പിണറായിയെ നിരന്തരം വിമർശിച്ചിരുന്ന പഴയ ജഡ്ജി; ഷുഹൈബ് കേസിൽ സിബിഐ വേണമെന്ന് പറഞ്ഞത് കാര്യകാരണ സഹിതം; ഡിവിഷൻ ബഞ്ച് നിഷേധിച്ചപ്പോൾ ആശ്വാസമായത് സിപിഎമ്മിന്; കേസിപ്പോഴും സുപ്രീംകോടതിയിൽ; ജസ്റ്റിസ് കെമാൽ പാഷയുടെ പേർ നിയമസഭയിൽ എടുത്തു പറഞ്ഞതിന് പിന്നിലും രാഷ്ട്രീയം; പിണറായി പറയാതെ പറഞ്ഞത്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയുടെ പേർ നിയമസഭയിൽ എടുത്തു പറഞ്ഞതിന് പിന്നിലും രാഷ്ട്രീയം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നും പറയാതെ തന്നെ തന്ത്രപരമായി രാഷ്ട്രീയ ദുസൂചനകൾ പ്രസ്താവനയിലൂടെ നൽകിയത്. കെമാൽപാഷയുടെ പേരു മുഖ്യമന്ത്രി പറഞ്ഞതു ചില പ്രത്യേക ലക്ഷ്യം വച്ചാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് കെമാൽപാഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോലും ആലോചിച്ചിരുന്നു.
തീവ്രവാദ സ്വഭാവമുള്ളതാണെണെന്നു നിരീക്ഷിച്ചു യുഎപിഎ ചുമത്തേണ്ട കേസാണെന്നു ജസ്റ്റിസ് കെമാൽ പാഷ നിരീക്ഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സംവിധാനത്തിനെതിരെ സിംഗിൾ ബെഞ്ച് വിധിയിൽ ചില പരാമർശങ്ങൾ ഉണ്ടായ സാഹചര്യത്തിലാണു ഡിവിഷൻ ബെഞ്ചിനെ സർക്കാർ സമീപിച്ചത്. സിംഗിൾ ബെഞ്ച് വിധി, ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പൊലീസ് വിശദമായി അന്വേഷിക്കുന്ന കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പിണറായി സർക്കാരിനെ പല വിഷയത്തിലും ജഡ്ജി സ്ഥാനം ഒഴിഞ്ഞ ശേഷം വിമർശിച്ച നിയമ വിദഗ്ധനാണ് കെമാൽപാഷ.
ജസ്റ്റിസ് കെമാൽ പാഷയുടെ പേരു പറഞ്ഞ മുഖ്യമന്ത്രി, എന്തുകൊണ്ടു ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് ജഡ്ജിമാരുടെയോ കേസ് പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാരുടെയോ പേരു പറഞ്ഞില്ലെന്നു സതീശൻ ചോദിച്ചു. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനല്ലേ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്? ഷുഹൈബിന്റെ മാതാപിതാക്കൾ അടക്കമുള്ള ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണു പുറത്തു നിന്നു അഭിഭാഷകരെ ഏർപ്പാടാക്കിയതെന്നും സതീശൻ കുറ്റപ്പെടുത്തി. 2018ലായിരുന്നു കെമാൽപാഷയുടെ ആ വിധി.
ഷുഹൈബ് വധകേസിൽ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി ജഡ്ജിയായിരിക്കെ കെമാൽപാഷ നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം. കൊലപാതകങ്ങൾക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം. ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ സാധിക്കുമോ എന്നാണ് കോടതി നോക്കുന്നതെന്നും ജസ്റ്റിസ് കെമാൽപാഷ വ്യക്തമാക്കിയിരുന്നു. തുടർ കൊലപാതകങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ പലരും കൈകഴുകി പോവുകയാണ്. നീതിപൂർവമായ അന്വേഷണം സംസ്ഥാന പൊലീസിന് എങ്ങനെ നടത്താൻ സാധിക്കും. കേസിലെ പ്രതികൾക്ക് എന്നെങ്കിലും വ്യക്തി വൈരാഗ്യം ഷുഹൈബുമായി ഉണ്ടായിരുന്നോവെന്നും കോടതി ചോദിച്ചു.
കേസ് ഹൈക്കോടതിക്ക് പരിഗണിക്കാൻ അധികാരമില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, സമാനമായ നിരവധി കേസുകൾ പരിഗണിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കെമാൽപാഷ ചൂണ്ടിക്കാട്ടി. കൊലപാതക കേസിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടരുതെന്ന് സർക്കാർ പറഞ്ഞു. പ്രാദേശിക വിഷയങ്ങൾ ആണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യം. കേസിലെ പ്രതിയായ ബിജുവിനെ ഷുഹൈബ് അടിച്ചിരുന്നു. ഷുഹൈബ് കോൺഗ്രസ് പ്രവർത്തകനും ബിജു സിപിഎം അനുഭാവിയുമാണ്. മികച്ച അന്വേഷണമാണ് നടക്കുന്നതെന്നും സിബിഐ വേണ്ടെന്നും സർക്കാർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇത് കോടതി അന്ന് അംഗീകരിച്ചില്ല.
കണ്ണൂരിലെ മൂന്നു കേസുകളിൽ കോടതി സിബിഐ അന്വേഷണം ഉത്തരവിട്ടിട്ടുണ്ടെന്നും അന്നൊന്നും കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന വിഷയം വന്നിട്ടില്ലെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു. ഒരാൾ ചൂണ്ടിക്കാണിക്കുമ്പോഴാണ് അധികാരം ഉണ്ടോ എന്ന് സംശയം ഉണ്ടാകുന്നതെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. പിന്നീട് ഡിവിഷൻ വിധി റദ്ദാക്കി. കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മറുനാടന് മലയാളി ബ്യൂറോ