- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം ബഹളം വെച്ചില്ലെന്നും ഭരണപക്ഷം മര്യാദക്ക് ഇരിക്കണമെന്നും സ്പീക്കർ; ഷാഫി പറമ്പിലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷത്തെ താക്കീത് ചെയ്ത് സ്പീക്കർ; വാളിനു പകരം പരിചയെടുത്ത് അടവു മാറ്റിയ ഷംസീർ സഭയെ നിയന്ത്രിക്കുന്നത് വേറിട്ട വഴിയിലോ?
തിരുവനന്തപുരം: ഭരണപക്ഷത്തെ താക്കീത് ചെയ്ത് സ്പീക്കർ എഎൻ ഷംസീർ വീണ്ടും ചർച്ചകളിൽ. മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം ബഹളം വെച്ചില്ലെന്നും ഭരണപക്ഷം മര്യാദക്ക് ഇരിക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. പിണറായി വിജയൻ അധികാരത്തിൽ എത്തിയ ആദ്യ ടേമിൽ സ്പീക്കർ ശ്രീരാമകൃഷ്ണനായിരുന്നു. രണ്ടാം മന്ത്രിസഭയിൽ തുടക്കം എംബി രാജേഷായിരുന്നു. ഇവരെല്ലാം പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയോ ഭരണ പക്ഷത്തെ കടന്നാക്രമിക്കുകയോ ചെയ്യുക പതിവുണ്ടായിരുന്നില്ല. ഷംസീറിനെതിരെ ചില പരാമർശങ്ങൾ നടത്തിയതായിരുന്നു എംപി രാജേഷിന്റെ കാലത്ത് പ്രതിപക്ഷത്തിന് ആശ്വസിക്കാൻ കിട്ടയ വക.
എന്നാൽ ഷംസീർ കഥ മാറ്റുകയാണ്. ആര് സഭയെ തടസ്സപ്പെടുത്തിയാലും അതിശക്തമായി തന്നെ പ്രതികരിക്കും. അതാണ് ഇന്നും സംഭവിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിൽ എംഎൽഎയും സംസാരിച്ചപ്പോഴായിരുന്നു ഭരണപക്ഷ ബഹളം. തുടർന്ന്, നിയമസഭ നിർത്തിവെച്ചു. യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സർക്കാർ ഇതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. കേന്ദ്രസർക്കാർ 13 തവണ ഇന്ധനനികുതി വർധിച്ചപ്പോൾ പ്രതിഷേധിക്കാത്ത പ്രതിപക്ഷത്തിന്റെ സമരത്തിന് ജനപിന്തുണയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകി. എല്ലാ നികുതിയും വർദ്ധിപ്പിച്ചിട്ട് സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടെയും അടിമകളല്ലെന്നായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പലിന്റെ പ്രതികരണം. സമര പാരമ്പര്യം പറയുന്നവർ എന്തിനാണ് കറുത്ത കഷണം തുണിയെ പേടിക്കുന്നതെന്നും ഷാഫി ചോദിച്ചു. നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറിയെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. തെക്ക് വടക്ക് സമരക്കാരെന്നും കേരള വികസന വിരുദ്ധരെന്നും വിളിച്ചാണ് ഇവിടെ സമരക്കാരെ നേരിടുന്നതെന്നും ഷാഫി പറഞ്ഞു.
തങ്ങൾക്ക് ആത്മഹത്യാ സ്‌ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലുള്ള കില്ലർ സ്‌ക്വാഡുകളോഇല്ല, സാധാരണക്കാർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു. ഈ പ്രസംഗത്തിന് ഇടയാണ് ഭരണ പക്ഷത്തോടും സ്പീക്കർക്ക് വിമർശന സ്വഭാവത്തോടെ സംസാരിക്കേണ്ടി വന്നത്. സഭയിൽ മസിൽ പിടിച്ചിരിക്കേണ്ട ജോലിയല്ല സ്പീക്കറുടേതെന്ന് എ.എൻ. ഷംസീർ നേരത്തെ പറഞ്ഞിരുന്നു. സ്പീക്കറായതോടെ ഷംസീർ അടിമുടി മാറിയെന്ന് ഇതിനോട് പ്രതിപക്ഷത്തെ പ്രധാന നേതാക്കളിൽ ഒരാളായ പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
വാളിനു പകരം പരിചയെടുത്ത് അടവു മാറ്റിയ ഷംസീറിന് എല്ലാം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചതായി സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കളും പ്രതികരിച്ചു. സമരമുഖങ്ങളിൽ യുവതയുടെ പ്രതീകമായ തലശ്ശേരിയുടെ എംഎൽഎ എ എൻ ഷംസീർ പതിനഞ്ചാം കേരള നിയമസഭയുടെ സഭാനാഥനായത് എംബി രാജേഷ് മന്ത്രിയായപ്പോഴാണ്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്. കണ്ണൂർ സർവകലാശാല യൂനിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻകോളേജിൽ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്.
സമരമുഖങ്ങളിൽ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എൻ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷനൽ കോളേജ് പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മർദനത്തിനിരയായി. കള്ളക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവെച്ച് ആർഎസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലബാർ കാൻസർസെന്ററിലെത്തുന്ന അർബുദരോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയചാരിറ്റബിൾ സൊസൈറ്റിവർക്കിങ്ങ് ചെയർമാനാണ്.
2016 ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തിൽ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിടാനും പൂർത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കോടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകൻ. ഭാര്യ: ഡോ. പി എം സഹല (കണ്ണൂർ സർവകലാശാല ഗസ്റ്റ് ലക്ചർ). മകൻ: ഇസാൻ.
മറുനാടന് മലയാളി ബ്യൂറോ