- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നു; ഗവർണർ കയറി ഭരിക്കുന്ന അവസ്ഥയാണുള്ളത്; പൊതുവിഷയങ്ങളിൽ മുമ്പില്ലാത്ത വിധം ഗവർണർ ഇടപെടുന്നതിനെ അനുകൂലിക്കാൻ സാധിക്കില്ല; നിയമസഭയിൽ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നിയമസഭയിൽ ഗവർണർക്കെതിരെ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നതായി കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് ഗവർണർ കയറി ഭരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ സർക്കാരിന്റെ സർവകലാശാല ഭരണത്തിൽ വിയോജിപ്പുണ്ടെന്നും സർവകലാശാല ഭേദഗതി ബില്ലിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ ഗവർണർ കയറി ഭരിക്കുന്ന അവസ്ഥയാണ് കണ്ടത്. ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതീയാണ് ഉണ്ടായത്. യുണിവേഴ്സിറ്റി ഭരണത്തിൽ ഞങ്ങൾക്ക് സർക്കാരിനോട് വിയോജിപ്പ് ഉണ്ട്. അത് പ്രതിപക്ഷം എന്ന നിലയിൽ ഞങ്ങൾ വിമർശിച്ചോളാം. സർക്കാർ ഇല്ലെങ്കിൽ പ്രതിപക്ഷവുമില്ല. പ്രതിപക്ഷമില്ലെങ്കിൽ സർക്കാരുമില്ല. പൊതുവിഷയങ്ങളിൽ മുമ്പില്ലാത്ത വിധം ഇടപെടുകയാണ് ഗവർണർ ചെയ്യുന്നത്. ഇതിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർവകലാശാലയുടെ ഭരണവും മറ്റുകാര്യങ്ങൽും ആദ്യം സർക്കാർ ഗവർണറുമായി യോജിച്ചുപോകുകയാണ് ചെയ്തത്. ഗവർണർക്ക് ഏതോ കാര്യത്തിൽ അഭിപ്രായ വിത്യാസം വന്നതിന് ശേഷം പിന്നെ അദ്ദേഹം പറയുന്നതും പ്രസ്താവിക്കുന്നതും അസാധാരണമായ രീതിയിലായി. ഇതേതുടർന്ന് ഗവർണറെ നീക്കം ചെയ്യണമെന്ന സ്ഥിതിയിലേക്ക് എത്തി. ഗവർണറുടെ ഇത്തരം പ്രവർത്തനങ്ങളെ ഒരു തരത്തിലും അനുകൂലിക്കാൻ പറ്റില്ല. ഗവർണർ സർക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണം. അല്ലാതെ സർക്കാരിന് മേൽ മറ്റൊരു സർക്കാർ വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചാൻസലറുടെ നിയമനത്തിൽ ഒന്നുപോയി വേറെ ഒന്ന് വരുന്നതാണ് കാണുന്നത്. ആകപ്പാടെ ചട്ടിയിൽ നിന്ന് അടുപ്പിലേക്ക് പോകുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഇത് പൊരിയുന്ന ചട്ടിയാണ്. ഇനി ഇപ്പം വീഴാൻ പോകുന്നത് അടുപ്പിലേക്കാണേൽ ഞങ്ങൾ ബുദ്ധിമുട്ടും. ആ ഒരു ഭീതി പ്രതിപക്ഷത്തിനുണ്ട്. യൂണിവേഴ്സിറ്റി ഭരണത്തിൽ പ്രതിപക്ഷത്തെ പരിഗണിക്കുന്നതേയില്ല. ഏകപക്ഷീയമായി രാഷ്ട്രീയവത്കരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഗവർണറുടെ ജനാധിപത്യബോധമില്ലായ്മയെ പറ്റി പറയുമ്പോൾ നമുക്ക് ജനാധിപത്യബോധം വേണ്ടേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ