന്ത്രിയുടെ മറുപടിയും ആവശ്യപ്പെടും. തീപ്പിടിത്തമുണ്ടായി 11 ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നാ സുരേഷിന്റെ ആരോപണങ്ങൾ ഏറ്റുപിടിക്കുന്നില്ലെങ്കിലും അതിനെതിരേ എന്തുകൊണ്ട് മുഖ്യമന്ത്രിയും പാർട്ടിയും നിയമനടപടി സ്വീരിക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ ഉയർത്തിയിരുന്നു. ഇതു വീണ്ടും സജീവമാക്കും.
കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചോദ്യം കൂടുതൽ പ്രസക്തമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ തിങ്കളാഴ്ച രാവിലെ കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചും തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ