- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരം തീപിടുത്തത്തിൽ ഒടുവിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി; വിശദമായ അന്വേഷണം നടത്തുമെന്ന് നിയമസഭയിൽ പ്രഖ്യാപനം; ഉത്തരവാദികൾ ആരൊക്കെയെന്നും കൊച്ചി കോർപ്പറേഷന് വീഴ്‌ച്ച പറ്റിയോ എന്നും പരിശോധിക്കും; അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും; ബ്രഹ്മപുരത്തെ കുറിച്ച് വിജിലൻസ് അന്വേഷണവും നടത്തുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: കൊച്ചി നിവാസികളെ രണ്ടാഴ്ചത്തോളം ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിഞ്ഞു. തീപിടുത്തമുണ്ടായി 13ാം ദിവസമാണ് മുഖ്യമന്ത്രി വിഷയത്തിൽ പരസ്യമായി പ്രതികരിച്ചത്. ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. ചട്ടം 300 അനുസരിച്ചാണ് പ്രസ്താവന നത്തിയത്.
ബ്രഹ്മപുരം തീപിടുത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. തീപിടിത്തത്തിന്റെ ഉത്തരവാദികൾ ആരൊക്കെയെന്നും കൊച്ചി കോർപ്പറേഷന് വീഴ്‌ച്ച പറ്റിയോ എന്നും പരിശോധിക്കും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുമെന്നും പിണറായി വിജയൻ അറിയിച്ചു.
കൊച്ചി കോർപറേഷനിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനിൽ കേസ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യ പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരത്ത് തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവർത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കും.
തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാം, ഭാവിയിൽ തീപിടുത്തം ഉണ്ടാകാതിരിക്കാൻ നടപ്പിലാക്കേണ്ട നടപടികൾ, ഖരമാലിന്യ സംസ്‌കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ നിരീക്ഷണങ്ങളും നിർദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ വിദഗ്ധ സംഘം പഠിക്കും.
12-ാം ദിനം തീണയണച്ചപ്പോൾ അഗ്‌നിശമന സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തിൽ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് ഇന്ന് പ്രത്യേക പ്രസ്താവന നടത്തുന്നത്.
പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിക്കാനാകില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോരും ബഹളവും നടന്നുവരികയണ്.
മറുനാടന് മലയാളി ബ്യൂറോ