തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയും പ്രതിപക്ഷത്തിന്റെ സമരവും നിയമസഭയിൽ എത്തിയതോടെ തമ്മിൽ വാക്കുകൾ കൊണ്ട് കോർത്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗർബല്യമല്ലെന്ന് വിശദീകരിക്കവേയാണ് മുഖ്യമന്ത്രി പഴയ വിജയന്റെ കാര്യം ഓർമ്മിപ്പിച്ചത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തുവന്നു.

താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാൾ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാൽ മതി. അത് പ്രത്യേകമായി എന്റെയൊരു ദൗർബല്യമായി കാണേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞു മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും, വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കിൽ പണ്ടേ അതിന് മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആ മറുപടിയല്ല ഇപ്പോൾ ആവശ്യം. സാധാരണ നിലയിൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നവരോട് പ്രതിഷേധമുണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്നും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങൾ സർവസജ്ജമായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായിട്ട് നടന്നല്ലോയെന്നും പിണറായി പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറക്കില്ല എന്നു പറഞ്ഞ കാലത്തും ഞാൻ പുറത്തിറങ്ങിയിരുന്നു. വിശിഷ്ട വ്യക്തികൾ, അതിവിശിഷ്ട വ്യക്തികൾ തുടങ്ങിയവർക്കൊക്കെ സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്.

സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട അധികാരികൾ ഉൾക്കൊള്ളുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഓരോ ആറുമാസം കൂടുമ്പോഴും കമ്മിറ്റി യോഗം ചേർന്ന് അവലോകനവും പുനഃപരിശോധനയും നടത്തുന്നു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയാണ് നൽകി വരുന്നത്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവർണർക്കും വയനാട്ടിലെ എംപിയായ രാഹുൽഗാന്ധിക്കും ഒരുക്കിയിട്ടുള്ളത്. സെഡ് പ്ലസ് പ്രകാരമുള്ള സാധാരണ സുരക്ഷ മാത്രമേ മുഖ്യമന്ത്രിക്കും നൽകിയിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കറുപ്പിനെ വിലക്കി എന്നത് മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സർക്കാരിനെ അപകീർത്തിപ്പെടുത്തണമെന്ന് ചില മാധ്യമങ്ങൾക്കുണ്ട്. അതിന്റെ ഭാഗമായി അവർ പടച്ചുവിടുന്നതാണ് ഇത്തരം വാർത്തകൾ. നാടിന്റെ വികസനപ്രവർത്തനങ്ങൾ തടയാൻ പോലും കുപ്രചരണം നടത്തുന്നു. കൂത്തുപറമ്പിലെ വെടിവെയ്പ് മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചു. ജനകീയ പ്രക്ഷോഭങ്ങൾ ചിലഘട്ടങ്ങളിൽ സർക്കാരിനെതിരെ ഉയർന്നു വന്നേക്കാം. അതു സർക്കാർ ഉൾക്കൊള്ളുന്നുമുണ്ട്. എന്നാൽ അത്തരത്തിലൊരു ജനകീയ പ്രക്ഷോഭമാണോ ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാഷ്ട്രീയമായ കാര്യങ്ങൾ വെച്ചുകൊണ്ട് എന്തിനേയും എതിർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

'സ്റ്റാലിന്റെ റഷ്യയല്ല, പഴയ വിജയേനേയും പുതിയ വിജയനേയും പേടിയില്ല'

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത് ജനാധിപത്യ കേരളമാണ്. ഇവിടെ ജനാധിപത്യ രീതിയിലുള്ള ഒരുപാട് സമരങ്ങളുണ്ടാകും. നികുതി പിരിവിലെ കെടുകാര്യസ്ഥത കൊണ്ട് പതിനായിരക്കണക്കിന് കോടി രൂപ പിരിക്കാൻ പരാജയപ്പെട്ട സർക്കാരിന്റെ തെറ്റുകൾ മറയ്ക്കാൻ സാധാരണക്കാരന്റെ തലയിൽ നികുതിഭാരം കെട്ടിവെക്കാൻ ശ്രമിച്ചതിനെയാണ് പ്രതിപക്ഷം എതിർത്തതെന്ന് വിഡി സതീശൻ പറഞ്ഞു. സമരത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ നാട്ടിലാർക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. അതുകൊണ്ടാണ് മുഖ്യമന്ത്രി വീട്ടിലിരിക്കാൻ പറഞ്ഞത്. പഴയ വിജയനാണെങ്കിൽ മറുപടി പറഞ്ഞേനെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പഴയ വിജയേനേയും പേടിയില്ല, പുതിയ വിജയനേയും പ്രതിപക്ഷത്തിന് പേടിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങൾ കഴിഞ്ഞത്. ഇന്ധന സെസ് കേന്ദ്രസർക്കാർ കൂട്ടിയപ്പോൾ യുഡിഎഫും കോൺഗ്രസും സമരം ചെയ്തു. കോവിഡ് കാലത്ത് അകലം പാലിച്ചാണ് സമരം നടത്തിയത്. ഇന്ന് മൂറുകണക്കിന് കേസുകളാണ് പിണറായി വിജയന്റെ സർക്കാർ കോൺഗ്രസുകാർക്കെതിരെ എടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.