- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി കരാർ റദ്ദാക്കിയതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; കരാർ റദ്ദാക്കിയത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി; റെഗുലേറ്ററി കമ്മീഷൻ നടപടി സർക്കാർ താൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്നും പിണറായി
തിരുവനന്തപുരം: വൈദ്യുതി കരാർ റദ്ദാക്കിയ വിഷയം നിയമസഭയിൽ ഉന്നിച്ചു പ്രതിപക്ഷം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. അതേസമയം വൈദ്യുതി കരാർ റദ്ദാക്കിയതിൽ സർക്കാറിന് പങ്കില്ലന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. റെഗുലേറ്ററി കമ്മീഷൻ ആണ് കരാർ റദ്ദാക്കിയത്. സർക്കാർ താത്പര്യങ്ങൾക്ക് തീർത്തും വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മേൽ അമിതഭാരം വരാൻ പാടില്ലെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്.
സർക്കാർ അല്ല കരാർ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. മുമ്പും ഈ വിഷയം മന്ത്രിസഭയുടെ മുന്നിൽ വന്നതാണ്. ചില വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും, കരാർ നടപ്പായ സാഹചര്യത്തിൽ അതു റദ്ദു ചെയ്യാനിടയായാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്താണ് അതു തുടർന്നു പോകാൻ നേരത്തെ തീരുമാനിച്ചത്.
അതു കഴിഞ്ഞ ടേമിലാണ്. റെഗുലേറ്ററി അഥോറിറ്റിയുടെ മുന്നിൽ വന്നപ്പോഴാണ് അതു റദ്ദു ചെയ്യപ്പെടുന്നത്. അതു സംസ്ഥാന താൽപ്പര്യത്തിന് തീർത്തും വിരുദ്ധമാണ്. അത് എങ്ങനെ മറികടക്കാമെന്നാണ് സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് സിബിഐ അന്വേഷിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ദീർഘകാല കരാർ റദ്ദാക്കിയതിൽ സിബിഐ അന്വേഷണം വേണം. കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷൻ ആണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
വളരെ ലാഭകരമായിരുന്ന ഒരു കരാർ റദ്ദാക്കി, വളരെ വില കൂടിയ ഒരു കരാറിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് കെഎസ്ഇബി എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പുതിയ കരാറിൽ ഏർപ്പെടുമ്പോൾ ബോർഡിന് ഉണ്ടാകുന്ന ഭീമമായ നഷ്ടം ഉപഭോക്താക്കളിൽ നിന്നും സർചാർജ് ആയി ഈടാക്കാനാണ് ശ്രമിക്കുന്നത്.
ഒരു പ്രാവശ്യം വൈദ്യുതി ചാർജ് കൂട്ടിയിട്ട് നിൽക്കുന്ന സാഹചര്യമാണ്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗൗരവകരമായ പാളിച്ചയും അശ്രദ്ധയുമാണ് ഉപഭോക്താവിന്റെ തലയിൽ വന്നു വീഴുമോയെന്ന ഉത്കണ്ഠയാണ് നിലനിൽക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ