മന്ത്രിയായപ്പോഴുള്ള മാറ്റമായിരിക്കാം, ഞങ്ങൾക്കറിയുന്ന റോഷി ഇങ്ങനെ പറയില്ല; വാട്ടർഅഥോറിറ്റിക്ക് പ്രൊഫഷണലിസം ഇല്ല; കുടിശ്ശിക പിരിവിൽ അഥോറിറ്റി പരാജയപ്പെട്ടതിന്റെ ഭാരം ജനങ്ങളുടെ തലയിൽ ഇടുകയാണ് വി ഡി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളക്കരം വർധിപ്പിച്ച് ഉത്തരവ് ഇറക്കിയത് സഭയോടുള്ള അനാദരവ് ആണെന്നും സഭയോട് ആലോചിക്കാതെയാണ് സർക്കാർ തീരുമാനം എടുത്തതെന്നും വി ഡി സതീശൻ വിമർശിച്ചു. നികുതി ഭാരത്തിൽ ജനം വേദനിച്ചിരിക്കുമ്പോഴാണ് വെള്ളക്കരം കൂട്ടി ഉത്തരവിറക്കിയത്. വല്ലാത്ത ധൈര്യമാണിതെന്നും വാക്ക്ഔട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കുടിശ്ശിക പിരിവിൽ അഥോറിറ്റി പരാജയപ്പെട്ടതിന്റെ ഭാരം ജനങ്ങളുടെ തലയിൽ ഇടുകയാണ്. വാട്ടർ അഥോറിറ്റി യാതൊരു പ്രൊഫഷണലിസവും ഇല്ലാത്ത സ്ഥാപനമാണെന്നും വി ഡി സതീശൻ പറഞ്ഞു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. തങ്ങൾക്ക് പരിചയമുള്ള റോഷി അഗസ്റ്റിൻ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. അപ്പുറത്ത് എത്തിയപ്പോൾ അല്ലെങ്കിൽ മന്ത്രി ആയപ്പോൾ ഉള്ള മാറ്റമാകാം ഇപ്പോൾ കാണുന്നത് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. വെള്ളക്കരം വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺ കോൾ പോലും വന്നിട്ടില്ല. ഒരു കുപ്പി വെള്ളം 20 രൂപയ്ക് വാങ്ങുന്നവർക്ക് ലിറ്ററിന് ഒരു പൈസ അധികാരം നൽകാമെന്നും മന്ത്രി പറഞ്ഞിരുന്നു.വെള്ളക്കരം വർധിപ്പിച്ച നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നോട്ടീസ് നൽകിയിരുന്നു. എം വിൻസന്റ് എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
എന്നാൽ വാട്ടർ അഥോറിറ്റി നേരിടുന്നത് 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടിയിൽ ആവശ്യപ്പെട്ടു.നികുതിക്കൊള്ളയിൽ ജനങ്ങൾ വീണു കിടക്കുമ്പോഴാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നതെന്ന് എം വിൻസന്റ് വിമർശിച്ചു. ആരാച്ചാർക്കുള്ള ദയ പോലും സർക്കാരിന് ഇല്ല. മരണക്കിടക്കയിൽ കിടക്കുന്നവർ വെള്ളം ചോദിച്ചാൽ അതിനും കത്ത് നൽകേണ്ടി വരുമോ എന്നും മന്ത്രി കഴിഞ്ഞ ദിവസം സഭയിൽ നടത്തിയ പ്രതികരണത്തിന് മറുപടിയായി എം വിൻസന്റ് ചോദിച്ചു.
മറുനാടന് ഡെസ്ക്