സ്വപ്ന - ശിവശങ്കരൻ വാട്സ് ആപ്പ് ചാറ്റുകൾ സഭയിൽ ഉന്നയിച്ചു മാത്യു കുഴൽനാടൻ; സ്വപ്നയ്ക്ക് ജോലി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മാത്യു; റിമാൻഡ് റിപ്പോർട്ട് ഉന്നയിച്ചുള്ള ആരോപണത്തിൽ കലിയിളകി പിണറായി; റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവെക്കാമെന്ന് പറഞ്ഞതോടെ മന്ത്രിമാരും ബഹളം വെച്ചു; സഭ തൽക്കാലം നിർത്തിവെച്ചു
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ ചൊല്ലി സഭയിൽ ബഹളം. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തിറങ്ങിയതോടെ സഭയിൽ ഭരണപക്ഷം ബഹളം വെച്ചു. ഇതോടെ സ്പീക്കർ സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. മാത്യു കുഴൽനാടൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരിയിൽ പണിയുന്ന ഫ്ളാറ്റിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോടികൾ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
എന്നാൽ ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്നമാണെന്ന് മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. സമാന വിഷയം ഈ സമ്മേളനത്തിൽ നേരത്തെ ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്. ആൾ മാത്രം മാറിയെന്നേയുള്ളുവെന്നും രാജേഷ് പരിഹസിച്ചു. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയ നോട്ടീസെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.
കഴിഞ്ഞ സഭാ സ്വപ്ന സമാനമായ പദ്ധതിയാണ് ലൈഫ് മിഷൻ. റെഡ് ക്രസന്റ് ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പ് കൂടി കണ്ട ശേഷമാണ്. അതിൽ ലൈഫ് മിഷനോ സർക്കാറിനോ സാമ്പത്തിക ഉത്തരവാദിത്തമില്ല. സർക്കാർ ഇതിനോട് സഹകരിക്കുന്ന സമീപനം സ്വീകരിച്ചു. കോഴ ഇടപാട് ആരോപണവുമായി ലൈഫ് മിഷന് ബന്ധമില്ല. സിബിഐ പരാതി കിട്ടിയ ഉടൻ എഫ്ഐആർ ഇട്ടു. നയപരമായ തീരുമാനം എടുത്തതുകൊണ്ട്, ഉദ്യോഗസ്ഥർ വരുത്തിയ തെറ്റിൽ സർക്കാരിന് മേൽ പങ്ക് ആരോപിക്കാനാവില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം തുടരുകയാണ്.
പക്ഷേ കേന്ദ്ര ഏജൻസികൾ വിജിലൻസിന് വിവരങ്ങൾ കൈമാറുന്നില്ല. സിബിഐ ശേഖരിച്ച 18 ഫയലുകൾ വിജിലൻസ് അന്വേഷണത്തിന് ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ലൈഫ് മിഷനിൽ അടിസ്ഥാനത്തിലാണ് മാധ്യമ വിവരങ്ങളുടെ ഇഡി അന്വേഷണം നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ പേരിലാണ് സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം കോൺഗ്രസും മുന്നോട്ട് വെക്കുന്നത്. മുൻവിധികൾ ഉള്ള നിലപാട് വെച്ച് പുലർത്തുന്നതാണ് അടിയന്തിരപ്രമേയ നോട്ടീസ്. ചർച്ചയാവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
എന്നാൽ കേരളം കണ്ട ഏറ്റവും ശാസ്ത്രീയ അഴിമതിയാണ് ലൈഫ് മിഷനിൽ ഉണ്ടായതെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. ശിവശങ്കരിന്റ് ചാറ്റുകൾ സഭയിൽ ഉദ്ധരിച്ച മാത്യു, യുഎഇ കോൺസുലേറ്റിന് യൂണിടാകുമായി കരാർ ഒപ്പിടാൻ സിഎം അനുമതി നൽകിയോയെന്ന ചോദ്യവും ഉന്നയിച്ചു. സ്വപ്നയ്ക്ക് ജോലി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴൽനാടൻ ഉന്നയിച്ചതോടെ സഭയിൽ ബഹളമായി. സ്വപ്നയും ശിവശങ്കറും കോൺസുൽ ജനറലും ക്ലിഫ്ഹൗസിൽ യോഗം ചേർന്നെന്ന് മാത്യു ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുനേറ്റു. ഇതൊക്കെ നേരത്തെ ചർച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്സ്ആപ്പ് ചാറ്റുകൾക്ക് ആധികാരികത ഇല്ലെന്നും സാക്ഷ്യപ്പെടുത്തിയ അല്ലെന്നും പറഞ്ഞു. എന്നാൽ, താൻ ചൂണ്ടിക്കാട്ടിയത് റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ആണെന്നും അത് സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതോടെ ഭരണപക്ഷം മന്ത്രിമാർ അടക്കമുള്ളവർ ബഹളം വെച്ചു. തുടർന്ന് ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ