'അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കും'; അടുത്ത വർഷം തോൽക്കുമെന്ന പരാമർശത്തിൽ സ്പീക്കർക്ക് ഷാഫിയുടെ മറുപടി; ഉത്തരവാദിത്തം നിറവേറ്റാൻ ആർജവമില്ലാത്തത് പരാജയം; 'കസേരയും കമ്പ്യൂട്ടറും തല്ലി പൊളിച്ചിട്ടില്ല ഞങ്ങൾ പ്രതിഷേധിച്ചതെന്നും ഷാഫി പറമ്പിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അടുത്ത തവണ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന എ എൻ ഷംസീറിന്റെ വാക്കുകൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ.അത് തന്റെ പാർട്ടിയും പാലക്കാടെ ജനങ്ങളും നോക്കുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാൻ ആർജവമില്ലാതിരിക്കുന്നതാണ് പരാജയമെന്ന് സ്പീക്കർ തിരിച്ചറിയണം. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ളയാളാണ് സ്പീക്കറെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങൾ കസേരയും കമ്പ്യൂട്ടറും തല്ലി പൊളിച്ചിട്ടില്ല. ഞങ്ങൾ പ്രതിഷേധിച്ചിട്ടുണ്ട്.പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തങ്ങൾ മറന്ന സ്പീക്കർ പരാജയമാണോ എന്നത് അദ്ദേഹം ആത്മപരിശോധനം നടത്തണം'- ഷാഫി പറഞ്ഞു.അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചു.
ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടയിലായിരുന്നു സ്പീക്കറുടെ പരാമർശം. സ്പീക്കറെ മറയ്ക്കുന്ന തരത്തിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി കാണിച്ചതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്.പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമർശനവും പരിഹാസവും.പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ,ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും മുന്നറിയിപ്പു നൽകി.
ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എൻ.ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു.പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ വ്യക്തമാക്കി.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.ബാനർ ഉയർത്തിയുള്ള സമരം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.ഷാഫി പറമ്പിലിന് പിന്നാലെ റോജി എം. ജോണിനെയും ചാലക്കുടി എംഎൽഎ സനീഷ് ജോസഫിനെയും സ്പീക്കർ ഉപദേശിച്ചു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
'ടി.ജെ.വിനോദ് എറണാകുളത്തെ ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്.ജനങ്ങൾ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാൽ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങൾ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങൾ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാർജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. 16ാം സഭയിൽ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോൽക്കും.അവിടെ തോൽക്കും'സ്പീക്കർ പറഞ്ഞു.
അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാട്.അതേസമയം മുതിർന്ന കോൺഗ്രസ് നേതാക്കളെ വരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.ഗൗരവം ഉള്ള വിഷയമാണിത്, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാൽ ആണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ കൗൺസിലിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.ഇതിന് ശേഷമാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് സ്പീക്കർ സഭയിൽ റൂളിങ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ