നിയമസഭ ചേരുമ്പോൾ സർക്കാർ തീരുമാനങ്ങൾ ആദ്യം സഭയിലാണ് പറയേണ്ടത്; അത് പുറത്തു പറഞ്ഞത് ശരിയായില്ല; മേലിൽ ഇത്തരം തീരുമാനങ്ങൾ സഭയിൽ തന്നെ പ്രഖ്യാപിക്കണം; വെള്ളക്കരം കൂട്ടിയ വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിന് എതിരെ സ്പീക്കറുടെ റൂളിങ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയ വിവരം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിൽ എന്ന് സ്പീക്കർ. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ ആയിരുന്നു സ്പീക്കറുടെ റൂളിങ്. ചട്ടം 303 പ്രകാരം എ പി അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു എ എൻ ഷംസീറിന്റെ റൂളിങ്.
വെള്ളക്കരം കൂട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് സഭാസമ്മേളന കാലയളവിലാണ്. ഇത്തരം തീരുമാനങ്ങൾ സഭാസമ്മേളന കാലത്ത് സഭയിൽ തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കമെന്ന് എ പി അനിൽകുമാർ ഉന്നയിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ റൂളിംഗുകൾ ഉണ്ടായിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചത് ഉചിതമായില്ലെന്നുമാണ് അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിൽ വ്യക്തമാക്കിയത്.
നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുമ്പോൾ സഭാസമ്മേളന കാലയളവിലാണെങ്കിൽ അക്കാര്യം സഭയിൽതന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്വഴക്കമാണ് സഭയ്ക്കുള്ളതെന്ന് സ്പീക്കർ റൂളിംഗിനിടെ വ്യക്തമാക്കി. ഇതിന് മാതൃകയായി മുൻകാല റൂളിംഗുകളുണ്ട്. സംസ്ഥാനത്ത് വർഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കരത്തിന്റെ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് തികച്ചും ഭരണപരമായ നടപടി ആണെങ്കിൽ പോലും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തിൽ ആയിരിക്കുന്ന കാലയളവിൽ ഇക്കാര്യം സഭയിൽതന്നെ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിൽ ഉത്തമമായ മാതൃകയായേനെ എന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ഭാവിയിൽ ബന്ധപ്പെട്ടവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വെള്ളക്കരം കൂട്ടിയതിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസിന്റെ എം വിൻസെന്റാണ് നോട്ടീസ് നൽകിയത്. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് അടിയന്തിര പ്രമേയ നോട്ടീസിൽ പറയുന്നത്.
ചാർജ് വർധനവ് എഡിബിക്ക് വേണ്ടിയാണെന്ന് വിൻസെന്റ് ആരോപിച്ചു. എഡിബി നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് വെള്ളക്കരം കൂട്ടിയത്. ആരാച്ചാർക് ഉള്ള ദയ പോലും സർക്കാരിനില്ല. കിട്ടാത്ത വെള്ളത്തിന് ചാർജ് അടയ്ക്കേണ്ട സ്ഥിതിയാണെന്നും വിൻസെന്റ് കുറ്റപ്പെടുത്തി.
വാട്ടർ അഥോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തിയാണ് മന്ത്രി റോഷി അ?ഗസ്റ്റിൻ വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിച്ചത്. 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അഥോറിറ്റി നേരിടുന്നത്. 1263 കോടി കെ എസ് ഇ ബിക്ക് മാത്രം കൊടുക്കാൻ ഉണ്ട്. ജല ഉപയോഗത്തിൽ കുറവ് വരുത്താൻ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. നാല് പേരുള്ള ഒരു കുടുംബത്തിന് ശരാശരി 100 ലിറ്റർ വെള്ളം വേണോയെന്നും മന്ത്രി ചോദിച്ചു. വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ