രാജ്യസഭാ എം പി യായ എ എ റഹീമിന്റെ പേരിൽ 37 ക്രിമിനൽ കേസുകൾ ഉണ്ടെങ്കിലും 'കാപ്പ'യുടെ കാറ്റ് പോലും വീശില്ല; '19 കേസുകളിലെ പ്രതിയായ' ഫർസീൻ മജീദിന്റെ മേൽ ആകെ ഉള്ളത് ഏഴ് കേസെന്ന് രേഖാമൂലം മുഖ്യമന്ത്രിയുടെ മറുപടി; പിണറായി പറഞ്ഞ കള്ളം പ്രതിപക്ഷം പൊളിച്ചത് ഇങ്ങനെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറയാറുണ്ടോ? ഉണ്ടെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. അടുത്തിടെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വലിയൊരു കള്ളം പ്രതിപക്ഷം കൈയോടെ പിടിച്ച് പൊളിച്ചു കൊടുത്തിരിക്കുകയാണ് ഇപ്പോൾ . മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെക്കുറിച്ചാണ് മുഖ്യമന്ത്രി സഭയിൽ സത്യമല്ലാത്ത പ്രസ്താവന നടത്തിയത്. ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നീക്കം ആരംഭിച്ചിരിക്കുന്ന സമയത്ത് ആണ് പിണറായിയുടെ കള്ള പ്രസ്താവന പൊളിയുന്നത് എന്നതാണ് ശ്രദ്ധേയം.
ഫർസീൻ മജീദ് 19 കേസുകളിലെ പ്രതിയാണെന്നായിരുന്നു നിയമ സഭയിലെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ കളവാണെന്ന് വ്യക്തമായിരിക്കുന്നത്. പിണറായി കള്ളം പറയുകയാണെന്ന് അന്ന് തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ നിയമസഭാ മറുപടിയിലൂടെ തന്നെയാണ് അദ്ദേഹം പറഞ്ഞ കാര്യം വാസ്തവമല്ലെന്ന് തെളിയുന്നത്.
ഡോ.എം.കെ.മുനീർ, സജീവ് ജോസഫ് എന്നിവരാണ് ഫർ സീൻ മജീദിനെതിരായ കേസുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് നിയമസഭയിൽ രേഖാമൂലം ചോദ്യങ്ങൾ ഉന്നയിച്ചത്. ഫർസീൻ മജീദിനെതിരെ എത്ര കേസുകൾ ഉണ്ട് എന്ന് ആയിരുന്നു ചോദ്യം. വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിലുള്ള കേസ് ഉൾപ്പെടെ ഫർസീൻ മജീദിന്റെ പേരിൽ 7 കേസുകൾ ഉണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. നേരത്തെ മുഖ്യമന്ത്രി പറഞ്ഞ 19 കേസുകൾ ഇതോടെ ആവിയായി പോയി. മുഖ്യമന്ത്രി കള്ളം പറഞ്ഞതാണെന്ന് വ്യക്തവുമായി .
കണ്ണൂർ ടൗൺ, മട്ടന്നൂർ, വലിയതുറ പൊലീസ് സ്റ്റേഷനുകളിലാണ് ഫർസീൻ മജീദിനെതിരെ കേസുകൾ നിലവിലുള്ളത്. വിമാനത്തിലെ പ്രതിഷേധം ഒഴിച്ചുള്ള കേസുകൾ പരിശോധിക്കുമ്പോൾ എല്ലാം രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. ഫർസീനെതിരെ കാപ്പ ചുമത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന വിവരങ്ങൾ ആണിത് .
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 2(ഒ), 2(പി) വകുപ്പുകളിലെ വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തി അറിയപ്പെടുന്ന ഗുണ്ട എന്ന നിർവചനത്തിന് കീഴിൽ വരികയും ആ വ്യക്തിയുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് സാധാരണ നിയമപ്രകാരമുള്ള നടപടികൾ പോരാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് കാപ്പ നിയമം പ്രയോഗിക്കുന്നത്.
ഫർസീൻ മജീദിനേക്കാൾ കൂടുതൽ ക്രിമിനൽ കേസുള്ള രാഷ്ട്രീയക്കാർക്കെതിരെ കാപ്പ ചുമത്തുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെയും രാജ്യസഭാ എം പി മാർക്കെതിരെയും എത്ര ക്രിമിനൽ കേസുണ്ടെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിന് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഈ ചോദ്യത്തിന് മറുപടി നൽകിയാൽ കുടുങ്ങുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി മറുപടി നൽകാതിരുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സി പി എമ്മിന്റെ രാജ്യസഭാ എം പി യായ എ എ റഹീമിന്റെ പേരിൽ 37 ക്രിമിനൽ കേസുകളാണ് ഉള്ളത്. ലിസ്റ്റ് പരിശോധിച്ചാൽ കൂടുതൽ സി പി എം നേതാക്കളുടെ കേസ് വിവരം പുറത്തുവരും. ഈ സാഹചര്യം ഒഴിവാക്കുകയായിരുന്നു മുഖ്യമന്ത്രി. ഏതായാലും ഫർസീൻ മജീദിനെതിരെ മുഖ്യമന്ത്രി നടത്തിയ കള്ള പ്രസ്താവന പൊളിച്ചതിന്റെ സന്തോഷത്തിലാണ് പ്രതിപക്ഷം.