തിരുവനന്തപുരം: സോളാർ കേസിൽ പീഡന ആരോപണം തള്ളിയുള്ള സിബിഐ റിപ്പോർട്ടിനെ ചൊല്ലി നിയമസഭയിൽ അടിയന്തര പ്രമേയത്തിന്മേൽ ചൂടേറിയ ചർച്ച. കോൺഗ്രസിൽ നിന്നും ഷാഫി പറമ്പിൽ പ്രമേയം അവതരിപ്പിച്ച് സഭയിൽ സോളാർ റിപ്പോർട്ടിലെ വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് കത്തിക്കയറി.

നട്ടാൽകുരുക്കാത്ത നുണകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ മാപ്പ് പറയണം. മുഖ്യമ്രന്തി ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. വ്യാജമായി ഉണ്ടാക്കിയ അഞ്ച് കത്തുകളുടെ പേരിലാണ് വേട്ടയാടൽ നടത്തിയത്. ആറാമത്തെ കത്ത് പി.സി ജോർജിനാണ് നൽകിയത്. അതിൽ ഉമ്മൻ ചാണ്ടിയെ കാണാൽ ക്ലിഫ് ഹൗസിൽ ചെന്നപ്പോൾ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രത്തിന്റെയും തന്റെ വസ്ത്രത്തേയും വർണിച്ചുകൊണ്ടുള്ള കത്ത്. അത് അന്നത്തെ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ താനും ഉപയോഗിച്ചുവെന്ന് പി.സി ജോർജും മൊഴി നൽകിയിട്ടുണ്ട്.

പി.സി ജോർജിനെ പോലെയുള്ള പൊളിറ്റിക്കൽ വേസ്റ്റിനെ കൂട്ടുപിടിച്ചാണ് ഉമ്മൻ ചാണ്ടിയെ സിപിഎം വേട്ടയാടിയത്. രാഷ്ട്രീയ ദുരന്തമാണ് സോളാർ കേസ്. പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിന്റെ പി എ കത്തു കൈപ്പറ്റിയെന്ന് റിപ്പോട്ടിലുണ്ട്. പരാതിക്കാരിയുടെ അന്നത്തെ ഭർത്താവ് ബിജു രാധാകൃഷ്ണൻ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടില്ല. ഓ.സിയുടെ പേര് കത്തിൽ ഉണ്ടായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തി. ആദ്യം കത്ത് കൈപറ്റിയവരിൽ നിന്നും പിന്നെ കത്തു കൈ പറ്റിയത് ടി ജി നന്ദകുമാരാണ്.

സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ് കത്തിൽ ഇടപെട്ടത് എന്ന് നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാർ കേസിലാണ്. ഉമ്മൻ ചാണ്ടിയെയും കുടുംബത്തേയും സമാനതകളില്ലാതെ വേട്ടയാടി. നാളെ ഉമ്മൻ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാൽ പോലും കേരള സമൂഹം നിങ്ങളോട് മാപ്പ് തരില്ല. കത്തിൽ പിണറായിയുടെ പങ്ക് പുറത്തു വരണം. അവതാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് 2016ൽ അധികാരത്തിലെത്തിയ മൂന്നാം ദിവസം പരാതിക്കാരിയുടെ കത്ത് ദല്ലാൾ നന്ദകുമാർ വഴി വാങ്ങിപ്പിച്ചെടുക്കുകയും പരാതിക്കാരിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുകയും ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ഒരു സ്ത്രീ ആയതിനാലാണ് പരാതിക്ക് പരിഗണന നൽകിയതെന്നായിരുന്നു ഇതിനുള്ള വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയെ കാണാനെത്തിയ ജിഷ്ണു പ്രണോയ് എന്ന യുവാവിന്റെ അമ്മയെ പൊലീസ് കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് സമൂഹം കണ്ടതാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും ഉമ്മൻ ചാണ്ടിയെ വേട്ടയാടി. വി എസ് അച്യുതാനന്ദനെ പോലെയുള്ളവർ ഹീനമായ ഭാഷ ഉപയോഗിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിൽ രാഷ്ട്രീയമായി സിപിഎം കേരള ജനതയോട് മാപ്പ് പറയണം. രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണമെന്നൂം ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

മൂന്ന് മണിവരെയാണ് ചർച്ച നടക്കുക.ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ, വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോർട്ട് സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വിഷയത്തിൽ ചർച്ച ആകാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടർന്നാണ് രണ്ട് മണിക്കൂർ അടിയന്തര പ്രമേയ ചർച്ചയ്ക്ക് സ്പീക്കർ അനുമതി നൽകിയത്.സോളാർ ലൈംഗിക പീഡനക്കേസിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐ റിപ്പോർട്ട്.

പരാതിക്കാരിയുടെ പേരിൽ പുറത്തുവന്ന കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും സാമ്പത്തിക നേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സിബിഐ കണ്ടെത്തി. കെ ബി ഗണേശ് കുമാർ എംഎൽഎ, അദ്ദേഹത്തിന്റെ ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാൾ ടി ജി നന്ദകുമാർ എന്നിവർ ഇതിനായി ഇടപെടൽ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.