- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഢാലോചന നടത്തി; സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്; വിമാനത്തിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചതും കോൺഗ്രസ്; പ്രതിപക്ഷത്തെ പ്രതിയാക്കി പിണറായി; നിയമസഭയിലും മുദ്രാവാക്യം വിളി അക്രമമായി!
തിരുവനന്തപുരം: ആ വിമാനത്തിലെ മുദ്രാവാക്യം വിളി തന്നെ അക്രമിക്കാൻ തന്നെയെന്ന വാദത്തിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുദ്രാവാക്യം വിളിയിൽ കൊലപാതക ശ്രമമില്ലെന്ന ഹൈക്കോടതി നിരീക്ഷണവും മുഖ്യമന്ത്രി തള്ളിക്കളയുന്നു. തനിക്കെതിരെ വിമാനത്തിലുണ്ടായ അതിക്രമത്തിന്റെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കളുടെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
'കേസിലെ ഗൂഢാലോചനയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫർസീൻ മജീദും സുനിത് നാരായണനും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ഭാരവാഹികളാണ്. രണ്ടാംപ്രതി നവീൻ കുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ്.ശബരിനാഥൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്' മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ നിന്ന് തന്നെ പറയാതെ ചിലത് പറയുകയാണ് മുഖ്യമന്ത്രി. ഇതിനൊപ്പം തന്ത്രപരമായ ചോദ്യവുമായി വികെ പ്രശാന്തും എത്തി.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിലും ഇ.പി.ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലും സുധാകരനാണെന്ന് ആരെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന വി.കെ.പ്രശാന്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'സുധാകരന്റെ മുൻ ഡ്രൈവറും കോൺഗ്രസ് നേതാവുമായ പ്രശാന്ത് ബാബുവുമുണ്ട്. അദ്ദേഹം സുധാകരനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്'. എന്നായിരുന്നു മറുപടി. അങ്ങനെ തന്ത്രപരമായി സുധാകരന്റെ പേരും കൊണ്ടു വന്നു.
ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പറയുന്നു. സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം ഗൂഢാലോചനയാണോ എന്ന ഭരണപക്ഷ അംഗങ്ങളുടെ ചോദ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇത്തരം ചോദ്യം സ്പീക്കറുടെ റൂളിങിന് വിരുദ്ധമാണ്. പ്രതിപക്ഷത്തിനെതിരായ ദുരാരോപണങ്ങൾ നക്ഷത്ര ചിഹ്നമുള്ള വിഭാഗത്തിൽ നിലനിർത്തുന്നു. പ്രതിപക്ഷം നൽകുന്ന ഇതേ തരം ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിടാത്തതിലേക്കും മാറ്റുന്നുവെന്ന് വി.ഡി.സതീശൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഉപചോദ്യങ്ങൾ ബഹിഷ്‌കരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മറുനാടന്‍ മലയാളി ബ്യൂറോ