- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളീയം ഒരു തരത്തിലും ധൂർത്തല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് എത്ര ചെലവു വന്നു എന്നത് ഇപ്പോഴും ആർക്കും അറിയാത്ത കാര്യമാണ്. എത്രരൂപ സ്പോൺസർമാരിൽ നിന്നും ലഭിച്ചു എന്നകാര്യത്തിലും വ്യക്തതയില്ല. ധൂർത്തെന്ന ആരോപണം ശക്തമാകുമ്പോഴും അതിനെ ഗൗനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറല്ല. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.
ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തു. കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാൽ, നമ്മുടെ നാട് തകരണമെന്ന് ചിലർ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയമെന്ന പേരിൽ തലസ്ഥാനത്ത് പരിപാടികൾ നടത്തിയിട്ടും, മുഴുവൻ സർക്കാർ വകുപ്പുകളും ഒരുമിച്ച് പ്രവർത്തിച്ചിട്ടും എന്തിനൊക്കെ എത്ര തുക ചെലവായി എന്നതിന് കണക്കുകകൾ ലഭ്യമായിട്ടില്ല. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് വിവിധ വകുപ്പുകളും വ്യത്യസ്ത മറുപടികളാണ് നൽകിയിരിക്കുന്നത്. നികുതി വകുപ്പ്, ധനകാര്യ വകുപ്പ്, സാംസ്കാരിക വകുപ്പ്, വ്യവസായ വകുപ്പ്, പബ്ലിക് റിലേഷൻ തുടങ്ങിയ വകുപ്പുകൾക്ക് നിലവിൽ യാതൊരു കണക്കുമില്ലാ എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ലഭിച്ചത്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരിൽ വിവിധ കലാ- സാസ്കാരിക പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിച്ചത്. കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയുംക്കുറിച്ചുള്ള സംവാദങ്ങളും, തനത് വിഭവങ്ങളെയും സാംസ്കാരിക പൈതൃകത്തെയും കാർഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങളും ഒക്കെ ഉൾക്കൊള്ളിച്ചാണ് പരിപാടി വിഭാവനം ചെയ്തത്. എല്ലാവർഷവും കേരളപ്പിറവി ദിനത്തിൽ തുടരുന്ന രീതിയാണ് കേരളീയമെന്നാണ് സർക്കാർ പറയുന്നത്.
കേരളീയത്തിനായി വിവിധ കമ്മറ്റികൾക്ക് വേണ്ടി 27,12,04,575 രൂപയാണ് ബജറ്റ് അനുവദിച്ചിരുന്നതെന്ന് വിനോദ സഞ്ചാര വകുപ്പിന്റെ മറുപടിയിൽ പറയുന്നു. എന്നാൽ മറ്റ് വകുപ്പുകൾക്ക് അതിന്റെ വിവരങ്ങൾ പോലുമില്ല. കേരളീയത്തിനായി എത്ര രൂപ പിരിച്ചെന്നോ, സ്പോൺസർമാർ എത്രയെന്നോ, അവർ നൽകിയ തുക എത്രയാണെന്നോ എന്നതിനെപ്പറ്റിയൊരു വിവരവും ധനവകുപ്പിന്റെ പക്കലില്ല. കേരളീയത്തിലെ പരിപാടികൾ ടെൻഡർ വിളിച്ചാണോ നൽകിയതെന്നതിന് പോലും ധനവകുപ്പിന് വിവരങ്ങളില്ല. കേരളീയത്തിനായി വിവിധ വകുപ്പുകൾക്ക് എത്ര തുക ചെലവായി എന്നതിന് അന്തിമ കണക്കുകൾ ലഭ്യമല്ല എന്നാണ് മറുപടി.
കേരളീയത്തിനായി പബ്ലിക് റിലേഷൻ വകുപ്പിന് 4,08,01,000 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. എക്സിബിഷനുകൾക്കായി 9,39,00,00 രൂപയും മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി 3,98,62,000 രൂപയുമാണ് അനുവദിച്ചത്. എന്നാൽ അനുവദിച്ചതിനേക്കാൾ കൂടുതൽ ചെലവാണ് വകുപ്പിന് വന്നത്.എക്സിബിഷനുകൾ, ഇൻസ്റ്റലേഷനുകൾ എന്നിവയ്ക്കായി മാത്രം 4,83,44,500 രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. മീഡിയ പബ്ലിസിറ്റ് വേണ്ടി ചെലവഴിച്ച വകയിലുള്ള ബില്ലുകൾ ഇതുവരെ ലഭ്യമായിട്ടില്ല എന്നും അവ കിട്ടിയാൽ മാത്രമേ തുക റിലീസ് ചെയ്യുകയുള്ളുവെന്നും പബ്ലിളിക് റിലേഷൻ വകുപ്പ് പറയുന്നു.
കോടികളൊഴുക്കി പ്രമുഖരും സെലിബ്രിറ്റികളുമടക്കം പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്ക് തുടക്കം മുതൽ തന്നെ ധൂർത്ത് എന്ന ആരോപണം ഉയർന്നിരുന്നതാണ്. പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നാൾക്കുനാൾ പറഞ്ഞുനടക്കുന്നതിനിടെയാണ് ഇത്രയധികം കോടികൾ മുടക്കിയ പരിപാടികൾ നടത്തിയതെന്ന ആക്ഷേപങ്ങൾക്കിടെയാണ് അതിന്റെ കണക്കുകൾ പോലും വകുപ്പുകൾക്ക് ലഭ്യമല്ല എന്ന വിവരങ്ങളും പുറത്തുവന്നത്.