- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ വിമർശിക്കുന്നവർക്കെല്ലാം പ്രത്യേക മാനസികാവസ്ഥയോ? ആലുവ സംഭവം ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിലും മുഖ്യമന്ത്രിയുടെ മറുപടി 'ഇത് പ്രത്യേക മാനസികാവസ്ഥ' എന്ന്; ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെ കൈയിൽ അല്ലെന്ന് പിണറായി; നടക്കുന്നതെല്ലാം ശരിയായ രീതിയിൽ!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ വകുപ്പിനെയും വിമർശിച്ചാൽ കുറച്ചു കാലങ്ങളായി പിണറായി മറുപടി നല്കുന്നത് ചോദ്യകർത്താവിനെ അവഹേളിച്ചു കൊണ്ടാണ്. കഴിഞ്ഞ ദിവസം വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ മാത്യുവിന് മറുപടി നൽകിയതും പ്രത്യേക മാനസികാവസ്ഥ എന്ന് അവഹേളിച്ചുകൊണ്ടാണ്. ഇ്ന്ന് ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർന്നപ്പോഴും പിണറായി 'പ്രത്യേക മാനസികാവസ്ഥ'യിൽ കയറി പിടിച്ചു.
ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെ കൈയിലാണെന്ന അൻവർ സാദത്ത് എംഎൽഎയുടെ വിമർശനത്തിന് മറപടി നൽകവേയാണ് പിണറായി വീണ്ടും തന്റെ സ്ഥിരം പ്രയോഗം പുറത്തെടുത്തത്. ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെ കൈയിലാണെന്ന് പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെയും കൈയിൽ അല്ല. ശരിയായ രീതീയിൽ തന്നെയാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അൻവർ സാദത്ത് എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആലുവയിൽ എട്ടുവയസുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത് തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ്. അതിൽ നമ്മുടെ നാടാകെ വേദനിക്കുന്നതുമാണ്. അത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടന്നൂകൂടാ എന്നാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത്. കുറ്റവാളികൾ രക്ഷപ്പെട്ടുകൂടാ എന്നതാണ് ഏറ്റവും പ്രധാനം. ആലുവയിൽ രണ്ടുസംഭവങ്ങൾ ഉണ്ടായത് പ്രത്യേകം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പൊലീസിനു സഹായികളായി പുഴയിൽ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലർ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സംഘടിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്ന സംഭവങ്ങൾ തടയാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പൊലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമർത്തുക തന്നെ ചെയ്യും. ഇതിൽ പൊതുജനങ്ങളുടെയാകെ സഹായം പൊലീസിനു വേണ്ടതുണ്ട്.
ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആ രംഗത്ത് കൂടുതൽ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്റ്റേഷനുകൾ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങൾ ശേഖരിക്കുന്നതിന് ചില പരിമിതികൾ പൊലീസ് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനും യഥാസമയം പ്രതികരിക്കുന്നതിനും അവരെ സജ്ജമാക്കുന്നതിനുമായി ജനമൈത്രി പൊലീസ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് എത്താതെ തന്നെ നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷ ഒരുക്കുന്നതിനായി 'നിഴൽ' എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളെ സംബന്ധിച്ച വിശദമായ വിവരങ്ങൾ വിവിധ സന്ദർഭങ്ങളിൽ സഭയിൽ നൽകിയിട്ടുണ്ട്. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികൾക്കു പുറമെ 56 അതിവേഗ കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചതിൽ 54 എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഈ കോടതികളിൽ പ്രത്യേക പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ, തീർപ്പാക്കൽ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കൽ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു.
ജില്ലാതലത്തിൽ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണെന്നും മുഖ്യമന്ത്ി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാൽപ്പോലും അവയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിലും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നടപടി സ്വീകരിച്ചു എന്നതുകൊണ്ട് സർക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് കരുതുന്നില്ല. ഇത്തരം ഏതു വിഷയമുണ്ടായാലും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് അവയെ തടയാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും പിണറായി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ