തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ താക്കീത് ചെയ്തു എന്ന രീതിയിൽ വന്ന വാർത്തകളെ തള്ളി സ്പീക്കർ എം ബി രാജേഷ്. വീണ ജോർജിനെ താക്കീത് ചെയ്യുകയോ ശാസിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു. മന്ത്രിക്ക് ചെയറിന്റെ സംരക്ഷണം ലഭിക്കുമെന്നും, തെറ്റിദ്ധാരണാപരമായ വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും സ്പീക്കർ നിയമസഭയിൽ പറഞ്ഞു.

മന്ത്രിയുടേതല്ലാത്ത ഉത്തരവാദിത്തത്തിന്റെ പേരിൽ സ്പീക്കർ ശാസിച്ചു എന്നത് തെറ്റായ വാർത്തയാണ്. മാധ്യമ വാർത്തകളിൽ കാണുന്നത് പോലെ താക്കീത്, ശാസന എന്ന പദപ്രയോഗം നൽകിയ കത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. ഫെബ്രുവരി 22ന് പരിഗണിച്ച ചോദ്യത്തിന്റെ പിരിവുകൾക്ക് ആരോഗ്യമന്ത്രി നൽകിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എ പി അനിൽകുമാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് താൻ ആരോഗ്യമന്ത്രിയോട് പ്രതികരണം തേടിയത്.

സർക്കാരിന് ലഭ്യമായ മറുപടിയാണ് നൽകുന്നത്. ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ട് വരുന്നതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയത്. നിയമസഭാ ചോദ്യങ്ങളിൽ നിന്ന് മനഃപൂർവ്വം ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി മറുപടി നൽകി. ഇതിന് ശേഷം, ഒരേ മറുപടി നൽകിയത് ശരിയായ പ്രവണതയല്ല, ഭാവിയിൽ ഇക്കാര്യം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രിയെ അറിയിക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും അനിൽ കുമാറിന്റെ പരാതിക്ക് മറുപടി നൽകുകയായിരുന്നു. എന്നാൽ ഇതിന് ശേഷമാണ് താൻ ഇക്കാര്യം വിശദമായി പരിശോധിച്ചതെന്നും സ്പീക്കറുടെ വിശദീകരണത്തിൽ പറയുന്നു.

ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകൾക്കുള്ള മറുപടി സമാനമാണെങ്കിൽ അത് പൊതുവായ ഒറ്റ മറുപടിയായി കൊടുക്കുന്ന പതിവുണ്ട്. എന്നാൽ പൊതുമറുപടി കൊടുക്കുന്നതിന് നിയമസഭാ പോർട്ടലിൽ ചില സാങ്കേതിക തടസങ്ങളുണ്ട്. എ പി അനിൽ കുമാറിന് മറുപടി നൽകുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, പോർട്ടലിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കർ അറിയിച്ചു. പൊതുനടപടിക്രമം അല്ലാതെ ഇക്കാര്യത്തിൽ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.