- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം ബാറുകൾ തുറന്നു, പ്ലസ് വൺ സീറ്റുകൾ നൽകിയില്ല;
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധിയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്‌പോര്. മലബാറിലെ ആറു ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ കുറവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. പ്‌ളസ് വൺ സീറ്റിന്റെ കുറവ് മൂലം, എസ്എസ്എൽഎസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിർത്തിവച്ച് ചയർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
പ്ലസ് വണിന് താൽകാലിക ബാച്ചുകൾ പരിഹാരമല്ല. സർക്കാർ ആയിരം ബാറുകൾ തുറന്നുവെങ്കിലും പ്ലസ് വൺ സീറ്റ് നൽകിയില്ലെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ഫസ്റ്റ് അലോട്ടുമെന്റിന് ശേഷം അര ലക്ഷം വിദ്യാർത്ഥികൾക്കാണ് സീറ്റില്ലാത്തത്. പാലക്കാട്, കണ്ണൂർ, വയനാട് അടക്കം ആറു ജില്ലകളിൽ സീറ്റിന്റെ കുറവുണ്ട്. ഇക്കാര്യം കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തിയെന്നും ഷംസുദ്ദീൻ ആരോപിച്ചു.
തെക്കും വടക്കും പറഞ്ഞ് പ്രതിപക്ഷം പ്രശ്‌നമുണ്ടാക്കുന്നില്ല. 20 വിദ്യാർത്ഥികൾ പോലുമില്ലാത്ത ബാച്ചുകൾ തെക്കൻ ജില്ലയിലുണ്ട്. 1998ൽ പ്ലസ് വൺ ആരംഭിച്ചപ്പോൾ വടക്കൻ ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിച്ചില്ല. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മൂന്ന് വർഷം പിന്നിട്ടിട്ടും അതിന് പരിഹാരം കണ്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സഭയിൽ വ്യക്തമാക്കി. കോഴിക്കോടും പാലക്കാടും സീറ്റ് കൂടുതലുണ്ട്. മലപ്പുറം ജില്ലയിലും ആവശ്യത്തിന് സീറ്റുകളുണ്ടെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ 74,840 പേരാണ് ഉപരിപഠനത്തിന് അപേക്ഷ നൽകിയത്. ഹയർ സെക്കൻഡറി മേഖലയിൽ 71,036 സീറ്റുകൾക്ക് പുറമെ വൊക്കേഷണൽ മേഖലയിൽ 2,850 സീറ്റുകളും ഐ.ടി മേഖലയിൽ 5,484 സീറ്റുകളും പോളിടെക്‌നിക് മേഖലയിൽ 880 സീറ്റുകളും അടക്കം ആകെ 80,250 സീറ്റുകൾ റെഗുലർ പഠനത്തിനായി ലഭ്യമാണെന്നും മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, പ്ലസ് വൺ സീറ്റ് ക്ഷാമം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് വിദ്യാഭ്യാസ മന്ത്രി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്, അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ ചേർത്തുള്ള കണക്കാണ് നിയമസഭയിൽ പറഞ്ഞത്.