ഷാഫി പറമ്പിലിനോട് അടുത്ത വർഷം തോൽക്കുമെന്ന്!റോജി എം. ജോണിനും എംഎൽഎ സനീഷ് ജോസഫിനും ഉപദേശവും;കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കർ;പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും ഷംസീർ; സ്പീക്കറുടെ പരാമർശത്തിൽ സഭ പ്രക്ഷുബ്ധം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം:ബ്രഹ്മപുരം പ്രശ്നത്തിൽ തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം.കൊച്ചി കോർപറേഷനിലെ വനിതാ കൗൺസിലർമാർക്കെതിരായ പൊലീസ് നടപടിയിൽ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്.ഇതിന് പിന്നലെ ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ സ്പീക്കർ നടത്തിയ പരാമർശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.
പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമർശനവും പരിഹാസവും.പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ,ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും മുന്നറിയിപ്പു നൽകി.
ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എൻ.ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു.പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ വ്യക്തമാക്കി.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.ബാനർ ഉയർത്തിയുള്ള സമരം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.ഷാഫി പറമ്പിലിന് പിന്നാലെ റോജി എം. ജോണിനെയും ചാലക്കുടി എംഎൽഎ സനീഷ് ജോസഫിനെയും സ്പീക്കർ ഉപദേശിച്ചു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
'ടി.ജെ.വിനോദ് എറണാകുളത്തെ ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്.ജനങ്ങൾ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാൽ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങൾ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങൾ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാർജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. 16ാം സഭയിൽ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോൽക്കും.അവിടെ തോൽക്കും'സ്പീക്കർ പറഞ്ഞു.
അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാട്.അതേസമയം മുതിർന്ന കോൺഗ്രസ് നേതാക്കളെ വരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.ഗൗരവം ഉള്ള വിഷയമാണിത്, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാൽ ആണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ കൗൺസിലിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.ഇതിന് ശേഷമാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് സ്പീക്കർ സഭയിൽ റൂളിങ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ