തിരുവനന്തപുരം: സ്പീക്കർ എൻ എ ഷംസീർ തലവേദനയാകുന്നുവെന്ന തിരിച്ചറിവിൽ സിപിഎമ്മിലെ ഒരു വിഭാഗം. നിയമസഭയിൽ ഭരണപക്ഷ അംഗങ്ങൾക്കു വീണ്ടും സ്പീക്കറുടെ ശാസന കിട്ടുമ്പോൾ വിഷയം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കാണുന്നത്. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ മാത്രം സബ്മിഷൻ അവതരിപ്പിക്കുകയും മന്ത്രിമാർ മറുപടി നൽകുകയുമായിരുന്നു. ഇതിനിടെ ഭരണപക്ഷ അംഗങ്ങളിൽ ചിലർ സീറ്റിൽ നിന്ന് എഴുന്നേറ്റു നടക്കുകയും സഭയ്ക്കുള്ളിൽ കൂട്ടംകൂടി സംസാരിക്കുകയും ചെയ്തു. ഇതാണ് കഴിഞ്ഞ ദിവസം ഷംസീറിന് ഇടപെടേണ്ട അവസ്ഥയുണ്ടാക്കിയത്.

സഭാ നടപടികൾ നിയന്ത്രിക്കാൻ പ്രയാസപ്പെട്ട സ്പീക്കറെ ഇതു പ്രകോപിപ്പിച്ചു. ട്രഷറി അംഗങ്ങൾ സീറ്റുകളിൽ ഇരിക്കണമെന്നും ട്രഷറി ബഞ്ചുകാർ ഇങ്ങനെ തുടങ്ങിയാൽ സഭ എങ്ങനെ നടത്തിക്കൊണ്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. അതോടെ ഭരണപക്ഷം സീറ്റുകളിലേക്കു മടങ്ങി. സാധാരണ ട്രഷറി ബഞ്ചുകാരെ ഇത്ര രൂക്ഷമായി സ്പീക്കർ വിമർശിക്കാറില്ല. ഇതാണ് തെറ്റുന്നത്. പിണറായിയുടെ ആദ്യ സർക്കാരിൽ ശ്രീരാമകൃഷ്ണനായിരുന്നു സ്പീക്കർ. രണ്ടാം സർക്കാരിന്റെ തുടക്കത്തിൽ എംബി രാജേഷും. രാജേഷിനെ മന്ത്രിയാക്കി ഷംസീറിനെ സ്പീക്കറാക്കിയത് മാസങ്ങൾക്ക് മുമ്പാണ്. എന്നാൽ ഇത് വൻ തിരിച്ചടിയാകുമോ എന്ന സംശയം സിപിഎം കേന്ദ്രങ്ങൾക്കുണ്ട്. ഷംസീർ കൂടുതൽ ജനകീയനായി മാറുകയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ എത്തിയതോടെ മന്ത്രിസഭയിൽ അഴിച്ചു പണി വന്നു. ഇതോടെ സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിയാക്കി. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ഷംസീർ സ്പീക്കറും. അതുവരെ ഉണ്ടായിരുന്ന പ്രതിച്ഛായയെല്ലാം സ്പീക്കർ കസേരയിൽ ഷംസീർ മാറ്റിയെടുക്കുകയാണ്. അതിന്റെ സൂചനകളാണ് നടപ്പ് നിയമസഭാ സമ്മേളനത്തിലും നൽകുന്നത്. നിയമസഭ കണ്ട നിഷ്പക്ഷ സ്പീക്കറായി ഷംസീർ മാറുകയാണ്. സ്വർണ്ണ കടത്തും ലൈഫ് മിഷനും കത്തുന്ന കാലത്ത് സ്പീക്കറുടെ ഈ സമീപനം തിരിച്ചടിയാകുമോ എന്ന സംശയം സിപിഎമ്മിലെ ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.

അതിനിടെ നിയമസഭാ നടപടികൾ സംബന്ധിച്ച തെറ്റായ വാർത്തകളെ വിമർശിച്ചും ശ്രദ്ധചെലുത്തണമെന്ന് നിർദ്ദേശിച്ചും സ്പീക്കർ എ.എൻ. ഷംസീറിന്റെ റൂളിങ്. വസ്തുതാപരമല്ലാത്ത തരത്തിൽ കാര്യങ്ങളെ വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും സ്പീക്കറുടെ മുന്നറിയിപ്പ്. സഭാസമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതതു ദിവസത്തെ കാര്യപരിപാടികളും മറ്റ് ബിസിനസുകളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഭരണഘടനയിലേയും സഭയുടെ നടപടി ചട്ടങ്ങളിലേയും വ്യവസ്ഥകളും കീഴ്‌വഴക്കങ്ങളും പാലിച്ചാണ്. മറ്റൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും ഷംസീർ വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വിശദാംശം സഭയിൽ ഉന്നയിക്കപ്പെടുന്നതിനു മുമ്പുതന്നെ വാർത്താമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഇതും പാർലമെന്ററി മര്യാദകൾക്കു വിരുദ്ധമാണെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അങ്ങനെ കർശന നിലപാടുകളാണ് സ്പീക്കർ സഭയിലെടുക്കുന്നത്. തന്റെ നിലപാട് വ്യക്തമായി തന്നെ പറയുന്നുമുണ്ട്. പ്രതിപക്ഷത്തെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്ന സ്പീക്കർ ഭരണ പക്ഷത്തിന്റെ അമിത ഇടപെടലുകളേയും അംഗീകരിക്കുന്നില്ല.

അടിയന്തരപ്രമേയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചതിനെ ചൊല്ലി സ്്പീക്കറും പ്രതിപക്ഷവും തുടർച്ചയായ രണ്ടാം ദിവസവും നേർക്കുനേർ വന്നിരുന്നു. മുഖ്യമന്ത്രി വിരട്ടിയതിനാലാണ് സ്്പീക്കർ പ്രതിപക്ഷത്തിന്റെ അവകാശമായ അടിയന്തരപ്രമേയ നോട്ടിസ് ആവർത്തിച്ച് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ചട്ടങ്ങളനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മറ്റൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും സ്്പീക്കറുടെ റൂളിംങ് എ്ത്തിയത് അപ്പോഴാണ്. കെ.എസ്.ആർ.ടി.സി പ്രതിസന്ധി അവതരിപ്പിക്കാൻ അനുവാദം ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

ചോദ്യോത്തര വേളയിൽകെ.എസ്.ആർ.ടി.സി സംബന്ധിച്ച് ചോദ്യങ്ങൾ വന്നു, 2022 ൽ ജീവനക്കാർ നൽകിയ ഒരു കേസ് ആറാം തീയതി കോടതി പരിഗണിക്കും. അതിനാൽ കെ.എസ്.ആർ.ടിസി പ്രതിസന്ധി സംബന്ധിച്ച ഒന്നും അടിയന്തര പ്രമേയമായി കൊണ്ടുവരാനാകില്ലെന്നാണ് സ്പീക്കർ എ.എൻ.ഷംസീർസ്വീകരിച്ച നിലപാട്.