പ്രകൃതി ദുരന്തമുണ്ടായ കൊക്കയാർ, കൂട്ടിക്കൽ, നിലമ്പൂർ എന്നിവിടങ്ങളിൽ പുനരധിവാസ നടപടികൾ വൈകുന്നു; ഭൂരിപക്ഷം പേർക്കും നഷ്ടപരിഹാരമായി ലഭിച്ചത് നാമമാത്ര തുക; പുനരധിവാസ പദ്ധതി വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഉരുൾപൊട്ടലും പ്രകൃതിക്ഷോഭവുമുണ്ടായ കൊക്കയാർ, കൂട്ടിക്കൽ, നിലമ്പൂർ മേഖലയിൽ പുനരധിവാസ നടപടികൾ വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം സബ്മിഷനായാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അദ്ദേഹം വിഷം അവതരിപ്പിച്ചത് ഇങ്ങനെ:
2021 ഒക്ടോബർ ആറിന് ഇടുക്കി ജില്ലയിലെ കൊക്കയാർ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ എന്നിവിടങ്ങളിലും 2019 ഓഗസ്റ്റ് എട്ടിന് മലപ്പുറം ജില്ലയിലെ നിലമ്പൂർ കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും വീടുകൾക്കും കൃഷിയിടങ്ങൾക്കും വലിയതോതിൽ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവങ്ങൾക്ക് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല.
കൊക്കയാറിലും കൂട്ടിക്കലിലും വീട് തകർന്ന ഭൂരിപക്ഷം പേർക്കും നഷ്ടപരിഹാരമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. വീടും സ്ഥലവും വാങ്ങുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും യാഥാർത്ഥ്യബോധമില്ലാതെ തയ്യാറാക്കിയ മാനദണ്ഡങ്ങൾ കാരണം പലർക്കും 20% തുക പോലും ലഭിച്ചിട്ടില്ല. പലരും അപകട സാധ്യതയുള്ള പഴയ വീടുകളിൽ തന്നെ താമസിക്കുകയോ സ്വന്തം നിലയിൽ വാടക വീട് എടുത്ത് മാറി താമസിക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയ പ്രദേശത്തെ വീടുകളിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. ഇത്തരം ആളുകൾ ജീവൻ പണയം വെച്ച് വീടുകളിൽ തന്നെ തുടരുകയോ സ്വന്തം നിലയിൽ വാടക വീടുകളിലേക്ക് മാറുകയോ ആണ് ചെയ്തിട്ടുള്ളത്.
ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ ആരംഭിച്ച താൽക്കാലിക ക്യാമ്പുകൾ ഒന്നരമാസം കഴിഞ്ഞപ്പോൾ അടച്ചുപൂട്ടി. നഷ്ടപരിഹാരമായി നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത് എന്ന് ബോധ്യപ്പെട്ടപ്പോൾ മാറി താമസിക്കുവാൻ മറ്റു വഴികൾ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം പേരും. വീടുകൾക്ക് ഉണ്ടായ കേടുപാടുകളുടെ മാത്രം അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക അനുവദിക്കുന്ന അപ്രയോഗികമായ മാനദണ്ഡം പരിഷ്‌കരിച്ചു കൊണ്ട് ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ദുരന്ത ഭീഷണി നേരിടുന്ന എല്ലാ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കാൻ പര്യാപ്തമായ പുനരധിവാസ പാക്കേജ് നടപ്പാക്കുവാൻ സർക്കാർ തയ്യാറാകണം.
മണ്ണിടിച്ചിൽ തകർന്നു പോയ കൂട്ടിക്കൽ-ഏന്തിയാർ ഈസ്റ്റ് പാലം അടിയന്തരമായി പുനർ നിർമ്മിക്കണം. ഇടുക്കി കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതുമൂലം കൊക്കയാർ മേഖലയിലെ കുട്ടികൾ സ്‌കൂളിൽ പോകുന്നത് ഉൾപ്പെടെ നാട്ടുകാരുടെ ദൈനംദിന ജീവിതത്തിൽ വലിയബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഏഴു മരണങ്ങൾ സംഭവിച്ച പൂവഞ്ചി വാർഡിൽ ഒലിച്ചുപോയ റോഡിന് നാളിതുവരെ സംരക്ഷണഭിത്തി നിർമ്മിക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. പൂർണ്ണമായും തകർന്നു പോയ കല്ലേപ്പാലം കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല. ഈ കാര്യങ്ങളിൽ അടിയന്തരമായ സർക്കാർ ഇടപെടൽ ഉണ്ടാകണം.
കവളപ്പാറയിൽ ഉരുൾപൊട്ടലിനെ തുടർന്ന് 32 പട്ടികവർഗ്ഗ കുടുംബങ്ങളെ പോത്തുകല്ലിലുള്ള താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഹൈക്കോടതി നിർദ്ദേശാനുസരണം സർക്കാർ ധനസഹായത്തോടെ ഇവർ സ്വന്തം നിലയ്ക്ക് വാങ്ങിയ 10 സെന്റ് വീതമുള്ള ഭൂമിയിൽ കുറച്ചു വീടുകൾ നിലവിൽ നിർമ്മിച്ചു. എന്നാൽ ഇത്രയും പട്ടികവർഗ്ഗ കുടുംബങ്ങൾ ഒരുമിച്ച് താമസിക്കേണ്ട പ്രസ്തുത സ്ഥലത്ത് കുടിവെള്ള സൗകര്യം ഒരുക്കുന്നതിനോ ഗതാഗത സൗകര്യം ഉണ്ടാക്കുന്നതിനോ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാതെ മേൽപ്പറഞ്ഞ ക്യാമ്പിൽ നിന്നും പട്ടികവർഗ്ഗ കുടുംബങ്ങളെ നിർബന്ധപൂർവ്വം ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.
കൊക്കയാർ, കൂട്ടിക്കൽ, കവളപ്പാറ എന്നിവിടങ്ങളിൽ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്ന രീതിയിൽ നഷ്ടപരിഹാരത്തുക ഉയർത്തി നൽകുന്നതിനും ദുരന്ത സാധ്യത മേഖലയിൽ ഉള്ളവരെ പൂർണ്ണമായും പുനരധിവസിപ്പിക്കുന്നതിനും റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനർസ്ഥാപിച്ചു കൊണ്ട് സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.