തിരുവനന്തപുരം: നികുതി വർധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.

അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധനസെസിനെ ന്യായീകരിച്ചും സഭയിൽ മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിൽ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസാണ് കാരണം പറയുന്നത്. കേന്ദ്രസർക്കാർ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പ്രതിഷേധിക്കുന്നവർ ഇതിനെതിരെ ഒന്നും ചെയ്തില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:

ഇപ്പോൾ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ കാരണമെന്തെന്ന് മനസ്സിലാക്കുന്നത് നന്നാവും. ബജറ്റിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് രണ്ടു രൂപ സെസ്സ് ഈടാക്കി എന്നാണ് പ്രധാനമായും യുഡിഎഫും ബിജെപിയും സമര കാരണമായി പറയുന്നത്. എന്താണ് ഇതിലേക്ക് നയിച്ചത്? കേന്ദ്രസർക്കാർ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസ്സും വർദ്ധിപ്പിച്ചു. സെസ്സ് വർദ്ധിപ്പിച്ചത് സംസ്ഥാനങ്ങൾക്കുള്ള പങ്ക് ലഭിക്കാത്ത തരത്തിലാണ്. ഇതിനെതിരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രതിഷേധവും ഈ പ്രതിപക്ഷം നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ദൈനംദിന പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും സാമൂഹ്യസുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളെയും തകർക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.

ജിഎസ്ടി നിലവിൽ വന്നതോടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള സാധ്യത തുലോം പരിമിതമാണ്. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശവും കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യങ്ങളാണ് നിലവിൽ വിഭവസമാഹരണത്തിന് വഴി കണ്ടെത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. ഇക്കാര്യം സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യമുള്ളതുമാണ്. അതിനാലാണ് ജനങ്ങൾ സർക്കാരിനോടൊപ്പം നിൽക്കുന്നതും നിങ്ങളുണ്ടാക്കുന്ന കോലാഹലങ്ങൾ ജനപിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോകുന്നതും.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് 21.02.2023 ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ കല്ലും വടിയും ഉപയോഗിച്ച് അക്രമിച്ച് പരിക്കേൽപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും യാത്രക്കാർക്കും മറ്റും മാർഗ്ഗതടസ്സം സൃഷ്ടിക്കുകും ചെയ്തു. സ്ഥലത്ത് ക്രമസമാധാനപ്രശ്നമുണ്ടാക്കിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ മൂന്നുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത്കോൺഗ്രസുകാരുടെ അക്രമണത്തിൽ 6 സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് പരിക്കേൽക്കുകയുണ്ടായി. സംഭവത്തിൽ പരിക്കുപറ്റിയ 6 യൂത്ത്കോൺഗ്രസ് പ്രവർത്തകരെയും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെയും കളമശ്ശേരി കിന്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിട്ടുണ്ട്.

12 പേരെ സംഭവസ്ഥലത്തുവച്ച് അറസ്റ്റുചെയ്യുകയും അവർക്കെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ 419/23 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിനെ അക്രമിച്ചവരെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ച സമയത്ത് ശ്രീ ഷാഫി പറമ്പിൽ എം എൽ എയും ഡിസിസി പ്രസിഡന്റും മറ്റ് യൂത്ത്കോൺഗ്രസ് പ്രവർത്തകരും എറണാകുളം പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറാനും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇക്കാര്യത്തിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ക്രൈം നം. 420/2023 ആയി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

11.02.2023 ന് മുഖ്യമന്ത്രിയുടെ യാത്രാവേളയിൽ കളമശ്ശേരിയിൽ വച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന് വാഹനവ്യൂഹത്തിന്റെ മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ച ഒരു യുവതിയുൾപ്പെടെയുള്ള നാല് യൂത്ത്കോൺഗ്രസ്സുകാരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർക്ക് വാഹനത്തിനു മുന്നിൽ ചാടി ആപത്ത് വരാതിരിക്കാനുള്ള ഇടപെടലാണ് പൊലീസ് നടത്തിയത്.

ഗവൺമെന്റ് നടപടികളിൽ പ്രതിഷേധമുള്ളവർ സാധാരണ നിലയിൽ മുൻകൂട്ടി പ്രഖ്യാപിച്ച് ബഹുജനങ്ങളെ അണിനിരത്തി സമരം നടത്താറുണ്ട്. എന്നാൽ തികച്ചും അപകടകരമായ നിലയിൽ ഓടുന്ന വാഹനത്തിന്റെ മുന്നിലേക്ക് എടുത്തുചാടാൻ പ്രേരിപ്പിക്കുന്ന രീതിയാണ് യൂത്ത് കോൺഗ്രസും ബിജെപിയും ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇത് കേരളത്തിൽ മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അപകടസാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. അത് തടയുവാൻ ആവശ്യമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യത്തിൽ അനിവാര്യമായ നിയമനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

വിശിഷ്ടവ്യക്തികൾക്കും, അതിവിശിഷ്ടവ്യക്തികൾക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. ഇതുപ്രകാരം സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കേന്ദ്രത്തിലെയും സംസ്ഥാന ത്തിലെയും ബന്ധപ്പെട്ട അധികാരികൾ ഉൾപ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുമാണ്.

ഓരോ 6 മാസം കൂടുമ്പോഴും സെക്യൂരിറ്റിറിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്ടവ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവ ലോകനവും പുനപരിശോധനയും നടത്തുകയും ചെയ്തുവരുന്നു. ഇപ്രകാരംസംസ്ഥാന മുഖ്യമന്ത്രിക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത് ഇസ്സഡ് പ്ലസ് കാറ്റഗറിയിലുള്ളസുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവർണർക്കും, വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ. രാഹുൽഗാന്ധി എംപിക്കും ഒരുക്കിയിട്ടുള്ളത്.

ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാൾ പ്രകാരം നൽകുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കുള്ളൂ. പ്രത്യേക സാഹചര്യങ്ങളിൽ ചില സമരമുറകൾ അരങ്ങേറുമ്പോൾ അതിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പൊലീസ് സ്വീകരിക്കുന്നുണ്ട്. വാഹനവ്യൂഹത്തിനു മുന്നിൽ മൂന്നോ നാലോ പേർ എടുത്തുചാടാൻ തയ്യാറാകുമ്പോൾ അവർ ഒരു പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നില്ല. പക്ഷേ അവരെ അതിനായി തയ്യാറാക്കുന്നവർക്ക് അതിന്റെ പ്രത്യാഘാതങ്ങൾ നന്നായി അറിയാം. അവർ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോൾ വരുന്ന മോഹഭംഗമാണ് പിന്നിലുള്ള വർത്തമാനങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്.

മുഖ്യമന്ത്രിക്കുള്ള വാഹനവ്യൂഹം ഏർപ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല എന്നതാണ് ചുരുക്കം. രാഷ്ട്രീയനിലപാട് വെച്ച് എന്തിനെയും എതിർക്കുന്ന നിലപാട് മാറ്റണം. നാടിന്റെ നന്മയ്ക്ക് ഒന്നിച്ച് നിൽക്കാനാകണം. നാട് മുന്നോട്ടു പോകാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ ചില്ലറ വരുമാനം വർധിപ്പിക്കേണ്ടതായി വന്നു എന്നതാണ് ഇതിനിടയാക്കിയതെന്ന് മനസ്സിലാക്കണം.