പ്രതിപക്ഷ നേതാവ് വികാര ഭരിതനെന്ന് മുഖ്യമന്ത്രി; കുഴൽനാടന്റെ പ്രസംഗത്തിൽ ബാലൻസ് തെറ്റിയത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്ന് വിഡിയുടെ തിരിച്ചടി; പ്രതിപക്ഷ എംഎൽഎമാരുടെ പ്രസംഗമെല്ലാം തന്റെ അറിവോടെയെന്ന സതീശൻ പറഞ്ഞതോടെ എല്ലാം പൊളിഞ്ഞു; അടിയന്തരം അനുവദിക്കില്ലെന്ന് സ്പീക്കറും; സർവ്വകക്ഷി യോഗത്തിൽ സംഭവിച്ചത്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ നടന്നത് ഭരണ പ്രതിപക്ഷ പോര്. നിയമസഭയിൽ പ്രതികരിക്കാൻ താൽപ്പര്യം കാട്ടാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഈ യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കടന്നാക്രമിച്ചു. അതിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും കിട്ടി. ഇന്നത്തെ അടിയന്തര പ്രമേയവും അനുവദിക്കില്ലെന്ന് സപീക്കർ അവസാനം നിലപാട് എടുത്തതോടെ സർവ്വ കക്ഷിയോഗം പ്രഹസനമായി. പ്രശ്ന പരിഹാരത്തിനുള്ള ഒന്നും സംഭവിച്ചില്ല. ഇതോടെ ഇനിയുള്ള ദിനങ്ങളിലും പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ആടി ഉലയും. ഇത്തരം യോഗങ്ങളിൽ സാധാരണ സ്പീക്കറാണ് ആധികാരിക കേന്ദ്രമായി മാറുക. എന്നാൽ ഇന്ന് എല്ലാ അർത്ഥത്തിലും യോഗത്തെ നിയന്ത്രിച്ചതും ഇടപെടൽ നടത്തിയതും മുഖ്യമന്ത്രിയാണ്.
അടിയന്തര പ്രമേയങ്ങൾ അനവദിക്കുക, ഇതിനൊപ്പം പ്രതിപക്ഷ എംഎൽഎമാരെ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കു എന്നതായിരുന്നു പ്രതിപക്ഷ ആവശ്യങ്ങൾ. ഇതിൽ അടിയന്തര പ്രമേയമെല്ലാം അനുവദിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ അഭിപ്രായം പറയേണ്ടത് സ്പീക്കറാണ്. സഭാ ചട്ടങ്ങളിൽ വേണം തീരുമാനം വരാൻ. ഇവിടെയാണ് മുഖ്യമന്ത്രി ഇടപെട്ട് നിലപാട് പറഞ്ഞത്. അടിയന്തര പ്രമേയത്തിന് അവതരാണനുമതി തേടലും. അത് പ്രമേയ അവതാരകന്റേയും ബന്ധപ്പെട്ട മന്ത്രിയുടേയും ചർച്ചകൾക്ക് ശേഷം തീരുമാനം എടുക്കുകയുമാണ് പതിവ്. എന്നാൽ പ്രമേയ അവതരണാനുമതി തേടൽ പോലും അനുവദിക്കുന്നില്ല. വിവാദ വിഷയങ്ങളിൽ പ്രതികരണം ഒഴിവാക്കാനാണ് ഇതെല്ലാം.
വിഡി സതീശനും പിണറായിയും തമ്മിലെ കൊമ്പു കോർക്കലായിരുന്നു യോഗം. സഭയിലെ കക്ഷിനേതാക്കളും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറുമായിരുന്നു പങ്കെടുത്തത്. പലപ്പോഴും പിണറായിയും സതീശനും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് വികാര ഭരിതനാണെന്നും ബാലൻസ് ഇല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ആർക്കാണ് ബാലൻസില്ലെന്ന് അറിയാമെന്നും ജൂനിയർ എംഎൽഎയായ മാത്യു കുഴൽ നാടൻ പ്രസംഗിക്കുമ്പോൾ പോലും ചാടി ഏണീറ്റ് ബഹളമുണ്ടാക്കുന്ന മുഖ്യമന്ത്രിയെ യോഗത്തിൽ സതീശൻ വരച്ചു കാട്ടി. കുഴൽ നാടൻ പ്രസംഗിച്ചപ്പോൾ മൂന്ന് തവണ അല്ലേ എഴുന്നേറ്റതെന്നായിരുന്നു മറു ചോദ്യം. അങ്ങനെ ബാലൻസ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കിട്ടി.
ഇതിനിടെ പ്രതിപക്ഷത്തെ എംഎൽഎമാർ പ്രസംഗിക്കുന്നതെല്ലാം വിഡി സതീശന്റെ അറിവോടെയാണെന്നായിരുന്നു ആരോപണം. എന്നാൽ പ്രതിപക്ഷത്തെ എല്ലാവരും എന്നോട് സംസാരിച്ച് തന്നെയാണ് എല്ലാം ഉന്നയിക്കുന്നതെന്ന് സതീശനും തിരിച്ചടിച്ചു. ഇതോടെ വീണ്ടും മുഖ്യമന്ത്രിക്ക് അടിതെറ്റി. എംഎൽഎമാരെ അക്രമിച്ചവർക്കെതിരെ നടപടി എടുക്കില്ലെന്നും ഇതിനിടെ വ്യക്തമാക്കി. ഒപ്പം അടിയന്തര പ്രമേയം അനുവദിക്കുന്ന വിഷയത്തിൽ സ്പീക്കറും നിലപാട് പറഞ്ഞു. ഇന്നത്തെ അടിയന്തര പ്രമേയ വിഷയം പോലും പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കർ അറിയിച്ചത്. ഇതോടെ ചർച്ചയും തീർന്നു. ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നതായിരുന്നു മുഖ്യമന്ത്രിയുടെ യോഗത്തിലെ പൊതു നയമെന്നാണ് പ്രതിപക്ഷം പറയുന്നത്.
അടിയന്തര പ്രമേയ നോട്ടീസ് അനുദവിച്ചില്ലെങ്കിൽ സഭ സുഗമമായി നടക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ നേതാവാണ് പ്രകോപനമുണ്ടാക്കുന്നതെന്നും വൈകാരികമായി കാര്യങ്ങൾ കൊണ്ടു പോകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇതോടെയാണ് സർവ്വ കക്ഷി യോഗത്തിന്റെ ബലൻസ് പോലും തെറ്റിയത്. അങ്ങനെ വെറുതെ ഒരു യോഗമായി അതു മാറി. കക്ഷി നേതാക്കളുടെ യോഗത്തിൽ ഒരുതരത്തിലും വിട്ടു വീഴചയ്ക്കില്ലെന്ന് ഭരണ പ്രതിപക്ഷം നിലപാടെടുത്തതോടെ നിയമസഭ സുഗമമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പായി.
യോഗത്തിന് ശേഷം സഭാതലത്തിലെത്തിയ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്പീക്കറിന്റെ ഡയസിനു താഴെ പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കർ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്തു. തുടർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ