സഭയ്ക്കുള്ളിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് തെറ്റ്; ഇനി ആവർത്തിക്കരുതെന്ന് സ്പീക്കർ; സഭയിൽ നടക്കുന്നത് ജനം കാണട്ടെ; പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ മറച്ചുവയ്ക്കുക സ്ഥിതിയുണ്ടായെന്ന് വി ഡി സതീശൻ; സഭ ടി.വി സമിതിയിൽ നിന്ന് നാല് പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷങ്ങളോട് പ്രതികരിച്ചു സ്പീക്കർ എ എൻ ഷംസീർ. ഇന്നലെ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളെന്ന് ഷംസീർ പറഞ്ഞു. ഇന്നേവരെ സഭയുടെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ചേംബർ തന്നെ ഉപരോധിക്കുന്ന നിലയുണ്ടായി. കക്ഷിനേതാക്കളുടെ യോഗം ചേർന്നതിന്റെ സാഹചര്യത്തിൽ സഭയുമായി എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു.
മികച്ച സാമാജികർ രണ്ടുപക്ഷത്തുമുണ്ട്. നല്ല നിലയിൽ തന്നെ സഭയുമായി സഹകരിക്കണം. ഇന്നലെ നടന്ന രീതികൾ ഉണ്ടാകാൻ പാടില്ലത്താതാണെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ ഈ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്പീക്കറുടെ സഭയുടെ മുന്നിൽ ഒരു സത്യഗ്രഹസമരമാണ് നടത്തിയത്. സ്പീക്കറുടെ വഴി തടയാനോ അവിടെ മനഃപൂർവം എന്തെങ്കിലും പ്രശ്നമുണ്ടാക്കാനോ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല.
വാച്ച് ആൻഡ് വാർഡ് വന്ന് തങ്ങളെ ഉപദ്രവിക്കുകയായിരുന്നു. വനിതാ എംഎൽഎയെ അടക്കം ഉപദ്രവിക്കുകയായിരുന്നു. സഭ നല്ലപോലെ നടത്തിക്കൊണ്ടു പോകാൻ പ്രതിപക്ഷത്തിനുള്ള അടിയന്തപ്രമേയ അവതരണത്തിനുള്ള നോട്ടീസ് നൽകുന്നതിനുള്ള അവസരം നിഷേധിക്കരുത്. വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും രണ്ട് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കണം. ഈ രണ്ടുകാര്യത്തിലും ധാരണയിലെത്തിയാൽ സഭാ നടപടിയുമായി പൂർണമായി സഹകരിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
സ്പീക്കറുടെ മുഖം മറച്ച് ഉൾപ്പടെ പ്ലക്കാർഡുകൾ ഉയർത്തി. പല തവണ അഭ്യർത്ഥിച്ചിട്ടും അത് കേൾക്കാൻ പോലും പ്രതിപക്ഷ അംഗങ്ങൾ തയ്യാറായില്ലെന്ന് സ്പീക്കർ പറഞ്ഞു. സഭയ്ക്കകത്തെ വിഷ്വൽ റെക്കോർഡ് ചെയ്യാൻ പാടില്ലെന്നറിഞ്ഞിട്ടും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ റെക്കോർഡ് ബ്ലാക്ക് ചെയ്യാവുന്ന ടെക്നോളജിയുണ്ടായിട്ടും ആ നിലയിലേക്ക് ചെയർ പോയിട്ടില്ല. ഇന്നലെ നടന്ന രീതിയിലുള്ള കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്നും സ്പീക്കർ പറഞ്ഞു.
സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ മറച്ചുവയ്ക്കുകയാണെന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. സഭ ടിവി ഏകപക്ഷീയമാണെന്നും ഇവിടെ നടക്കുന്നത് ജനം കാണണ്ടേയെന്നും സതീശൻ ചോദിച്ചു. ഇതിനടയിൽ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ ഇന്നത്തേയ്ക്കു പിരിയാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.
അതേസമയം തൽസമയ സംപ്രേഷണത്തിൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭ ടി.വി ഉന്നതാധികാര സമിതിയിൽ അംഗങ്ങളായ നാല് എംഎൽഎമാർ സമിതിയിൽ നിന്ന് രാജിവെക്കും. ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം. ജോൺ, എം. വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജിവെക്കുക.
മറുനാടന് മലയാളി ബ്യൂറോ