തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ ഒരുലക്ഷം സംരംഭപ്പട്ടികയിൽ പഴയ സംരംഭങ്ങൾ ഉൾപ്പെട്ടെന്ന വാർത്തയോട് സഭയിൽ പ്രതികരിച്ചു മന്ത്രി പി രാജീവ്. അത്തരം സംരംഭങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കുമെന്ന് വ്യവസായമന്ത്രി പറഞ്ഞു. ജില്ലാ വ്യവസായകേന്ദ്രം നടപടി തുടങ്ങിയതായു അദ്ദേഹം സഭയിൽപറഞ്ഞു. റീ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ പട്ടികയിൽ ഇല്ലെന്നും ഉണ്ടെങ്കിൽ നീക്കുമെന്നും മന്ത്രി പറഞ്ഞു.

ലൈസൻസുകൾ നൽകുന്നത് വ്യവസായവകുപ്പല്ല, തദ്ദേശവകുപ്പാണ്. ഒരു നിയമത്തിലും വ്യവസായവകുപ്പിന് ലൈസൻസ് നൽകാൻ അവകാശമില്ല. ഒരു ചെറിയ ശതമാനം മാത്രമാണ് പിശകെന്നും മന്ത്രി സഭയെ അറിയിച്ചു. കുറവുകളുണ്ടെങ്കിൽ പരിഹരിച്ച് ഒരുമിച്ച് മുന്നേറാമെന്നായിരുന്നു പ്രതിപക്ഷത്തിന് മന്ത്രിയുടെ മറുപടി. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്കിന് പകരം ശരിക്കണക്ക് പുറത്തുവരുമോയെന്ന ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല.

'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പ്രകാരം ആരംഭിച്ച പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടാൽ പതിനായിരക്കണക്കിന് റജിസ്‌ട്രേഷനുകൾ വ്യാജമോ പഴയതോ ആണെന്ന വിവരം പുറത്തുവരുമോയെന്ന ആശങ്കയിലായിരുന്നു വ്യവസായവകുപ്പ്. താലൂക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ പട്ടിക പുറത്തുവിട്ടാൽ അവകാശവാദങ്ങൾ പൊളിയുമെന്ന ആശങ്കയും വകുപ്പിനുണ്ട്.

പട്ടിക നൽകണമെന്ന് വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും വ്യവസായവകുപ്പ് അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയായിരുന്നു. ചുരുക്കം ജില്ലകളിലെ വിവരങ്ങൾ മാത്രമാണു മാധ്യമങ്ങൾ അന്വേഷിച്ചതും ക്രമക്കേടുകൾ കണ്ടെത്തിയതും. അതേസമയം, ചില ജില്ലകളിൽ മാത്രമാണു പിഴവുണ്ടായതെന്നും മറ്റുള്ളതെല്ലാം ശരിയാണെന്നുമാണു മന്ത്രി പി.രാജീവിന്റെ അവകാശവാദം.

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ 2 ലക്ഷത്തിലേറെ തൊഴിലവസരങ്ങളും 7,000 കോടിയുടെ നിക്ഷേപവും എന്ന വാഗ്ദാനമാണു സർക്കാർ നൽകിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ സംരംഭകരുടെ പട്ടികയും സർക്കാർ പെരുപ്പിച്ചുകാട്ടി. പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും വരെ പുതിയ സംരംഭങ്ങളുടെ പട്ടികയിലുണ്ട്. അവകാശവാദം പൊളിഞ്ഞതോടെ ഇതു പരിശോധിക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനുമാണു വ്യവസായ വകുപ്പിന്റെ തീരുമാനം.

മലപ്പുറം ജില്ലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളാണ് പുതിയ സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ടൗണിനോട് ചേർന്ന് മുണ്ടുപറമ്പ് ജംക്ഷനിൽ ലുലു ബേക്കറി ആൻഡ് കൂൾബാർ 8 വർഷം മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. 5 വർഷം മുൻപ് പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തു. ലൈസൻസിയുടെ പേര് അടുത്തിടെ മാറ്റിയെന്ന കാരണത്താൽ സ്ഥാപനം സർക്കാരിന്റെ കണക്കിൽ പുതിയ സംരംഭമായി.