കേരളാ ഹൗസിൽ പ്രാതൽ കഴിക്കവേ എത്തിയ ദല്ലാളിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞയാളാണ് ഞാൻ, സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്; എന്റയടുത്ത് വരാനുള്ള മാനസികാവസ്ഥ ഉണ്ടാകില്ല; സോളാറിലെ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനാ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദല്ലാൾ നന്ദകുമാർ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻപ് ദല്ലാൾ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഹൗസിൽ പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുറിയിലേക്ക് കടന്നുവന്ന നന്ദുമാറിനോട് ഇറങ്ങിപ്പോകാൻ താൻ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷനേതാവിനെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അത് മുഖ്യമന്ത്രിയാകുന്നതിന് മുൻപേയുണ്ട്. ഈ ദല്ലാൾ എന്ന് പറയുന്നയാൾ എന്റെയടുത്ത് വന്നപ്പോൾ നിങ്ങൾ ഇറങ്ങിപ്പോകണം എന്നു പറഞ്ഞയാളാണ് ഞാൻ. കേരള ഹൗസിൽ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാണ് അയാൾ എന്റെയടുത്ത് വന്നത്. അപ്പോഴാണ് ഞാൻ ഇറങ്ങിപ്പോകാൻ പറഞ്ഞത്. അത് സതീശൻ പറയുമോ എന്നറിയില്ല. അത് പറയാൻ വിജയന് മടിയില്ല.'- അദ്ദേഹം പറഞ്ഞു. 'അതിനുശേഷം എത്രയോ വർഷമായി. ആ ദല്ലാൾ ഞാൻ ഈസ്ഥാനത്ത് എത്തിയപ്പോൾ എന്റടുത്ത് വന്നു എന്നു പറയുന്നത് നിങ്ങളുടെ ആവശ്യത്തിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കഥയാണ്. എന്റടുത്ത് വരാനുള്ള മാനസികാവസ്ഥ അയാൾക്കുണ്ടാവില്ല.'- മുഖ്യമന്ത്രി പറഞ്ഞു.
സോളർ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തിൽ വന്ന് മൂന്നു മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരായ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശം ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ട് കണാതെ പ്രതികരിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 12-1-21നാണ് പരാതി എന്റടുത്ത് വരുന്നത്. 15-1-21ൽ നിയമോപദേശം തേടി. അതുമായി ബന്ധപ്പെട്ട് ഞാനെന്തോ പ്രത്യേക താത്പര്യത്തോടെ പരാതി എഴുതിവാങ്ങാൻ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാൻ ശ്രമിച്ചത്. അതല്ല എന്നാണ് ഇതോടെ വ്യക്തമായത്. സർക്കാർ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടില്ല. വന്ന പരാതിയിന്മേൽ നിയമനടപടി സ്വീകരിക്കുമാത്രമാണ് ചെയ്തത്.
സോളാർ തട്ടിപ്പ് കേസുകൾ യുഡിഎഫ് നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റെയും അഴിമതിയുടെയും സ്വാധീനം തുറന്നുകാണിച്ചവയാണ്. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന പദ്ധതിയാണ് കോടികളുടെ അഴിമതിയിലൂടെ തട്ടിയെടുത്തത്. ഇത് യുഡിഎഫ് സർക്കാർ നിയമിച്ച കമ്മീഷൻ കണ്ടെത്തിയത്.
സോളാർ കേസിൽ 2013 ജൂൺ 6നാണ് പെരുമ്പാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത് 2013 ജൂൺ മൂന്നിനാണ്. ജൂൺ 17ന് മറ്റൊരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 33 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തത്. 28 ഒക്ടോബർ 2013ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. 2016 സെപ്റ്റംബർ 26നാണ് റിപ്പോർട്ട് വരുന്നത്. പരാതിക്കാരി അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും 15 രാഷ്ട്രീയ നേതാക്കൾക്ക് എതിരെയും ആരോപണം ഉന്നയിച്ചു.
2018 ഒക്ടോബർ 1 നാണ് പരാതിക്കാരി പീഡനം ആരോപിച്ച് സൗത്ത് സോൺ എഡിജിപിക്ക് പരാതി നൽകിയത്. ഈ പരാതിയിന്മേൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടന്നുവരുന്ന ഘട്ടത്തിലാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 12-1-2021ൽ പരാതിക്കാരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിയമോപദേശം തേടിയ ശേഷമാണ് സിബിഐയെ ഏൽപ്പിക്കാൻ 23-1-2023ന് തീരുമാനം എടുക്കുന്നത്.
തിരുവനന്തപുരം സിബിഐ സ്പെഷ്യൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. പ്രസ്തുത കേസിൽ അന്വേഷണം പൂർത്തീകരിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ 26-12-22ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. സിബിഐ പറയുന്നതായി മാധ്യമങ്ങൾ പറയുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ലഭ്യമായിട്ടില്ല. അതുകൊണ്ട് അതിൽപ്പറയുന്ന കാര്യങ്ങളിൽ അഭ്രിപായം പറയാൻ സർക്കാരിന് നിർവാഹമില്ല. റിപ്പോർട്ടിലെ ചില നിരീക്ഷണങ്ങൾ എന്താണെന്ന് ഊഹിച്ചെടുത്ത് അതിന്മേൽ ചർച്ച വേണമെന്നാണ് ആവശ്യം. അതിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ലാത്തതുകൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറായത്.'- മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ