തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ അതിക്രമവും കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കൊച്ചി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകാത്ത പശ്ചാത്തലത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും വാക്കൗട്ട് ചെയ്തു.

സയിൽ അടിയന്തര പ്രമേയം നോട്ടീസിന് അനുമതി തേടിയ പി സി വിഷ്ണുനാഥ് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ശക്തമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ബിബിസി റെയ്ഡിന് സമാനമാണ് കാര്യങ്ങളെന്നാണ് വിഷ്ണുനാഥ് സഭിൽ പറഞ്ഞത്. ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ പ്രവർത്തകർ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് വിഷ്ണുനാഥ് ചോദിച്ചു. ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സംസ്ഥാന സർക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെൻസർഷിപ്പ് ചുമതല ആരാണ് നൽകിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് കൊച്ചി ഓഫിസിൽ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് ആരോപിച്ചു.

ബി.സി.സി റെയ്ഡിൽ മുഖ്യമന്ത്രി കാണിച്ച ആശങ്കയാണ് ഏഷ്യാനെറ്റ് റെയ്ഡിൽ പ്രതിപക്ഷം കാണിക്കുന്നതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. മോദി ഭരണകൂടവും പിണറായിയുടെ ഭരണകൂടവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് ഇന്ന് കോഴിക്കോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി വാട്ട്‌സ്ആപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ പരാതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. ഇപ്പോൾ ആ ചുമതല എസ്.എഫ്.ഐക്കാർക്കാണ് നൽകിയത്. എസ്.എഫ്.ഐക്ക് സെൻസർഷിപ്പിന്റെ ചുമതല നൽകിയിട്ടുണ്ടോ?. എസ്.എഫ്.ഐ ഗൂണ്ടാപ്പടയല്ലേ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തത്?. എസ്.എഫ്.ഐ ഗുണ്ടായിസം കാണിച്ചാൽ എത്ര ഭീഷണി ഉണ്ടായാലും ഗുണ്ടായിസം കാണിച്ചെന്ന് പറയുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

വിഷ്ണുനാഥിന്റെ വാക്കുകൾ ഇങ്ങനെ:

എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ചത്. ലഹരിസംഘങ്ങൾക്കെതിരെ വാർത്ത വന്നാൽ അതിൽ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ എന്തിനാണ് എസ്എഫ്‌ഐക്ക് ഇത്ര പ്രതിഷേധം. സർക്കാരിനെതിരായ ഗൂഢാലോചന എന്നാണ് ഏഷ്യാനെറ്റിനെതിരായ എഫ്‌ഐആറിൽ പറയുന്നത്. ലഹരി മാഫിയയ്‌ക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകും.

ബിബിസിയിൽ നടന്ന റെയ്ഡിന് പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ മോദി എന്ന ഭാഗം ഒഴിവാക്കി പിണറായിയെന്നും ഇഡി എന്ന ഭാഗം ഒഴിവാക്കി കേരള പൊലീസ് എന്നുമാക്കിയാൽ ആ നോട്ടീസ് അതേ പോലെ ഇറക്കാം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് ഇന്നലെ രാത്രി വാട്‌സാപ്പ് വഴി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകി. തിരുവനന്തപുരത്തുള്ള മാധ്യമപ്രവർത്തകയ്ക്ക് ഇന്നലെ രാത്രി 9.30ന് വാട്‌സാപ്പിൽ മെസേജ് അയക്കുകയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് എത്താൻ ആവശ്യപ്പെട്ട്.

എസ്എഫ്‌ഐ ഭരണ പാർട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ്. ആരാണ് എസ്എഫ്‌ഐക്ക് സെൻസർഷിപ്പ് ചുമതല നൽകിയത്. എത്ര ഭീഷണി ഉണ്ടായാലും എസ്എഫ്‌ഐ ഗുണ്ടാ പണി ചെയ്തത് എന്ന് തന്നെ പറയും. ഏഷ്യാനെറ്റ് നേരെയുള്ള അതിക്രമം ഒരു മുന്നറിയിപ്പാണ്. സർക്കാരിനെതിരെയുള്ള വാർത്തകൾ നൽകരുത് എന്ന് എല്ലാ മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പാണിത്. പഞ്ച പുച്ഛമടക്കി ഇരിക്കണം എന്നാണ് മുന്നറിയിപ്പ്. ഇപി ജയരാജൻ പറഞ്ഞതുപോലെ പിണറായി വിജയൻ ഐശ്വര്യം എന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും മുമ്പിൽ ബോഡ് എഴുതണമെന്നാണ് അവരുടെ നിലപാട്. വിനു വി ജോണിനു എതിരെ നേരത്തെ പൊലീസ് കേസ് എടുത്തത് പരോക്ഷ പരാമർശത്തിന്റെ പേരിലാണ്.

ചർച്ചയിലെ പരോക്ഷ പരാമാശത്തിന്റെ പേരിൽ കേസെടുത്ത കാര്യം അദ്ദേഹം അറിയുന്നത് പാസ്‌പോർട്ട് പുതുക്കാൻ പോയപ്പോൾ മാത്രമാണ്. രഹസ്യമായിട്ടാണ് കേസ് എടുത്തത്. ചാനൽ ചർച്ചയിൽ നടക്കുന്ന പരോക്ഷ പരാമർശത്തെ പോലും ഉൾക്കൊള്ളാനാകാത്ത അസഹുഷ്ണുത നാട് അംഗീകരിക്കില്ല. അതിനെ ചെറുക്കുക തന്നെ ചെയ്യും. ഇത് വരെ കേരളത്തിൽ മാധ്യമ സ്ഥാപനത്തിന്റെ അകത്തു കയറി അതിക്രമം നടന്നിട്ടില്ല.

34 കൊല്ലം ബംഗാളിൽ ചെയ്തു തന്നെയാണ് ഇപ്പോൾ കേരളത്തിലും ചെയ്യുന്നത്. കേരള ചരിത്രത്തില് ഇന്നേ വരെ ഒരു മാധ്യമസ്ഥാപനത്തിന് അകത്തും അതിക്രമം നടന്നിട്ടില്ല. ബംഗാൾ റൂട്ടിലേക്കാണ് പിണറായി വിജയന്റെ ഭരണം പോകുന്നത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവും.