- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം; സ്പീക്കർക്ക് പരാതി സമർപ്പിച്ച് ആറ് പ്രതിപക്ഷ എംഎൽഎമാർ; പൊലീസിലും പരാതി നൽകാൻ തീരുമാനം; നാളെ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ
തിരുവനന്തപുരം : നിയമസഭയിലെ സംഘർഷത്തിന് പിന്നാലെ ആറ് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. തിരുവഞ്ചുർ രാധാകൃഷ്ണൻ,കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്. എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയിൽ ഇവർ ഉന്നയിച്ചത്.ഇതിന് പിന്നാലെ സംഘർഷത്തിൽ പരിക്കേറ്റ എംഎൽഎമാർ പൊലീസിലും പരാതി നൽകും.
അതേസമയം നിയമസഭയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.നാളെ രാവിലെ 8 മണിക്കാണ് യോഗം.യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും.അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് പ്രതിഷേധം അസാധാരണ സംഘർഷത്തിലേക്ക് മാറിയത്.പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡും തമ്മിൽ സംഘർഷമുണ്ടായി.ഭരണപക്ഷ എംഎൽഎമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു.
സംഘർഷത്തിൽ കെ കെ.രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റു.
അടിയന്തര പ്രമേയത്തിന് തുടർച്ചയായി അവതരണാനുമതി നിഷേധിക്കുന്ന സ്പീക്കറുടെ നടപടിക്കെതിരെ അസാധാരണ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്ന് ആരോപണം.എംഎൽഎമാരായ എച്ച്.സലാമും സച്ചിൻദേവും പ്രതിപക്ഷ അംഗങ്ങളെ ചവിട്ടിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചത്.
വാച്ച് ആൻഡ് വാർഡ് ബൂട്ടിട്ട് ചവിട്ടിയെന്ന് ടി.ജെ.സനീഷ്കുമാർ ജോസഫും പറഞ്ഞു.നിലത്തുവീണിട്ടും മർദിച്ചു, ചികിത്സ വൈകിപ്പിച്ചു. സ്പീക്കർ പാർട്ടി സെക്രട്ടറിയെ പോലെയല്ല പ്രവർത്തിക്കേണ്ടതെന്നും സനീഷ് കുമാർ ആരോപിച്ചു. സംഘർഷത്തിനിടെ കുഴഞ്ഞുവീണ സനീഷ് കുമാർ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഒരു പ്രകോപനവുമില്ലാതെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ അംഗങ്ങളും വന്ന് ക്രൂരമായ ആക്രമണമാണ് നടത്തിയതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള ചാലക്കുടി എംഎൽഎ പറഞ്ഞു. ബൂട്ടിട്ട് ചവിട്ടി, കെ.കെ രമ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്തു. ക്രൂരമായാണ് അവർ പെരുമാറിയത്- അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ എംഎൽഎമാർ തങ്ങളുടെ നെഞ്ചത്തിടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്നും കൈയേറ്റം ചെയ്തെന്നും ആശുപത്രിയിലുള്ള വാച്ച് ആൻഡ് വാർഡുമാരിൽ ഒരാൾ പറഞ്ഞു.
ഞങ്ങൾക്കും ഇതിൽ അവകാശമുള്ളതാണ് എന്ന് പറഞ്ഞായിരുന്നു അവരുടെ വരവ്. സ്പീക്കറെ ഓഫീസിൽ കടത്തില്ല എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തെ കടത്തേണ്ട ജോലി ഞങ്ങളുടേതല്ലേ. ഈ സമയത്ത് അവരെല്ലാവരും കൂടി ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു. ശരിക്കും ഇടിച്ചു.
പുതിയ എംഎൽഎമാരും സീനിയറായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരും വരെ ഉപദ്രവിച്ചെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങൾ പ്രതിരോധം തീർത്ത് നിന്നതേയുള്ളൂ, പക്ഷേ അവർ പെട്ടെന്ന് എഴുന്നേറ്റ് ഉന്തലും തള്ളലും ബഹളവുമായിരുന്നു'- പരിക്കേറ്റ വനിതാ വാച്ച് ആൻഡ് വാർഡ് പ്രതികരിച്ചു.
വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തെന്നും കൈയ്ക്ക് പൊട്ടലുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. അഞ്ച് വനിതകൾ ഉൾപ്പെടെ ഒൻപത് വാച്ച് ആൻഡ് വാർഡ് അംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അതെ സമയം പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയിൽ പ്രതിപക്ഷം പങ്കെടുത്തില്ല. . സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഇന്നുണ്ടായ സംഘർഷം ഇരുവരും ചർച്ച ചെയ്തു.
തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതിന് എതിരെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിൽ സംഘർഷമുണ്ടായി.
സഭയുടെ ചരിത്രത്തിലെ വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇന്നു നടന്നത്. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് വാർഡും അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നതും അപൂർവമാണ്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ നിയമസഭാ ഹാളിൽനിന്ന് മാർച്ചായെത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് സഭ ബഹിഷ്ക്കരിച്ചത്.
സ്പീക്കറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വലിച്ചിഴച്ച് നീക്കാൻ ശ്രമം നടന്നിരുന്നു. പ്രതിഷേധത്തിനിടെ ടി.ജെ.സനീഷ് കുമാർ ജോസഫ് എംഎൽഎ കുഴഞ്ഞു വീണു. വനിതകൾ ഉൾപ്പെടെയുള്ള വാച്ച് ആൻഡ് വാർഡ് അംഗങ്ങൾക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പീക്കറെ ഓഫിസിലേക്ക് കയറ്റാനായി ഭരണപക്ഷ എംഎൽഎമാരും രംഗത്തെത്തിയതോടെ സംഘർഷമായി. ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ സ്പീക്കർ ഓഫിസിലേക്ക് കയറി.
മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്പീക്കറും പ്രതിപക്ഷവും തമ്മിൽ ഏറെ നാളായി അഭിപ്രായ വ്യത്യാസമുണ്ട്. പ്രതിപക്ഷ അംഗങ്ങൾ ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും അവർ തോൽക്കുമെന്നും സ്പീക്കർ ഇന്നലെ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസ്താവനയിലുള്ള അതൃപ്തി പ്രതിപക്ഷം നേരിട്ട് സ്പീക്കറെ അറിയിച്ചു. മുഖ്യമന്ത്രിയെ ഭയന്നാണ് സ്പീക്കർ അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസുള്ള പെൺകുട്ടിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉമാ തോമസാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. അടിയന്തരസ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയ്ക്കുള്ളിൽ വാക്കേറ്റമുണ്ടായി.
സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കർ നീതിപാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതിനുശേഷമാണ് സ്പീക്കറുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ