- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ സംഘർഷത്തിനിടെ അനുമതിയില്ലാതെ ദൃശ്യം പകർത്തി പ്രചരിപ്പിച്ചു; ഏഴു പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാരോട് വിശദീകരണം തേടി എ.എൻ.ഷംസീർ; ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി അംഗങ്ങൾക്കെതിരെ നടപടിയില്ലെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസിൽ വ്യക്തമാക്കി.
പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ സ്പീക്കറുടെ ചേംബർ ഉപരോധിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിനിടെ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നോട്ടീസ്. ഏഴു പ്രതിപക്ഷ സാമാജികരുടെ പിഎമാരോടാണ് സ്പീക്കർ എ.എൻ.ഷംസീർ വിശദീകരണം ആവശ്യപ്പെട്ടത്.
ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ നടപടിയില്ല. എം.വിൻസെന്റ്, ടി.സിദ്ദിഖ്, കെ.കെ.രമ, എം.കെ.മുനീർ, എ.പി.അനിൽകുമാർ, പി.കെ.ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ പിഎമാർക്കാണ് നോട്ടിസ് നൽകിയത്. അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസിൽ പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ നടപടി ഇല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സംഭവം അന്വേഷിച്ച ചീഫ് മാർഷൽ നൽകിയ റിപ്പോർട്ടിൽ ഇവരുടെയെല്ലാം പേരുകൾ പരാമർശിക്കുന്നതായി നോട്ടിസിൽ പറയുന്നു. അതീവ സുരക്ഷാമേഖലയിൽ ചട്ടവിരുദ്ധമായാണ് ദൃശ്യങ്ങൾ പകർത്തിയത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നോട്ടിസ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ നിയമസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. വിശദീകരണം ലഭിച്ചില്ലെങ്കിൽ ഒന്നും പറയാനില്ലെന്നു കണക്കാക്കി ചട്ടങ്ങൾ അനുശാസിക്കുന്ന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ അംഗങ്ങളെ മാറ്റാൻ ശ്രമിച്ചതോടെ സംഘർഷമായി. ഭരണപക്ഷ അംഗങ്ങൾ സ്പീക്കറുടെ സംരക്ഷണത്തിനെത്തി. സംഘർഷത്തിനിടെ കെ.കെ.രമയുടെ കൈയ്ക്ക് പരുക്കേറ്റു. പ്രതിപക്ഷത്തെ ഏഴ് എംഎൽഎമാർക്കെതിരെയും ഭരണപക്ഷത്തെ രണ്ട് എംഎൽഎമാർക്കെതിരെയും പൊലീസ് കേസെടുത്തു.
മറുനാടന്‍ മലയാളി ബ്യൂറോ