തിരുവനന്തപുരം: സോളാർ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച. സോളാർ ലൈംഗികാരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചർച്ചയ്ക്ക് അനുമതി നൽകിയത്. ഒരു മണിമുതൽ മൂന്നുമണിവരെയാണ് ചർച്ച നടക്കുക.

ഷാഫി പറമ്പിൽ നൽകിയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോർട്ട് സർക്കാരിന്റെ പക്കലില്ലെന്ന് അദ്ദേഹം അറിയിച്ചു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ ചർച്ച ആകാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടർന്നാണ് രണ്ടു മണിക്കൂർ അടിയന്തരപ്രമേയ ചർച്ചയ്ക്ക് സ്പീക്കർ അനുമതി നൽകിയത്.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സോളാർ ലൈംഗിക പീഡനക്കേസിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐ.യുടെ അന്വേഷണറിപ്പോർട്ട്.

പരാതിക്കാരിയുടെ പേരിൽ പുറത്തുവന്ന കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സിബിഐ. കണ്ടെത്തി. കെ.ബി. ഗണേശ് കുമാർ എംഎ‍ൽഎ., അദ്ദേഹത്തിന്റെ ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ എന്നിവർ ഇതിനായി ഇടപെടൽ നടത്തിയെന്നും റിപ്പോട്ടിൽ പറയുന്നു.

ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും മൊഴിപ്പകർപ്പുകളും പൂർണമായി പുറത്തുവന്നിട്ടില്ലെങ്കിലും അവയെ അടിസ്ഥാനമാക്കി രാഷ്ട്രീയ വിവാദം കത്തിപ്പടരുകയാണ്.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതു പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയെന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പ്രസ്താവനാ യുദ്ധവും മുറുകി. വിഷയത്തിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയതും. അതേസമയം വിഷയം രാഷ്ട്രീയമായി നേരിടുന്നതിന് തന്നെയാണ് ഭരണപക്ഷം ഇതിന് അനുമതി നൽകിയത്.

മാസപ്പടി വിവാദത്തിൽ നിന്നടക്കം സോളാറിലേക്ക് വിഷയം കേന്ദ്രീകരിക്കുന്നതിലാണ് സിപിഎമ്മിനും താൽപ്പര്യം. അതുകൊണ്ടു കൂടയാണ് സോളാർ വിഷയം ചർച്ചക്ക് അനുമതി നല്കിയതും. അതിനിടെ പരാതിക്കാരി ജയിലിൽ വച്ചെഴുതിയത് ആകെ 21 പേജുള്ള കത്താണെന്നു പരാതിക്കാരിയുടെ വിശ്വസ്തനായിരുന്ന വിനുകുമാർ നൽകിയ മൊഴി റിപ്പോർട്ടിലുണ്ട്. പണം നൽകിയാണ് പരാതിക്കാരിയിൽനിന്നും വിവാദ ദല്ലാൾ നന്ദകുമാർ കത്ത് വാങ്ങിയതെന്നും പരാതിയെ പിന്തുണച്ച് മൊഴി നൽകണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെന്നും വിനു വെളിപ്പെടുത്തി. ദല്ലാൾ നന്ദകുമാർ സിബിഐയ്ക്ക് നൽകിയത് 19 പേജുള്ള കത്താണെന്നും സ്വകാര്യ ചാനലിന് 25 പേജുള്ള കത്ത് നൽകിയെന്നും വിനുകുമാർ മൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ കത്തിലെ പേജുകളുടെ എണ്ണം പലതവണ മാറ്റിയെന്നും വിനുകുമാർ പറയുന്നു.

പരാതിക്കാരിയിൽനിന്നു കത്ത് നന്ദകുമാർ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നൽകിയാണന്ന് ശരണ്യ മനോജിന്റെ മൊഴിയും സിബിഐ റിപ്പോർട്ടിലുണ്ട്. പരാതിക്കാരി ജയിലിൽവച്ച് എഴുതിയ കത്ത് ആദ്യം കൈക്കലാക്കിയത് മനോജാണെന്നും സിബിഐ. റിപ്പോർട്ടിൽ പറയുന്നു. പിന്നീട് പരാതിക്കാരി പറഞ്ഞത് അനുസരിച്ച് ഈ കത്ത് നന്ദകുമാറിന് മനോജ് നൽകി. എന്നാൽ കത്ത് കൈമാറുന്നതിനു മുൻപു പരാതിക്കാരി നന്ദകുമാറിൽനിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നൽകി. ഈ കത്ത് നന്ദകുമാർ 50 ലക്ഷം രൂപവാങ്ങി ഒരു ചാനലിന് നൽകി. പിന്നീട് നന്ദകുമാർ പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടിലുണ്ട്.

സോളർ കേസിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നതായും പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സോളർ പീഡനക്കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ യഥാർഥത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നു കെ.ബി.ഗണേശ്‌കുമാർ എംഎൽഎയുടെ ബന്ധുവും കേരള കോൺഗ്രസ്ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശരണ്യ മനോജാണ് വെളിപ്പെടുത്തിയത്.

ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കാൻ ഇപ്പോഴത്തെ ഭരണപക്ഷത്തെ ചിലർ ഇടപെട്ടതായി വിവരമുണ്ട്. ആരുടെയും പേര് പറയുന്നില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അറിയിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാക്കാൻ പരാതിക്കാരി ശ്രമിച്ചെന്ന് ആരോപിച്ച് മുൻ എംഎൽഎ പി.സി.ജോർജും രംഗത്തെത്തി. പിണറായി പറഞ്ഞിട്ടാണു പരാതിക്കാരി തന്നെ കാണാൻ വന്നതെന്നു കരുതുന്നതായും പറഞ്ഞു.