- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിട്ടിയ അവസരത്തിൽ ഷംസീർ പകരം വീട്ടിയോ? മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം നീണ്ടതോടെ ഇടപെട്ട് സ്പീക്കർ എ എൻ ഷംസീർ; മിനിസ്റ്റർ പ്ലീസ്, സമയം.. സാധാരണ നമുക്കൊരു സമയമുണ്ട്.. എന്ന് റൂളിങ്; പഴയകാര്യങ്ങൾ ഓർത്ത് ചിരിയോടെ സഭയിലെ മറ്റ് അംഗങ്ങളും
തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്തിരുന്ന് എ എൻ ഷംസീർ സഭയെ നിയന്ത്രിക്കുന്ന ആദ്യ ദിനമായിരുന്നു ഇന്ന്. അതുകൊണ്ട് തന്നെ സഭയിലെ ഇന്നത്തെ താരം ഷംസീറാണെന്ന് പറയാം. ആദ്യ ദിവസം സ്പീക്കർ ശ്രദ്ധ നേടിയത് മുൻ സ്പീക്കറും ഇപ്പോഴത്തെ മന്ത്രിയുമായ എം ബി രാജേഷിന്റെ പ്രസംഗത്തിൽ ഇടപെട്ടു റൂളിങ് നടത്തിയതു കൊണ്ടാണ്. നിയമസഭയിൽ മുൻ സ്പീക്കർ എംബി രാജേഷിനെ നിയന്ത്രിക്കുന്ന സ്പീക്കറുടെ ശ്രമം മറ്റുള്ളവരിൽ ചിരി പടർത്തുകയും ചെയ്തു.
തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തിൽ അടക്കം ഇടപെട്ടു കൊണ്ടാണ് മന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്. മന്ത്രി എംബി രാജേഷിന്റെ പ്രസംഗം നീണ്ടതോടെ 'മിനിസ്റ്റർ പ്ലീസ്, സമയം' എന്ന് സ്പീക്കർ ഓർമ്മപ്പെടുത്തുകയായിരുന്നു.എന്നാൽ 'വളരെ പ്രധാനപ്പെട്ട നോട്ടീസ് ആയതുകൊണ്ടാണ്' എന്ന് പറഞ്ഞ് എംബി രാജേഷ് തുടർന്നു. പിന്നീട് സാധാരണ നമുക്കൊരു സമയമുണ്ട്. അതുകൊണ്ടാണ് എന്ന് പറഞ്ഞ് സ്പീക്കർ സമയം നിയന്ത്രിച്ചു. ഇതോടെ സഭയിൽ ചിരി പടർന്നു. മുൻപ് ഷംസീറിന്റെ പ്രസംഗം നീളുമ്പോൾ എംബി രാജേഷും ഇത്തരത്തിൽ കർശനമായി റൂളിങ് നടപ്പാക്കിയിരുന്നു.
ഇക്കാര്യം ഓർത്തു കൊണ്ടായിരുന്നു സഭയിൽ എല്ലാവരും ചിരിച്ചത്. സഭയിലെ വികൃതിയായ കുട്ടിയുടെ പെരുമാറ്റമായിരുന്നു പലപ്പോഴും ഷംസീറിന്. പല സമയങ്ങളിലും എം ബി രാജേഷ് കർശനമായ റൂളിംഗിലൂടെ ച്ട്ടങ്ങളും മറ്റു ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. സ്പീക്കറെ എ എൻ ഷംസീർ സ്പീക്കറെ 'നിങ്ങൾ' എന്ന് അഭിസംബോധന ചെയ്തത് അടക്കം വാർത്തകളായിരുന്നു. ഇതെല്ലാമാണ് സഭയിലുള്ളവർ ഓർത്തതും.
അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ നിയമനക്കത്ത് വിവാദത്തിലെ അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി. പിഎസ്‌സിയേയും എംപ്ലോയിമെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടക്കുന്നതെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിൽ ഉന്നയിച്ചത്.അനധികൃത നിയമനങ്ങൾ ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം സഭയിൽ കുറ്റപ്പെടുത്തി.
അതേസമയം സർക്കാൻ ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തു എന്ന് വരുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകികൊണ്ട് എംബി രാജേഷ് പറഞ്ഞു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് തസ്തിക വെട്ടിക്കുറച്ചുവെന്നും എംബി രാജേഷ് വിമർശിച്ചു. കോവിഡ് കാലത്ത് 11000 പേർക്ക് നിയമനം നൽകി. എല്ലാം അടഞ്ഞു കിടന്നപ്പോഴും പിഎസ് സി പ്രവർത്തിച്ചു. സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.മേയർ ആര്യ രാജേന്ദ്രൻ കത്ത് എഴുതിയിട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. കത്ത് കിട്ടേണ്ട ആൾക്ക് കിട്ടിയിട്ടില്ല ഇല്ലാത്ത കത്തിനെ ചൊല്ലിയുള്ള കോലാഹലമാണ് നടക്കുന്നത്. ഡി ആർ അനിൽ ആണ് കത്ത് തയ്യാറാക്കിയത് എന്ന് പറഞ്ഞിരുന്നു. എഴുതിയയാൾ എഴുതി എന്ന് സമ്മതിച്ചിട്ടുണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു.
കത്ത് വിവാദം ഉയർത്തി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നു. എല്ലാ നിയമനങ്ങളും ഓഡിറ്റിങ്ങിന് വിധേയമാണെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം നിയമനം പി എസ് സി യാണ് നടത്തുന്നത്. മറ്റ് തസ്തികകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും. ലോക്കൽ മുതൽ സംസ്ഥാന തലം വരെ റിക്രൂട്ടിങ്ങ് സംവിധാനം ഉണ്ടാക്കിയിരിന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കി.
മറുനാടന്‍ മലയാളി ബ്യൂറോ