ബോധരഹിതരാകുന്ന ജനങ്ങളുടെ മുഖത്ത് വെള്ളം തളിക്കാനാകാത്ത സ്ഥിതിയെന്ന് വെള്ളക്കരം കൂട്ടിയതിൽ പ്രതിപക്ഷ വിമർശനം; കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവർക്ക് ഇതൊക്കെ വലിയ വർധനയോ? ആരും പരാതിപ്പെട്ടില്ലെന്ന് മന്ത്രി റോഷിയുടെ മറുപടിയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചതിനെതിരെ വിമർശനവുമായി നിയമസഭയിൽ പ്രതിപക്ഷം. ബോധം കെട്ട് വീഴുന്നവരുടെ മുഖത്ത് വെള്ളം തളിക്കാൻ സാധിക്കാത്ത അവസ്ഥയെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ കുറ്റപ്പെടുത്തി. ഇതിന് പരിഹാസ രൂപേണയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകിയത്. വെള്ളത്തിനായി എംഎൽഎ പ്രത്യേക കത്ത് നൽകിയാൽ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.
സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ കണക്കിലാണ് വർധന. 1000 ലിറ്ററിന് 22.85 രൂപയാണ് ചെലവ്. 1000 ലിറ്ററിന് വരുമാനം 10.92 രൂപ. 1000 ലിറ്ററിന് വാട്ടർ അഥോറിറ്റിക്ക് 11.93 രൂപ നഷ്ടമാണ് ഉണ്ടാകുന്നതെന്നും മന്ത്രി അറിയിച്ചു.
അധിക ഭാരം അടിച്ചേൽപ്പിക്കലല്ല, അധിക ബുദ്ധിമുട്ടില്ലാത്ത വർധനവിന് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോ എന്നും റോഷി അഗസ്റ്റിൻ ചോദിച്ചു.
വെള്ളക്കരം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു സാധാരണക്കാരൻ പോലും തന്നെ വിളിച്ചിട്ടില്ല. ഒരു പരാതി പോലും ലഭിച്ചിട്ടില്ല. ജനങ്ങളെ സംരക്ഷിക്കാനാണ് വെള്ളക്കരം കൂട്ടിയത്. വെള്ളം ഉപയോഗിക്കുന്നതിൽ കുറവ് വരുത്തിയാൽ ബിൽ കുറയും. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയത് ആരും അറിയാതെ അല്ലെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. നിരക്ക് വർധനയ്ക്ക് എൽ.ഡി.എഫ് അംഗീകാരം ലഭിച്ചാൽ പിന്നീട് വകുപ്പ് മാത്രം അനുമതി നൽകിയാൽ മതിയെന്നും മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്ന ഒരാൾക്ക് ലിറ്ററിന് ഒരുപൈസയുടെ വർധനവ് വലിയ വർധനവാണോയെന്നും മന്ത്രി ചോദിച്ചു.
ജനങ്ങൾക്ക് നല്ല സേവനം കൊടുക്കാൻ കഴിയണം. ജലലഭ്യത ഉറപ്പുവരുത്താൻ സാധിക്കണം. എന്നാൽ ഇപ്പോൾ ജല അഥോറിറ്റിയിൽ പെൻഷൻ നൽകാൻ പോലും കഴിയാത്ത സാഹചര്യമാണ്. വർഷംതോറും ഈ ബുദ്ധിമുട്ട് വർധിക്കുകകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് നിരക്ക് വർധന. കൂടിയ നിരക്ക് നൽകേണ്ടി വരുക മാർച്ച്-ഏപ്രിൽ മാസത്തെ ബില്ലിലാണെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ