'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്'; സ്പീക്കറോടായി മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ; ബഹളം വെച്ചു പ്രതിപക്ഷ എംഎൽഎമാർ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു സ്പീക്കർ; ഇത് കൗരവ സഭയോ? എന്നു ചോദിച്ചു സർക്കാറിനെതിരെ വി ഡി സതീശനും; സഭക്കുള്ളിൽ നടന്നത്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ അടക്കം സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി വേളയിലാണ് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയങ്ങൾ തുടർച്ചയായി അവതരണ അനുമതി നിഷേധിച്ചത്. ഇതോടെ സ്പീക്കർക്കെതിരെയാണ് കുറച്ചു ദിവസങ്ങളായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇന്ന് ഈ വിഷയമാണ് കയ്യാങ്കളിയുടെ ഘട്ടത്തിലേക്ക് എത്തിയതും.
പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ ഭരണപ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. 'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്'മന്ത്രി സ്പീക്കറോടായി പറഞ്ഞു. ഇതോടൊണ് പ്രതിപക്ഷം കൂടുതൽ ബഹളം വെച്ചത്.
16 വയസുള്ള പെൺക്കുട്ടി പട്ടാപകൽ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നൽകിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കർ നിലപാട് എടുത്തതോടെ പ്രതിപക്ഷ സ്പീക്കർക്കെതിരെ തിരിഞ്ഞു. സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോ എന്ന് വി ഡി സതീശൻ ചോദിച്ചു. ഇത്തരം പരാമർശം പ്രതിപക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഇതിന് ശേഷമാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധം നടത്തിയത്. സ്പീക്കറുടെ ഓഫിസ് ഉപരോധത്തിനിടെ ചാലക്കുടി എംഎൽഎ സനീഷ് കുമാർ കുഴഞ്ഞുവീണു. എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. നിയമസഭയിൽ അസാധാരണ പ്രതിഷേധമാണ് നടക്കുന്നത്. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. തന്നെ കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ