ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ വീഴ്ച്ച സമ്മതിക്കാതെ മുഖ്യമന്ത്രി; പ്രഖ്യാപിച്ചത് ത്രിതല അന്വേഷണം; തീപിടുത്തത്തിൽ ക്രിമിനിൽ കേസ് പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും; പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കാൻ വിജിലൻസും; ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പൂർണരൂപം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിൽ നിയമസഭയിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ത്രിതല അന്വേഷണവും അദ്ദേഹം പ്രഖ്യാപിച്ചു. 13 കാര്യങ്ങൾ അക്കമിട്ടു നിരത്തി കൊണ്ടാണ് മുഖ്യമന്ത്രി സഭയിൽ പ്രസ്താവന നടത്തിയത്.
മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയിൽ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകൾ തേടിയെന്നും എന്നാൽ പ്രായോഗികമല്ലാത്തതിനാൽ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനിൽ കേസ് പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം നടത്തും.
ബ്രഹ്മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ സംബന്ധിച്ചും, മാലിന്യസംസ്കരണ പദ്ധതി പ്രവർത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പൂർണരൂപം:
1. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്റിലെ തീ മാർച്ച് 13ന് പൂർണമായും അണച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവർത്തനമാണ് നടത്തിയത്. ഈ ഓപ്പറേഷനിൽ ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്ററുകൾ, എയർഫോഴ്സ്, ബി പി സി എൽ, എച്ച് പി സി എൽ, സിയാൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഫാക്ട് എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങളും സിവിൽ ഡിഫൻസ് വാളണ്ടിയർമാരും അണിചേർന്നു. ഇരുന്നൂറ്റി അൻപതോളം ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. 32 ഫയർ യൂണിറ്റുകൾ, നിരവധി ഹിറ്റാച്ചികൾ, ഉയർന്ന ശേഷിയുള്ള മോട്ടോർ പമ്പുകൾ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്നിശമനസേനാ പ്രവർത്തകരും 500 സിവിൽ ഡിഫൻസ് വാളണ്ടിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ്, പൊലീസ്, കൊച്ചി കോർപറേഷൻ എന്നിവയിലെ ജീവനക്കാർ തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങൾ.
സർക്കാർ സ്വീകരിച്ച നടപടികൾ
2. തീപിടുത്തമുണ്ടായത് മുതൽ സർക്കാർ, ജില്ലാ ഭരണസംവിധാനം, കൊച്ചി കോർപറേഷൻ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാർച്ച് മൂന്നിന് തന്നെ കലക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. മാർച്ച് നാലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം നടത്തുകയും സ്ഥിഗതികൾ വിലയിരുത്തുകയും അടിയന്തിര നടപടികൾ നിർദ്ദേശിക്കുകയും ചെയ്തു. മാർച്ച് അഞ്ചിന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർ കൊച്ചിയിൽ ഉന്നതതല യോഗം ചേർന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾക്ക് വേഗം കൂട്ടി. തുടർപ്രവർത്തനങ്ങൾ മന്ത്രിതലത്തിൽ ഏകോപിപ്പിച്ചു. മാർച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് അഗ്നിശമന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചു.
3. മാർച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. പ്രശ്നപരിഹാര ശ്രമങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ നിർദ്ദേശിച്ചു. മാർച്ച് പത്തിന് വ്യവസായ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർ ബ്രഹ്മപുരം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. തുടർന്ന് മന്ത്രിമാർ പങ്കെടുത്ത് ജനപ്രതിനിധികൾ, ഫ്ളാറ്റ്-റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, ആരോഗ്യവിദഗ്ദ്ധർ എന്നിവരുടെ യോഗങ്ങൾ പ്രത്യേകം പ്രത്യേകം ചേരുകയുണ്ടായി. മാർച്ച് 13ഓടുകൂടി തീ പൂർണമായും അണയ്ക്കാനായി. ചെറിയ തീപിടുത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടർന്നും ജാഗ്രതയും മുൻകരുതലും പുലർത്തിവരുന്നുണ്ട്.
4. ബ്രഹ്മപുരത്ത് വേർതിരിക്കാതെ നിരവധി വർഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും, തീ ആറ് മീറ്ററോളം ആഴത്തിൽ കത്തിയതും അഗ്നിശമന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തി. തീയണക്കാനുള്ള വാഹനങ്ങൾക്കും യന്ത്രസാമഗ്രികൾക്കും മാലിന്യകൂമ്പാരത്തിനിടയിലൂടെ കടന്നുപോകാൻ ആദ്യ ഘട്ടത്തിലുണ്ടായ പ്രയാസം മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാൽ അത് പെട്ടെന്ന് തന്നെ പരിഹരിക്കാനായി. തീയണക്കുന്നതിന് വിവിധ കോണുകളിൽ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സർക്കാർ നിരന്തരം തേടിക്കൊണ്ടിരുന്നു. ജനപ്രതിനിധികളും മറ്റും നൽകിയ നിർദ്ദേശങ്ങളുടെ പ്രായോഗികതയും സർക്കാർ പരിഗണിക്കുകയുണ്ടായി. കൃത്രിമ മഴ, കാർബൺ ഡൈ ഓക്സൈഡിന്റെ പ്രയോഗം എന്നിങ്ങനെ ജനപ്രതിനിധികളിൽ ചിലർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിഗണിക്കുകയുണ്ടായെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. മാലിന്യം ഇളക്കിമറിച്ച ശേഷം വെള്ളം പമ്പ് ചെയ്ത് തീയണക്കുന്ന രീതിയാണ് ബ്രഹ്മപുരത്ത് അവലംബിച്ചത്. ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയും വിദഗ്ദ്ധാഭിപ്രായം തേടി സർക്കാർ സമീപിച്ച ന്യൂയോർക് സിറ്റി ഫയർ ഡിപ്പാർട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ശ്രീ. ജോർജ് ഹീലിയും ബ്രഹ്മപുരത്ത് അവലംബിച്ച രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്നാണ് അഭിപ്രായപ്പെട്ടത്.
പൊതുജനാരോഗ്യ സാഹചര്യം:
5. തീപിടുത്തമുണ്ടാവുകയും പുക പടരുകയും ചെയ്തതു മുതൽ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുൻകരുതലും തയ്യാറെടുപ്പും ആരോഗ്യ വകുപ്പ് സ്വീകരിക്കുകയുണ്ടായി. എറണാകുളം മെഡിക്കൽ കോളേജിലും രണ്ട് താലൂക്ക് ആശുപത്രികളിലും പ്രത്യേക വാർഡുകൾ, ജില്ലാ ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ, കളമശേരി ആശുപത്രിയിൽ സ്മോക്ക് കാഷ്വാലിറ്റി എന്നിവയും അതിനു പുറമെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും പ്രവർത്തനക്ഷമമാക്കി. സ്വകാര്യ ആശുപത്രികളും ആരോഗ്യ രക്ഷാപ്രവർത്തങ്ങളിൽ നന്നായി സഹകരിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് കൺട്രോൾ റൂമുകളും സജ്ജീകരിച്ചു. നാലാം തീയതി മുതൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിവർക്ക് പ്രത്യേകം ആരോഗ്യ സംരക്ഷണം സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നുമുള്ള നിർദ്ദേശവും നൽകി. പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുകയുണ്ടായി. ലഭ്യമായ കണക്കനുസരിച്ച് 1,335 പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം തേടിയത്. 128 പേർ 10 വയസ്സിൽ താഴെയുള്ള കുട്ടികളും 262 പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേർക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആർക്കുമുണ്ടായില്ല.
ബ്രഹ്മപുരത്തിന്റെ ചരിത്രം
6. മുൻ വർഷങ്ങളിൽ നാല് തവണ ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായിട്ടുണ്ട്. വേർതിരിക്കാതെ വൻതോതിൽ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്ന അശാസ്ത്രീയമായ രീതിയാണ് കഴിഞ്ഞ ഒരു ദശകത്തിലേറെയായി ബ്രഹ്മപുരത്ത് നിലനിൽക്കുന്നത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനായി ആദ്യം 33 ഏക്കറും പിന്നീട് 15 ഏക്കറും ഭൂമിയാണ് 1995 -2000 ൽ കൊച്ചി കോർപറേഷൻ ബ്രഹ്മപുരത്ത് ഏറ്റെടുത്തത്. തുടർന്ന് 2000-2005 കാലയളവിൽ 13 ഏക്കറും 2005-2010 കാലയളവിൽ 60 ഏക്കറും ഭൂമി ഏറ്റെടുത്തു. 2006-11 കാലയളവിലെ എൽ ഡി എഫ് സർക്കാർ 100 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കുകയുണ്ടായി.
7. തുടക്കത്തിൽ മാലിന്യം തരംതിരിച്ചാണ് ബ്രഹ്മപുരത്തെ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. പ്ലാസ്റ്റിക് മാലിന്യം അനുവദിച്ചിരുന്നില്ല. 2008 ൽ ആരംഭിച്ച ജൈവ മാലിന്യ സംസ്കരണപ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനായി. ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതവും കാര്യക്ഷമവുമായ മാലിന്യസംസ്കരണ രീതി അവലംബിച്ചതിലൂടെ 2009 ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള പുരസ്കാരം കൊച്ചിക്ക് ലഭിക്കുകയുണ്ടായി. എന്നാൽ 2010 നു ശേഷം വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടെയുമുള്ള മാലിന്യസംസ്കരണ സംവിധാനത്തിൽ നിന്ന് കൊച്ചി കോർപറേഷൻ പിന്നാക്കം പോയി. അജൈവ മാലിന്യം വൻതോതിൽ ബ്രഹ്മപുരത്തേക്കെത്തി. കൊച്ചി കോർപറേഷന് മാത്രമായി ഉണ്ടായിരുന്ന ബ്രഹ്മപുരം പ്ലാന്റിൽ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യവും നിക്ഷേപിക്കാൻ തുടങ്ങി. ജൈവമാലിന്യസംസ്കരണ പ്ലാന്റിന്റെ കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അത് ജീർണാവസ്ഥയിലായി.
ഇതേതുടർന്ന് 10 വർഷം കൊണ്ട് 5,59,000 ടൺ മാലിന്യം കുമിഞ്ഞുകൂടി. ഈ മാലിന്യക്കൂമ്പാരം ശാസ്ത്രീയമായി സംസ്കരിക്കാൻ ദേശീയ ഹരിത ട്രിബൂണൽ ഉത്തരവിട്ടു. എന്നാൽ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച അജണ്ട തീരുമാനമെടുക്കാതെ 23 തവണ കോർപറേഷൻ കൗൺസിൽ മാറ്റിവെക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ഹരിത ട്രിബുണലിന്റെ ഉത്തരവ് നടപ്പാക്കാനായി ദുരന്ത നിവാരണ നിയമ പ്രകാരം സംസ്ഥാന സർക്കാർ ഇടപെട്ടതും ബയോ മൈനിങ്ങിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതും. കെ എസ് ഐ ഡി സി മുഖേനയാണ് ബയോ മൈനിങ്ങിനും വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടി 2019 ൽ ആരംഭിച്ചത്. തുടർന്ന് ബയോ മൈനിങ്ങിനുള്ള കരാർ സംബന്ധിച്ച് കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ബയോ മൈനിങ് കരാർ 54.90 കോടി രൂപയുടേതാണ്. 30 ശതമാനം ബയോ മൈനിങ്ങാണ് ഇതുവരെ പൂർത്തീകരിച്ചത്. രണ്ട് ഗഡുക്കളായി കമ്പനിക്ക് 11.06 കോടി രൂപ നൽകിയിട്ടുണ്ട്. 2023 ജൂൺ 30 ന് ബയോ മൈനിങ് പൂർത്തിയാക്കാൻ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിന് മാത്രമല്ല, സമാന പ്രശ്നങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കാനും പുതുമാലിന്യ കൂമ്പാരം ഉണ്ടാകാതിരിക്കാനും ബ്രഹ്മപുരത്ത് 350 കോടി രൂപ ചെലവിൽ വെസ്റ്റ് - റ്റു - എനർജി പ്ലാന്റ് സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. 2018 -ൽ പ്ലാന്റ് നിർമ്മിക്കാൻ ജിജെ ഇക്കോ പവർ എന്ന കമ്പനിക്ക് കരാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ കരാർ നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാനോ നടപടികൾ മുന്നോട്ട് പോകാനോ കഴിയാതെ വന്നതിനാൽ 2020 -ൽ കരാർ റദ്ദാക്കി. പുതിയ കരാർ നൽകുന്നതിനുള്ള തർക്കങ്ങൾ കൊച്ചി കോർപ്പറേഷനിൽ നിലനിൽക്കുന്നതിനാൽ പദ്ധതി വൈകുകയാണ്. എങ്കിലും അടുത്ത 2 വർഷത്തിൽ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ കഴിയും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്
നടപടികൾ
8. ബ്രഹ്മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനിൽ കേസ് പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം നടത്തും.
ബ്രഹ്മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ സംബന്ധിച്ചും, മാലിന്യസംസ്കരണ പദ്ധതി പ്രവർത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതാണ്. താഴെപ്പറയുന്ന ടേംസ് ഓഫ് റഫറൻസിന്റെ അടിസ്ഥാനത്തിൽ ഈ സംഘം അന്വേഷണം നടത്തും.
• തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാം
• ഭാവിയിൽ തീപിടുത്തം ഉണ്ടാകാതിരിക്കാൻ നടപ്പിലാക്കേണ്ട നടപടികൾ എന്തെല്ലാം
• ഖരമാലിന്യ സംസ്കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്
• സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്
• നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെകിൽ അതിന്റെ ഉത്തരവാദികൾ ആരൊക്കെയാണ്
• വിൻഡ്രോ കമ്പോസ്റ്റിങ് നടപ്പിലാക്കാൻ ഏർപ്പെട്ട ഉടമ്പടിയിൽ പിഴവുകൾ ഉണ്ടായിരുന്നുവോ
• കൊച്ചി കോർപറേഷൻ ബ്രഹ്മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നുവോ അതിന്റെ ഉത്തരവാദിത്തം ആർക്കായിരുന്നു പ്രവൃത്തിയിൽ ന്യൂനതകൾ ചൂണ്ടിക്കാണിച്ചിരുന്നോ
• പ്രവൃത്തിയിൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിക്കുന്നതിന് കരാറുകാർ സ്വീകരിച്ച നടപടികൾ എന്തെല്ലാം
• കൊച്ചി കോർപറേഷനിലെ ഖര മാലിന്യം സംഭരിക്കാനും സംസ്കരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്
• നിലവിൽ സ്ഥാപിച്ചിട്ടുള്ള വിൻഡ്രോ കമ്പോസ്റ്റിങ് പ്ലാന്റിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തെല്ലാം
• വിൻഡ്രോ കമ്പോസ്റ്റിങ് പ്ലാന്റിന്റെ ശോചനീയാവസ്ഥക്കും നടത്തിപ്പിലെ വീഴ്ചകൾക്കും ഉത്തരവാദികൾ ആരെല്ലാം
• മുൻകാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.
• ബയോ റെമഡിയേഷൻ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാർ പ്രകാരം കോർപറേഷന്റെയും കരാറുകാരുടെയും ചുമതലകൾ അതത് കക്ഷികൾ എത്രത്തോളം പാലിച്ചിരുന്നു
• കൊച്ചി കോർപറേഷൻ പരിധിക്കുള്ളിൽ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും അവ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം എന്തായിരുന്നു കരാറുകാരുടെ പ്രവർത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണമെന്ത് ഇത് പരിഹരിക്കാനെടുത്ത നടപടികൾ എന്തെല്ലാം
• വലിയ തോതിലുള്ള ഖരമാലിന്യം ഉണ്ടാവുന്ന കേന്ദ്രങ്ങളിൽ ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കാൻ എത്രത്തോളം സാധിച്ചിട്ടുണ്ട്
ദുരന്തനിവാരണ നിയമത്തിന്റെ പ്രയോഗം
9. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ തീ അണയ്ക്കുവാനും നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ദുരന്ത നിവാരണ നിയമത്തിലെ 24 (ഇ) വകുപ്പ് പ്രകാരം എംപവേഡ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിനും അതിനായി തയാറാക്കിയിട്ടുള്ള സമഗ്ര കർമ്മ പരിപാടി സമയബന്ധിതമായി നടപ്പിലാക്കാനും തടസങ്ങൾ നീക്കം ചെയ്യാനും ദുരന്തനിവാരണ നിയമത്തിലെ 24 (എൽ) വകുപ്പ് പ്രകാരം സർക്കാർ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതാണ്. കൊച്ചിയിലെ പ്രവർത്തനങ്ങൾ പ്രത്യേകമായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും. ഇതിനു പുറമെ തദ്ദേശസ്വയംഭരണ, വ്യവസായ മന്ത്രിമാർ എല്ലാ ആഴ്ചയിലും അവലോകനം നടത്തും.
ആരോഗ്യ പഠനം
10. തീപിടിത്തത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് സമഗ്രമായ ആരോഗ്യ സർവേ ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും നടത്തുന്നുണ്ട്. ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങൾ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാൻ ശാസ്ത്രീയമായ പഠനവും വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തും.
സംസ്ഥാനതല കർമ്മപദ്ധതി
11. ബ്രഹ്മപുരത്തിന്റെ പാഠം, കൊച്ചിയിൽ മാത്രമല്ല, സംസ്ഥാനത്താകെ മാലിന്യ സംസ്കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ്.. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കുള്ള ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർണയിച്ചും സമയബന്ധിതമായി സമഗ്രമായ കർമപദ്ധതി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ സർക്കാർ നേതൃത്വം കൊടുക്കും. ഖരദ്രവമാലിന്യങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ, ഇ-വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവയുടെ ശാസ്ത്രീയമായ സംസ്കരണവും ഇതിന്റെ ഭാഗമായി ഒരുക്കും. ജനങ്ങളെയാകെ ബോധവൽക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മാലിന്യ സംസ്കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ സ്വീകരിക്കും. മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരായി സങ്കുചിത താല്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾ കേരളത്തിന് ഇനിയും താങ്ങാനാവില്ല. അത്തരം പ്രതിഷേധങ്ങളെ ഇനിയും വകവെച്ചുകൊടുത്തുകൊണ്ട് മുന്നോട്ടു പോകാനാവില്ല.
12. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. മാർച്ച് 13 മുതൽ മെയ് 31 വരെയും സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സർക്കാർ ഇത് നടപ്പാക്കുക. ഉറവിട മാലിന്യസംസ്കരണം, അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, ഹരിതകർമ സേനയുടെ സമ്പൂർണ വിന്യാസം, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കൽ, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നിവ ഈ കർമ്മപദ്ധതിയുടെ പ്രധാന ഉള്ളടക്കമാണ്. ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കും. തദ്ദേശ സ്ഥാപന , ജില്ലാ, സംസ്ഥാന തലങ്ങളിൽ വാർ റൂമുകൾ സജ്ജീകരിക്കും, ജില്ലാതലത്തിൽ എൻഫോഴ്സ്മെന്റ് ടീമുകളും വിജിലൻസ് സ്ക്വാഡുകളും രൂപീകരിക്കും. കർമ്മ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തിൽ സോഷ്യൽ ഓഡിറ്റും നടത്തും. ഇനിയും മെല്ലെപ്പോക്ക് ഇക്കാര്യങ്ങളിൽ തുടരനാവില്ല. ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടുപോവുക തന്നെ ചെയ്യും.
അന്താരാഷ്ട്ര വൈദഗ്ധ്യം
13. ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾക്കും സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്, മാർച്ച് 21- 23 തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തും. മറ്റ് ഏജൻസികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണമെന്ന ലക്ഷ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം നമുക്ക് ആരംഭിക്കാം. ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി നമുക്ക് മാറ്റാം.
മറുനാടന് മലയാളി ബ്യൂറോ