ജയസൂര്യ പുതിയ തിരക്കഥ മെനഞ്ഞു; മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ച ഒരാളുടെ പേരും പറഞ്ഞിട്ടാണ് തിരക്കഥ മെനഞ്ഞത്; ചില സിനിമകളെ പോലെ ആദ്യ ദിനത്തിൽ പൊട്ടി; കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കർഷകരുടെ പ്രശ്നം നിയമസഭയിൽ ഉന്നയിച്ച നടൻ ജയസൂര്യയെ പരിഹസിച്ചു കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ചയാളുടെ പേരും പറഞ്ഞിട്ടാണ് ജയസൂര്യ കർഷകരുടെ പേരിൽ തിരക്കഥ മെനഞ്ഞതെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, ഒന്നാം ദിവസം ചില സിനിമകൾ പൊട്ടിപ്പോകുന്നത് പോലെ ആ തിരക്കഥയും പടവും പൊട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
യഥാസമയങ്ങളിൽ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റേയോ പൈസ കിട്ടാത്ത സാഹചര്യത്തിൽ ആ പ്രശ്നം പരിഹരിക്കാൻ വേണ്ടിയിട്ടാണ് ബാങ്കുകളുമായി പി.ആർ.എസ്. സംവിധാനം നടപ്പിലാക്കിയത്. ഇത് നടപ്പിലാക്കിയപ്പോൾ ചിലർ ഒരുപാട് കഥകൾ ഇറക്കി. ആ കഥകളിൽ ഒന്നാണ് സിനിമാ നടനും ഇറക്കിയ കഥ. മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ച ഒരാളുടെ പേരും പറഞ്ഞിട്ടാണ് ഒരു സിനിമാ താരം ഒരു പുതിയ തിരക്കഥ മെനഞ്ഞത്. ഒന്നാം ദിവസം തന്ന ചില സിനിമകൾ പൊട്ടിപ്പോകുന്നത് പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി- കൃഷി മന്ത്രി പറഞ്ഞു.
രണ്ട് മന്ത്രിമാരുടെ മുഖത്തു നോക്കി പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഓണമുണ്ണാൻ നിർവ്വാഹമില്ലാതെ പൈസ ലഭ്യമാകാതെ ഇരിക്കുന്നു എന്നതായിരുന്നു. ഒരാളെ ചൂണ്ടിക്കാട്ടിത്തന്നെ ആയിരുന്നു അത് പറഞ്ഞത്. അദ്ദേഹം ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി വലിയ ബന്ധമുള്ള ആളായിരുന്നു. പാലക്കാട് ഉൾപ്പെടെ പോയി പ്രസംഗിക്കുകയും ചെയ്തു. യഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് കാര്യങ്ങൾ പറയുന്നത് എന്ന് പറഞ്ഞ മന്ത്രി, നടൻ കൃഷ്ണപ്രസാദ് മാസങ്ങൾക്ക് മുമ്പ് തന്നെ മുഴുവൻ പൈസയും കൈപ്പറ്റിയെന്നും വ്യക്തമാക്കി.
അതേസമയം മന്ത്രിമാരെ പരിപാടിയിൽ വെച്ച് നിർത്തിപ്പൊരിച്ചതല്ല. പരിപാടിയിൽ പങ്കെടുക്കുമ്പോൾ വളരെ മാന്യമായിത്തന്നെ ഒരു നിർത്തിപ്പൊരിക്കലുമല്ലാതെ അദ്ദേഹത്തിന് എന്തും പറയാം. അതിനുള്ള മറുപടി വേദിയിൽ വെച്ചുതന്നെ വ്യവസായമന്ത്രി പി രാജീവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശ്ശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ വച്ചായിരുന്നു നടൻ ജയസൂര്യ സർക്കാരിനെതിരേ രൂക്ഷ വിമർശനമുന്നയിച്ചത്. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു. കർഷകനും നടനുമായ കൃഷ്ണപ്രസാദിനെ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പരാമർശം. മന്ത്രി പി രാജീവും കൃഷിമന്ത്രി പി. പ്രസാദും വേദിയിലിരിക്കെ ആയിരുന്നു ജയസൂര്യയുടെ വിമർശനം.
മറുനാടന് മലയാളി ബ്യൂറോ