പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണമുണ്ടെന്ന് പ്രതിപക്ഷം; പൊലീസിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; ക്രിമിനൽ കേസിൽ പെട്ട എട്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടിട്ടുണ്ട്; കേസ് അന്വേഷണത്തിൽ കേരള പൊലീസിന് ഉയർന്ന കാര്യക്ഷമത; ക്രമസമാധാന പാലനം മെച്ചപ്പെട്ട നിലയിലെന്നും മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ ക്രിമിനലുകൾ വർധിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണം എന്ന പേരിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് നോട്ടീസ് നൽകിയത്. പൊലീസ് സേനയിൽ ക്രിമിനലുകളുടെ സ്വാധീനം വർധിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിപക്ഷം അശ്ചര്യകരമായ ആരോപണം ആണ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കേരള പൊലീസ് കേസ് അന്വേഷണത്തിന്റെ കാര്യത്തിൽ വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ പൊലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സർവ്വേ പ്രകാരം കേരള പൊലീസിന് സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതിൽ മികവു പുലർത്തിയ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലെ ഉദ്യോഗസ്ഥർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങളും കേരളാ പൊലീസിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. അതെല്ലാം ഇവിടെ പറയുന്നില്ല. സംസ്ഥാനം നേരിട്ട 2018 ലെ മഹാപ്രളയത്തിന്റെയും, കോവിഡ് മഹാമാരിയുടെയും ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിന്ന സ്തുത്യർഹമായ സേവനം നിർവ്വഹിച്ച പൊലീസ് സേനയെ ഇത്തരത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമം പൊതുസമൂഹം അംഗീകരിക്കില്ലായെന്ന് ഓർമ്മിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലന്നോ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും പറയാൻ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനും പൊലീസിനു കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ചില ഉദാഹരണങ്ങളായി പറയാൻ കഴിയുന്നത്, പത്തനംതിട്ട ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോൺ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവം എന്നിവയാണ്. ഇതിൽ ആദ്യത്തെ കേസിൽ സമയബന്ധിതമായി കേസന്വേഷണം നടത്തി പ്രതി ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
കേസന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സ്റ്റേഷനുകൾ എല്ലാ ജില്ലയിലും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം, സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചു. പൊലീസ് സേനയിലേക്ക് ആദ്യമായി വനിതാ സബ് ഇൻസ്പെക്ടർമാരുടെ നേരിട്ടുള്ള നിയമനം നടത്തിയതും ഇക്കാലയളവിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനുമുള്ള പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.
പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങൾക്കെല്ലാം തന്നെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്.
ഇത്തരത്തിൽ 2017 ൽ ഒന്നും, 2018 ൽ രണ്ടും 2019 ൽ ഒന്നും, 2020 ൽ രണ്ടും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിലുള്ള 8 പൊലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട 2 പൊലീസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റ് 2 പൊലീസുദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പ്രമേയത്തിൽ ചൂണ്ടിക്കാണിച്ച പ്രത്യേക സംഭവങ്ങളിൽ ഒന്നിൽപ്പോലും നടപടിയെടുക്കാതിരുന്നിട്ടില്ല. എല്ലാറ്റിലും തന്നെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിച്ചുകൊണ്ട് തക്കതായ നടപടികൾ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ട്. പ്രമേയാവതാരകൻ പറയുന്നത് 828 പൊലീസ് സേനാംഗങ്ങളുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ്. 55,000 അംഗങ്ങളുള്ള പൊലീസ് സേനയിൽ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽ പെടാത്തവരാണെന്നതാണ് ഇതിൽ നിന്നും ഉരുത്തിരിയുന്ന വസ്തുത. അടുത്തകാലത്ത് വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് പാലിച്ച സംയമനം മാതൃകാപരമാണെന്ന് അംഗികരിക്കാതിരിക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ