പ്രതിപക്ഷത്തിനെതിരെ ജാമ്യമില്ലാ കേസ്; വാദികൾ പ്രതികളായെന്ന് വിഡി സതീശൻ; എല്ലാം മേശപ്പുറത്ത് വയ്പ്പിച്ച് നടപടികൾ അതിവേഗം തീർത്ത് സ്പീക്കർ; ചോദ്യോത്തര വേള പോലും വേണ്ടെന്ന വച്ച് തീരുമാനം; ലൈഫ് മിഷനിലും സ്വപ്നാ സുരേഷിലും ചോദ്യങ്ങൾക്ക് മറുപടി ഒഴിവാക്കാനോ ഈ തന്ത്രം; ഇനി എന്നും നിയമസഭ നേരത്തെ പിരിയാൻ സാധ്യത
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇനി എന്നും നിയമസഭ നേരത്തെ പിരിയാൻ സാധ്യത. പ്രതിപക്ഷ പ്രതിഷേധത്തിന്റെ മറവിൽ നടപടിക്രമമെല്ലാം പൂർത്തിയാക്കി നേരത്തെ പിരിയുകയാണ് തന്ത്രം. ഇന്നും ഒൻപത് മിനിറ്റ് മാത്രമാണ് സഭ ചേർന്നത്. തിങ്കളാഴ്ചയാണ് ഇനി സഭയുള്ളത്.
സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിഷേധവുമായി പ്രതിപക്ഷം എത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പ്രതിപക്ഷ എംഎൽഎമാരുടെ പരാതിയിൽ ജാമ്യമുള്ള വകുപ്പ് പ്രകാരം കേസും. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.
ചോദ്യോത്തര വേള വരെ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിൻദേവ് എംഎൽഎ പറഞ്ഞു. സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പ്ലേക്കാർഡ്മായി പ്രതിപക്ഷം നടുതളത്തിൽ ഇറങ്ങി. ചോദ്യോത്തരവേള ബാക്കി റദ്ദ് ചെയ്തു. സബ്മിഷൻ മേശപ്പുറത്ത് വച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കർ പറഞ്ഞു. ഒൻപത് മിനിറ്റ് മാത്രമാണ് സഭ നടന്നത്. തുടർന്ന് സഭ പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും. വിവാദങ്ങളിൽ സർക്കാരിന് മറുപടി പറയാൻ താൽപ്പര്യമില്ല. ഇതാണ് പ്രശ്നമെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇന്നലെ നാടകീയ നീക്കങ്ങളാണ് നടക്കുന്നത്. ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേളയിൽ ഒന്നാമത്തെ ചോദ്യത്തിനുശേഷം സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി.രാജേഷും ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച ചോദ്യത്തിനു നേരിട്ടു മറുപടി പറയുന്നതിൽ നിന്ന് ഒഴിവാകുകയായിരുന്നു. ഇതു തന്നെയാണ് ഇന്നും സംഭവിച്ചത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചശേഷം ആദ്യമായാണു ലൈഫ് മിഷൻ സംബന്ധിച്ച ചോദ്യം സഭയിൽ മുഖ്യമന്ത്രി നേരിടേണ്ടിവന്നത്.
ഇന്നലെ ഏതാനും പ്രതിപക്ഷ എംഎൽഎമാർ പ്ലക്കാർഡുമായി സ്പീക്കറുടെ ഡയസിനു മുൻപിൽ പ്രതിഷേധിക്കുന്നതിനിടെയാണു മന്ത്രി ജി.ആർ.അനിൽ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. രണ്ടാമത്തെ ചോദ്യമായിരുന്നു ലൈഫ് മിഷൻ സംബന്ധിച്ചുള്ളത്. ഈ ചോദ്യത്തിനു മറുപടി നൽകേണ്ടിയിരുന്നതു മന്ത്രി എം.ബി.രാജേഷ്. നാലാമത്തേതുൾപ്പെടെ 3 ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മറുപടി പറയേണ്ടത്. പ്രതിപക്ഷത്തിന്റെ ചോദ്യമായതിനാൽ ഈ വിഷയത്തിൽ ഒട്ടേറെ ഉപചോദ്യങ്ങളുമുണ്ടാകുമായിരുന്നു.
എന്നാൽ, മന്ത്രി അനിൽ മറുപടി നൽകിയപ്പോഴുണ്ടായിരുന്ന പ്രതിഷേധത്തിനപ്പുറം പ്രതിപക്ഷ എംഎൽഎമാർ പ്രകോപനം സൃഷ്ടിച്ചില്ലെങ്കിലും ലൈഫ് മിഷൻ ചോദ്യം വരുന്നതിനു മുൻപായി സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. ഇതോടെ ഉത്തരം നേരിട്ടു സഭയിൽ പറയാതെ മുഖ്യമന്ത്രി ചോദ്യകർത്താക്കൾക്കു മറുപടി ലഭ്യമാക്കുകയാണു ചെയ്തത്. സാധാരണ ചെറിയ പ്രതിഷേധങ്ങൾക്കിടയിലും സഭ തുടരാറാണ് പതിവ്.
ലൈഫ് മിഷൻ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ ഉത്തരങ്ങളും:
ചോദ്യം 1: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണോ?
ഉത്തരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ദുബായ് ആസ്ഥാനമായ റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചിട്ടില്ല.
ചോദ്യം 2: സംസ്ഥാന സർക്കാർ വിദേശസഹായം ലഭ്യമാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കാമോ?
ഉത്തരം: കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായാണു വിദേശസഹായം സ്വീകരിക്കേണ്ടത്. ലൈഫ് മിഷൻ റെഡ് ക്രസന്റിൽനിന്നു ധനസഹായം സ്വീകരിച്ചിട്ടില്ല.
ചോദ്യം 3: റെഡ് ക്രസന്റിൽനിന്നു ലൈഫ് മിഷനു സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ കോൺസൽ ജനറലും കോൺസുലേറ്റ് ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയിട്ടുണ്ടോ?
ഉത്തരം: ഇല്ല.
മറുനാടന് മലയാളി ബ്യൂറോ