റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയ നോട്ടീസ്; താങ്ങുവില 300 രൂപയായി ഉയർത്തണമെന്ന് ആവശ്യം; കേന്ദ്രത്തെ പഴിച്ച് മന്ത്രി; കേന്ദ്ര സർക്കാരിന്റെ വിവിധ കരാറുകളാണ് റബർ വില തകർച്ചക്കുള്ള കാരണമെന്ന് പി പ്രസാദ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. കേരളാ കോൺഗ്രസ് എംഎൽഎ മോൻസ് ജോസഫാണ് നോട്ടീസ് നൽകിയത്. ഉത്പാദന ചെലവിന്റെ വർധനവും വിലതകർച്ചയും മൂലം കേരളത്തിലെ റബർ കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കാത്തത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടത്.
കേന്ദ്ര സഹായത്തിന് കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയർത്തണമെന്നും മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. യുഡിഎഫ് കാലത്ത് വില സ്ഥിരത ഫണ്ട് രൂപവത്കരിച്ചിരുന്നു. വില 250 ആക്കുമെന്ന് എൽഡിഎഫ് വാഗ്ദാനം നൽകിയതാണെന്നും മോൻസ് ജോസഫ് പറഞ്ഞു അതേസമയം റബർ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്നാണ് കൃഷി മന്ത്രി പി പ്രസാദ് മറുപടി നൽകിയത്.
കേന്ദ്ര സർക്കാരിന്റെ വിവിധ കരാറുകളാണ് റബർ വില തകർച്ചക്കുള്ള കാരണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര കരാറുകളാണ് വിലതകർച്ചക്ക് കാരണം. കേന്ദ്ര സമീപനം ഒട്ടും അനുകൂലമല്ല. താങ്ങുവില 250 ആക്കാൻ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കേന്ദ്ര ധനമന്ത്രിയെ നേരത്തെ കണ്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. കേന്ദ്ര സഹായം ഇല്ലാതെ റബർ വില കൂട്ടാൻ ആകില്ല.
റബറുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകൾക്ക് ഉത്തരവാദി പഴയ കോൺഗ്രസ് സർക്കാർ എന്ന് പറഞ്ഞു കേന്ദ്ര മന്ത്രി കൈ മലർത്തിയെന്നും പി പ്രസാദ് പറഞ്ഞു. റബർ വില തകർച്ച ഒന്നാം പ്രതി കേന്ദ്രം തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അനിയന്ത്രിതമായ ഇറക്കുമതിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിൽ ചർച്ച തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ