തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകുന്നതിനുള്ള നീക്കം നിയമസഭയിൽ ഉന്നയിക്കുന്നത് വിലക്കിയതിൽ വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ ചൊല്ലിയല്ല, അനുമതി നൽകാത്തതിന് കാരണമായി സ്പീക്കർ പറഞ്ഞ വാക്കുകളാണ് വിവാദമായത്. അത് സർക്കാർ പറയേണ്ടതാണെന്നും സ്പീക്കർ പറയേണ്ടത് അല്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.

അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിക്കുന്നതാണ് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം. അത്തരമൊരു നീക്കമില്ലെന്ന സർക്കാർ വിശദീകരണമുള്ളതിനാലാണ് അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതെന്നും മുഖ്യമന്ത്രിക്ക് വേണ്ടിയല്ല നിയമസഭയിൽ സ്പീക്കർ മറുപടി നൽകിയതെന്നും സ്പീക്കറുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

2024 ജൂൺ 25-ാം തീയതി സഭ മുമ്പാകെ വന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സർക്കാരിനുവേണ്ടി മുഖ്യമന്ത്രി നിയമസഭയിൽ പറയേണ്ട മറുപടിയാണ് സ്പീക്കർ പറഞ്ഞതെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ല. ടി. പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ. കെ. രമ മറ്റ് അഞ്ചുപേരും ചേർന്ന് നൽകിയ നോട്ടീസ് അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമാണ് സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞത്.

പ്രസ്തുത കേസിലെ പ്രതികൾക്കു മാത്രമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നോട്ടീസുകളിൽ ഉന്നയിക്കുന്ന വിഷയത്തിന്റെ നിജസ്ഥിതിയും പ്രാധാന്യവും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകൾ കൂടി പരിഗണിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നതിന് ചട്ടം 50 പ്രകാരം അനുമതി നൽകി വരുന്നത്.

ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നിലവിൽ നീക്കമൊന്നുമില്ലെന്ന സർക്കാർ വിശദീകരണം പുറത്തുവന്നതിനാൽ അതിന്റെ പിൻബലത്തിലാണ് ചട്ടം 52 (5) പ്രകാരം അഭ്യൂഹങ്ങളോ ആരോപണങ്ങളോ എന്ന വിഭാഗത്തിൽപ്പെടുത്തി അടിയന്തര പ്രമേയമായി പരിഗണിക്കാതിരുന്നത്. കെ കെ രമ നൽകിയ നോട്ടീസിലെ വിഷയം നിലവിൽ ചർച്ച ചെയ്യപ്പെടുന്നതോ അത്തരമൊരു നീക്കം നടക്കുന്നതോ അല്ല, മറിച്ച് അതൊരു അഭ്യൂഹം മാത്രമാണ്.

അതുകൊണ്ട് അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. അപ്രകാരം തന്നെയാണ് മുൻകാലങ്ങളിലും ഇത്തരത്തിലുള്ള നോട്ടീസുകളിന്മേൽ തീരുമാനമെടുത്തിരുന്നത്. ഏതെങ്കിലും തരത്തിലുള്ള ആശങ്ക നിലനിൽക്കുന്നതായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ പ്രസ്തുത വിഷയം സബ്മിഷനായി അവതരിപ്പിക്കുന്നതിനും അനുമതി നൽകാറുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനത്തിൽ ഒരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു

സ്പീക്കർ സഭയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

ചട്ടം 50 പ്രകാരം, ലഭിച്ച നോട്ടീസ് ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ ശ്രമിക്കുന്ന നീക്കത്തെ കുറിച്ചാണ്. ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന കാര്യം ഇതിനകം വ്യക്തമാക്കപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിൽ മറ്റു അടിയന്തര പ്രധാന്യമില്ലാത്തതിനാൽ ചട്ടം 52(5) പ്രകാരം നോട്ടീസ് തള്ളുന്നു. അംഗം ആവശ്യപ്പെടുന്ന പക്ഷം ഇക്കാര്യം സബ്മിഷനായി ഉന്നയിക്കുന്നതിന് അനുമതി നൽകുന്നതാണ്.